പ്രവാചകനിന്ദ: അപലപിച്ച് അറബ് പാര്‍ലമെന്റ്

മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷിയായ ബി ജെ പിയുടെ രണ്ടു വക്താക്കള്‍ നടത്തിയ നിരുത്തരവാദപരമായ പരാമര്‍ശങ്ങളെ കൈറോ ആസ്ഥാനമായുള്ള അറബ് പാര്‍ലമെന്റ് ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു. ഇത്തരം പ്രസ്താവനകള്‍ സഹിഷ്ണുതയുടെയും മതാന്തര സൗഹൃദ സംഭാഷണത്തിന്റെയും തത്വത്തിനു വിരുദ്ധമാണെന്ന് അറബ് പാര്‍ലമെന്റ് പറഞ്ഞു. അറബ് ലീഗിന്റെ നിയമനിര്‍മാണ സമിതിയും പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് അസഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ താല്‍പര്യമുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥരാണ് എന്നായിരുന്നു അറബ് ലീഗിന്റെ പരാമര്‍ശം. ഭാരതീയ ജനതാ പാര്‍ട്ടി വക്താവായിരുന്ന നൂപുര്‍ ശര്‍മയും പാര്‍ട്ടിയുടെ ഡല്‍ഹി യൂനിറ്റ് മീഡിയ ഹെഡ് നവീന്‍ ജിന്‍ഡാലുമാണ് പ്രവാചകനെ അവഹേളിച്ചും അപകീര്‍ത്തിപ്പെടുത്തിയും നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയത്. തുടര്‍ന്ന് വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായപ്പോള്‍ ബി ജെ പി കേന്ദ്ര നേതൃത്വം ഇരുവരെയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
