അഞ്ച് അറബ് രാഷ്ട്രങ്ങള്‍ പട്ടിണിയിലെന്ന് യു എന്‍ റിപ്പോര്‍ട്ട്

ലോകത്ത് കടുത്ത പട്ടിണി നേരിടുന്ന 20 രാഷ്ട്രങ്ങളില്‍ അടിയന്തര മാനുഷിക നടപടികള്‍ സ്വീകരിക്കണമെന്ന് യു എന്‍ ആവശ്യപ്പെട്ടു. ഈ 20 രാഷ്ട്രങ്ങളില്‍ സിറിയ, സുദാന്‍, യമന്‍, സോമാലിയ, ലബനാന്‍ എന്നീ അറബ് രാഷ്ട്രങ്ങളും ഉള്‍പ്പെടുന്നുണ്ട്. വേള്‍ഡ് ഫുഡ് പ്രോഗ്രാമും ഫുഡ് ആന്റ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷനും പുറത്തിറക്കിയ സംയുക്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത മൂന്നു മാസങ്ങളില്‍ (2022 ജൂണ്‍-സപ്തംബര്‍) 20 രാഷ്ട്രങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. യമന്‍, സോമാലിയ, അഫ്ഗാനിസ്താന്‍, എത്യോപ്യ, ദക്ഷിണ സുദാന്‍ എന്നിവിടങ്ങളില്‍ 7,50,000 പേര്‍ നിലവില്‍ പട്ടിണി നേരിടുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ദുരന്തപൂര്‍ണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന എത്യോപ്യ, നൈജീരിയ, ദക്ഷിണ സുദാന്‍, യമന്‍, സോമാലിയ, അഫ്ഗാനിസ്താന്‍ എന്നീ രാഷ്ട്രങ്ങളില്‍ അതീവ ജാഗ്രത അനിവാര്യമാണ്. യുക്രെയ്‌നിലെ സംഘര്‍ഷം പട്ടിണി വര്‍ധിപ്പിക്കുന്നതിന് കാരണമാകും- റിപ്പോര്‍ട്ടില്‍ പറയുന്നു.
