ആരാണ് ഔലിയാക്കള്‍? എന്താണ് കറാമത്ത്?
പി കെ മൊയ്തീന് സുല്ലമി

അല്ലാഹുവിന്റെ ഔലിയാക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമായി അറിയാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ. ‘വലിയ്യുല്ലാഹി’ എന്നതിന്റെ വിവക്ഷ ‘അല്ലാഹുവിന് ഇഷ്ടപ്പെട്ടവന്’ എന്നാണ്. അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടോ ഇല്ലേ എന്നു നമുക്ക് തീരുമാനിക്കുക സാധ്യമല്ല. എങ്കിലും, അവരുടെ ലക്ഷണങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെയും തിരുസുന്നത്തിലൂടെയും അവയെ അടിസ്ഥാനപ്പെടുത്തി അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു: ”അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ ഔലിയാക്കളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരുകയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍” (യൂനുസ് 62, 63). മേല്‍ വചനങ്ങളില്‍ 63-ാം വചനം വിശദീകരിച്ചുകൊണ്ട് ഇബ്നു ജരീറുത്ത്വബ്രി(റ) രേഖപ്പെടുത്തി: ”അവര്‍ അല്ലാഹു കല്പിച്ച നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടും അല്ലാഹു നിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞുകൊണ്ടും സൂക്ഷ്മത പാലിച്ചു ജീവിക്കുന്നവരാണ്” (ജാമിഉല്‍ ബയാന്‍, യൂനുസ് 63).
”അവന്റെ ഔലിയാക്കള്‍ ഭക്തന്മാരല്ലാതെ മറ്റാരുമല്ല” (അന്‍ഫാല്‍ 34). ഇബ്നു ഹജര്‍(റ) രേഖപ്പെടുത്തി: ”അല്ലാഹുവിന്റെ വലിയ്യ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവെക്കുറിച്ച് മനസ്സിലാക്കിയവരും അവനെ അനുസരിക്കുന്നതില്‍ പതിവാക്കിയവരും നിഷ്കളങ്കരായി അവനെ ആരാധിക്കുന്നവരുമാണ്” (ഫത്ഹുല്‍ബാരി 14:525).
സഅ്ദുദ്ദീനുത്തഫ്നാസാനി(റ) ഔലിയാക്കളെ പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുക: ”അല്ലാഹുവിന്റെ വലിയ്യ് എന്നു പറയപ്പെടുന്ന വ്യക്തി അല്ലാഹുവെക്കുറിച്ച് പഠിച്ചവരും അവന്റെ അനുസരണങ്ങളില്‍ നിഷ്ഠകള്‍ പുലര്‍ത്തുന്നവരും അവന് നിരോധിച്ച കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരും ദേഹേച്ഛകളോടും ഭൗതികമായ ആസ്വാദനങ്ങളോടും വിമുഖത കാണിക്കുന്നവരുമാണ്” (ശറഹുല്‍ അഖാഇദ, പേജ് 136).
മേല്‍ രേഖപ്പെടുത്തിയ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും അതിന്റെ വിശദീകരണങ്ങളില്‍ നിന്നും അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ പ്രസ്താവനകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അല്ലാഹുവിന്റെ ഔലിയാക്കള്‍ അല്ലാഹുവിന്റെ കല്പനകള് ജീവിതത്തില്‍ പുലര്‍ത്തി ജീവിക്കുന്നവരും അവന് നിരോധിച്ച കാര്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുന്നവരുമാണ് എന്നതാണ്. എന്നാല്‍ അറിവില്ലാത്ത സാധാരണക്കാര്‍ വിശ്വസിച്ചുപോരുന്നത്, അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നു പറയപ്പെടുന്നവര്‍ അത്ഭുതങ്ങള്‍ (കറാമത്തുകള്‍) കാണിക്കുന്ന ചില പ്രത്യേക വേഷം ധരിച്ച പ്രത്യേക കുടുംബത്തില്‍ പെട്ടവരാകുന്നു എന്നതാണ്. അത് ശരിയല്ല. കാരണം അത്ഭുതങ്ങള്‍ കാണിക്കല്‍ കറാമത്തല്ല.
ഇമാം ശാഫിഈ(റ)യുടെ പ്രസ്താവന ഇബ്നു കസീര്‍(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക. ഇമാം ശാഫിഈ(റ) പ്രസ്താവിച്ചു: ”ഒരാള്‍ വെള്ളത്തിനു മുകളിലൂടെ നടക്കുന്നതായോ വായുമണ്ഡലത്തിലൂടെ പറക്കുന്നതായോ കണ്ടാല്‍ പോലും അയാളുടെ ജീവിതം ഖുര്‍ആനിനും സുന്നത്തിനും അനുസൃതമാണെന്ന് നിങ്ങള്‍ നേരില്‍ കാണുന്നതുവരെ അയാള്‍ അല്ലാഹുവിന്റെ വലിയ്യാണെന്നതില് നിങ്ങള്‍ വഞ്ചിതരാകരുത്” (ഇബ്നു കസീര്‍ 1:378).

ഇബ്നു ഹജറി(റ)ന്റെ പ്രസ്താവന ഇപ്രകാരമാണ്: ”തീര്‍ച്ചയായും സാധാരണക്കാരില്‍ സ്ഥിരപ്പെട്ടിട്ടുള്ള ഒരു വിശ്വാസം അസാധാരണ സംഭവങ്ങള്‍ കാണിക്കുന്നവരെല്ലാം അല്ലാഹുവിന്റെ ഔലിയാക്കളാണെന്നതാണ്. ഈ വിശ്വാസം തെറ്റാണ്. തീര്‍ച്ചയായും അസാധാരണ സംഭവങ്ങള്‍ അസത്യവാദികളായ മാരണക്കാരന്റെയും ജ്യോത്സ്യന്റെയും പുരോഹിതന്റെയും കൈകളിലൂടെ വെളിപ്പെട്ടേക്കാം. അപ്രകാരം അസാധാരണ സംഭവങ്ങള്‍ വെളിപ്പെടുന്നത് ദീനിന്റെ വിധികള്‍ കൃത്യമായി പാലിക്കുന്നവനില്‍ നിന്നാണെങ്കില്‍ അംഗീകരിക്കാവുന്നതാണ്. അല്ലാത്തപക്ഷം അത് കറാമത്തായി അംഗീകരിക്കാവതല്ല” (ഫത്ഹുല്‍ബാരി 7:383). മാത്രവുമല്ല, കറാമത്തുകള്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ വെളിപ്പെടുത്താന്‍ കഴിയൂ. എന്താണ് കറാമത്ത്? ”അല്ലാഹു ആദരവ് എന്ന നിലയില്‍ സജ്ജനങ്ങളില്‍ ജീവിച്ചിരിക്കുന്നവരുടെ കൈകളിലൂടെ വെളിപ്പെടുത്തുന്ന അസാധാരണ സംഭവമാണ് കറാമത്ത്” (മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യത്തി, പേജ് 160). അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരു മുഅ്ജിസത്തു പോലും പ്രവാചകന്മാര്ക്ക് കൊണ്ടുവരാന്‍ സാധ്യമല്ല. അല്ലാഹു അരുളി: ”അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല” (ഇബ്റാഹീം 11).
ഇത്തരം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വേറെയും കാണാം. ഔലിയാക്കളേക്കാള് എത്രയോ ഉന്നതന്മാരാണ് പ്രവാചകന്മാര്. അവര്‍ക്ക് കഴിയാത്തത് എങ്ങനെ ഔലിയാക്കള്‍ക്കു സാധിക്കും? ശൈഖ് അബ്ദുല്ഖാദിരിയുടെ പ്രസ്താവനയും അപ്രകാരമാണ്. ശ്രദ്ധിക്കുക: ”അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളാണ് അവനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്” (ഗുന്യ 2:163). അഥവാ അവനില്‍ കറാമത്ത് സംഭവിപ്പിക്കുന്നത് അല്ലാഹുവാണ് എന്നാണ് മേല്പറഞ്ഞതിന്റെ താല്പര്യം. വിശുദ്ധ ഖുര്‍ആനില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും. അത് ഇപ്രകാരമാണ്: ”മിഹ്റാബില്‍ സകരിയ്യാ നബി(അ) അവരുടെ (മര്‍യമിന്റെ) അടുക്കല്‍ കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുക്കല്‍ എന്തെങ്കിലും ഭക്ഷണം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള് പറഞ്ഞു: അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു” (ആലുഇംറാന് 37). മര്‍യമി(അ)ന് അല്ലാഹുവിങ്കല്‍ നിന്നു കറാമത്തായി (അസാധാരണമായ നിലയില്‍) ഭക്ഷണം ലഭിച്ചിരുന്നു. അത് സത്യസായി ബാബ അന്തരീക്ഷത്തില്‍ നിന്നു വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കുന്നതുപോലെ മാജിക്കായിരുന്നില്ല. മറിച്ച്, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായമായിരുന്നു. അത് അവന് ഉദ്ദേശിക്കുമ്പോള്‍ മാത്രമേ സംഭവിക്കൂ. അതിന് ഖുര്‍ആനില്‍ വേറെയും തെളിവുകളുണ്ട്. യഥാര്‍ഥ ഔലിയാക്കള്‍ തനിക്ക് കറാമത്ത് എന്ന നിലയില്‍ അല്ലാഹുവിങ്കല്‍ നിന്നും വല്ല സഹായവും ലഭിക്കുന്നപക്ഷം അവരത് പരസ്യപ്പെടുത്തുകയില്ല. അവരത് മറച്ചുവെക്കും. അവരോടുള്ള കല്പനയും അപ്രകാരമാണ്. മുഹ്യുദ്ദീന്‍ ശൈഖി(റ)ന്റെ പ്രസ്താവന ശ്രദ്ധിക്കുക: ”ഒരാള്‍ വലിയ്യാകാനുള്ള നിബന്ധന കറാമത്ത് മറച്ചുവെക്കുക എന്നതാണ്” (അല്ഗുന്യാ 2:163). അഥവാ യഥാര്‍ഥ ഔലിയാക്കള്‍ കറാമത്ത് കച്ചവടം നടത്തുന്നവരല്ല എന്നാണ് മേല്‍പ്പറഞ്ഞതിന്റെ താല്പര്യം. ഇബ്നു ഹജര്‍(റ) രേഖപ്പെടുത്തുന്നു: ”അബൂബക്റുബ്നു ഫുറക് പ്രസ്താവിച്ചു: അമ്പിയാക്കന്മാര് മുഅ്ജിസത്തുകള്‍ വെളിപ്പെടുത്താന്‍ കല്പിക്കപ്പെട്ടവരാണ്. ഔലിയാക്കന്മാര് കറാമത്തുകള്‍ മറച്ചുവെക്കല്‍ നിര്‍ബന്ധവുമാണ്. തീര്‍ച്ചയായും അവര്‍ പരീക്ഷണങ്ങളില്‍ നിന്നു നിര്‍ഭയരല്ല” (ഫത്ഹുല്‍ബാരി 13:311).
ഇതുവരെ നാം രേഖപ്പെടുത്തിയതിന്റെ ചുരുക്കം: കറാമത്തുകള്‍ അല്ലാഹുവിനെ ഭയപ്പെട്ടും വഴിപ്പെട്ടും ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് അവര്‍ പ്രാര്‍ഥിക്കുന്ന സന്ദര്‍ഭത്തിലോ വിഷമിക്കുമ്പോഴോ അല്ലാഹുവിങ്കല്‍ നിന്ന് അപ്പപ്പോള്‍ ലഭിക്കുന്ന സഹായമാണ്. യഥാര്‍ഥ ഔലിയാക്കള്‍ അവര്‍ക്ക് ലഭിക്കുന്ന കറാമത്തുകള്‍ മറച്ചുവെക്കുന്നതായിരിക്കും. ഇനി ഈ അടുത്ത കാലത്ത് സി എം മടവൂരിനെ സംബന്ധിച്ച് സമസ്തയിലെ ചില പുരോഹിതന്മാര് പറഞ്ഞു പ്രചരിപ്പിക്കുന്ന കറാമത്തുകള്‍ ഹൈന്ദവ പുരാണങ്ങളെയും മറ്റു യക്ഷിക്കഥകളെയും തോല്പിക്കുന്ന വിധത്തിലുള്ള അസംഭവ്യ കഥകളാണ്. അത് കേട്ടാല്‍ ഈ ലോകത്തിന് മറ്റൊരു ദൈവത്തിന്റെ ആവശ്യമില്ല എന്നാണ് തോന്നുക. ഇതാണ് ഇവര്‍ മനസ്സിലാക്കിയ ഇസ്ലാമെങ്കില്‍ ഈ സമുദായത്തില്‍ നിന്ന് ഇനിയും ധാരാളം പേര് നിരീശ്വര-നിര്‍മത പ്രസ്ഥാനത്തിലേക്ക് വഴിമാറിപ്പോകാനാണ് സാധ്യത.
ജദ്ബിന്റെ അവസ്ഥ
താനാളൂരിനടുത്ത പകരയിലുള്ള ഒരു പുരോഹിതന് സി എം മടവൂരിന്റെ കറാമത്തുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”ഈ ലോകം നിയന്ത്രിക്കുന്നത് സി എമ്മാണ്. വിമാനങ്ങള്‍ പരസ്പരം കൂട്ടിമുട്ടാത്തത് സി എം ഖബ്റില്‍ കിടന്ന് നിയന്ത്രിക്കുന്നതുകൊണ്ടാണ്. മരണസന്ദര്‍ഭത്തില്‍ സി എം, സി എം, സി എം എന്നു പറഞ്ഞാല്‍ മതി. സി എമ്മിന് ഒരുപാട് ശരീരങ്ങളുണ്ട്. അദ്ദേഹം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. ഹോട്ടല്ക്കാരന് പണം ചോദിച്ചു. അതിനാല്‍ ഹോട്ടല്‍ കത്തിച്ചു”.
ഇതേ പ്രകാരം മറ്റു പല പുരോഹിതന്മാരും സി എമ്മിനെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. യഥാര്‍ഥത്തില്‍ സി എം എന്ന വ്യക്തി ഒരു മനോരോഗിയായിരുന്നു. അദ്ദേഹം നമസ്കാരമോ നോമ്പോ അനുഷ്ഠിക്കാറുണ്ടായിരുന്നില്ലയെന്നത് അദ്ദേഹത്തിന്റെ ചരിത്ര പുസ്തകം വായിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. അക്കാര്യത്തില്‍ സമസ്തയുടെ സ്ഥിരം പ്രസംഗകനായിരുന്ന മര്‍ഹൂം സെയ്ദ് മുഹമ്മദ് നിസാമിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”നമസ്കരിക്കാത്ത സി എമ്മിനെ നമസ്കരിക്കുന്ന ചില അജ്ഞാനികളായ ആളുകള്‍ പിന്തുടര്ന്നു നടക്കുന്നതും നമസ്കാരം ഉപേക്ഷിക്കുന്നതും കണ്ടപ്പോള്‍ മനപ്രയാസം തോന്നി” (സ്വൂഫികളുടെ പാത, പേജ് 63).
ജദ്ബിന്റെ (ഉന്മാദം) അവസ്ഥയില്‍ ഔലിയാക്കള്‍ക്ക് നമസ്കാരവും മറ്റു നിര്‍ബന്ധ കര്‍മങ്ങളും നിര്‍ബന്ധമില്ല എന്നതാണ് സമസ്തയുടെ ഫത്വ. അമ്പലക്കടവ് അബ്ദുല്‍ഹമീദ് ഫൈസിയുടെ ഫത്വ ശ്രദ്ധിക്കുക: ”മതശാസനകളില്‍ നിന്നൊഴിവാകുന്നത് ജദ്ബിന്റെ അവസ്ഥയില്‍ മാത്രമാണ്. ഈ അവസ്ഥയില്‍ വലിയ്യിന് ബുദ്ധിയുണ്ടാവില്ല” (ഹിക്മത്ത് വാരിക, 1985 ജൂണ്‍ 3).
ഇന്നത്തെ ഡ്യൂപ്ലിക്കേറ്റ് ഔലിയാക്കന്മാരെക്കാള് എത്രയോ ഉന്നതന്മാരായ ഔലിയാക്കളായിരുന്നു സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട നാലു ഖലീഫമാര്‍. അവരാരും തന്നെ തഖ്വ കൂടി ബുദ്ധി നഷ്ടപ്പെട്ട് ഉന്മാദാവസ്ഥയില് നമസ്കാരവും നോമ്പും മറ്റു സത്കര്‍മങ്ങളും ഉപേക്ഷ വരുത്തുന്നവരായിരുന്നില്ല. മറ്റു ചില ഭോഷന്മാരായ പുരോഹിതന്മാര് പ്രചരിപ്പിക്കാറുള്ളത് അവര്‍ക്ക് ഒന്നിലധികം ശരീരമുണ്ട്, അവര്‍ നമസ്കരിക്കുന്നത് കാണുകയില്ല എന്നാണ്. ഇതൊക്കെ ത്വരീഖത്തുകാരും ശിയാക്കളും സ്വൂഫികളും നിര്‍മിച്ചതാണ്.
ഔലിയാക്കള്‍ക്ക് 40 ശരീരമുണ്ടെങ്കില്‍ ഏത് ശരീരമാണ് ഖബറില്‍ വെക്കുക? അവര്‍ തിന്നുന്നതും കുടിക്കുന്നതും വിസര്‍ജിക്കുന്നതും നാം കാണുന്നുണ്ടല്ലോ. നമസ്കരിക്കാറില്ല, അതുകൊണ്ട് നാം അവരുടെ നമസ്കാരം കാണാറുമില്ല, അതാണ് ശരി. മരണസന്ദര്‍ഭത്തില്‍ ശഹാദത്ത് ചൊല്ലാനും ചൊല്ലിക്കൊടുക്കാനുമാണ് നബി(സ)യുടെ കല്പന. അത് ശ്രദ്ധിക്കുക: ”ആരുടെ അവസാന വാക്ക് ലാഇലാഹ ഇല്ലല്ലാഹ് ആയോ അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്” (ബുഖാരി).
സമസ്തയുടെ പുരോഹിതന് ‘മരണസമയത്ത് സി എം, സി എം, സി എം എന്നു പറഞ്ഞാല്‍ മതി’ എന്നു പറഞ്ഞത് ധിക്കാരത്തില്‍ കവിഞ്ഞ ജഹാലത്താണ്. ഹോട്ടലുകാരന് സി എമ്മിനോട് കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചപ്പോള്‍ ഹോട്ടല്‍ കത്തിച്ചെന്നത് അല്ലാഹുവിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണ്. കാരണം അന്യായമായ നിലയില്‍ മറ്റുള്ളവരുടെ സമ്പത്ത് ഭക്ഷിക്കല്‍ അല്ലാഹു നിരോധിച്ച കാര്യമാണ്. അല്ലാഹു അരുളി: ‘സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്തുതിന്നരുത്” (നിസാഅ് 29).
കറാമത്ത് എന്നതിന്റെ അര്‍ഥം ആദരവ് എന്നാണ്. അത് അല്ലാഹുവിങ്കല്‍ നിന്ന് അവന് ഉദ്ദേശിക്കുമ്പോള്‍ മാത്രമേ ഉണ്ടാകൂ. അല്ലാഹുവിങ്കല്‍ നിന്ന് ആദരവ് ലഭിച്ച ഒരു മഹതിയായിരുന്നു ഈസാ നബി(അ)യുടെ മാതാവായ മര്‍യം(അ). അവര്‍ വിഷമിച്ച സന്ദര്‍ഭത്തില്‍ ഒരു ജലാശയം ഒരുക്കിവെച്ചതും ഭക്ഷണമായി ഈത്തപ്പഴം സജ്ജീകരിച്ചതും സൂറഃ മര്‍യം 24, 25 വചനങ്ങളില്‍ അല്ലാഹു അരുളിയിട്ടുണ്ട്. കറാമത്തിന്റെ ഉടമസ്ഥനും അല്ലാഹുവാണെന്ന് അതില്‍ നിന്നു നമുക്ക് തീര്‍ത്തും മനസ്സിലാക്കാവുന്നതാണ്.
ഈ ലോകം നിയന്ത്രിക്കുന്നത് സി എമ്മല്ല, അല്ലാഹുവാണ്. ഈ ലോകം നിയന്ത്രിക്കുന്നത് സി എമ്മാണെന്ന വാദം അല്ലാഹുവിന്റെ ദാത്തില്‍ (സത്തയില്‍) പങ്കുചേര്‍ക്കലാണ്. കാരണം, ഈ ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്ന് മുശ്രിക്കുകള്‍ പോലും സമ്മതിച്ചിരുന്നു. നിരവധി വചനങ്ങള്‍ ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ”പറയുക: ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്കുന്നതാരാണ്? (നബിയേ, മുശ്രിക്കുകളോട് ചോദിക്കുക). അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ (മുശ്രിക്കുകള്‍) പറയും, അല്ലാഹു എന്ന്” (യൂനുസ് 31).
വിമാനം മാത്രമല്ല അല്ലാഹു നിയന്ത്രിക്കുന്നത്. പക്ഷികളെയും നിയന്ത്രിക്കുന്നത് അവനാണ്. അല്ലാഹു അരുളി: ”അവര്‍ക്ക് മുകളില്‍ ചിറകു വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചുകൊണ്ടും പറക്കുന്ന പക്ഷികളുടെ നേരെ അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങിനിര്‍ത്തുന്നില്ല” (മുല്‍ക് 19). സമസ്തക്കാരുടെ കാര്യം കഷ്ടം തന്നെ!
