23 Thursday
October 2025
2025 October 23
1447 Joumada I 1

ഈ പോക്ക് സൗഹൃദത്തിന്റെ മരണമണിയാവും

തന്‍സീം ചാവക്കാട്‌

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഖ്യാതിയില്‍ വിദേശ യാത്രികരുടെ പറുദീസയായ കേരളത്തിലേക്ക് വരാന്‍ ടൂറിസ്റ്റുകള്‍ ലജ്ജ കാണിക്കുന്നത് കേരളത്തിലെ സാമൂഹിക ധ്വംസനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ്. കേരളീയരായ നമുക്കു പോലും പൊരുത്തപ്പെടാന്‍ സാധിക്കാത്ത രീതിയില്‍ തെരുവോരങ്ങളില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ആര്‍ക്കൊക്കെയാണ് പങ്കുള്ളത് എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്തേണ്ടത് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാമ്പസുകളില്‍ ചൂടുപിടിക്കുന്ന രാഷ്ട്രീയം ചുമലില്‍ ഇരിക്കുന്ന കുട്ടിയി ല്‍ പോലും പരസ്പര വിദ്വേഷത്തിന്റെ വിത്തു പാകുന്നുവെങ്കില്‍ ഇനിയും കണ്ണടക്കാന്‍ നാം തയ്യാറായിക്കൂടാ. ആയുധമേന്തി ഖബര്‍സ്ഥാന്‍ ഓര്‍മിപ്പിക്കുന്നവരുടെ രാഷ്ട്രീയവും മറ്റൊന്നല്ല. വിശിഷ്യാ ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ നീക്കുപോക്കുകള്‍ക്ക് തടയിടേണ്ടത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഏറെ അത്യന്താപേക്ഷിതമാണ്. വരുംകാലത്തെ പ്രതീക്ഷകളാകേണ്ട കുരുന്നുമക്കളെ ആയുധമേന്താനല്ല പരിശീലിപ്പിക്കേണ്ടത്, വര്‍ഗീയതയുടെ വിഷം കലര്‍ന്ന മുദ്രാവാക്യങ്ങളല്ല അവര്‍ക്ക് വേണ്ടത്. കാലത്തിന്റെ കാലൊച്ച കേട്ട് ധാര്‍മികമായ വിദ്യാഭ്യാസ അവസരങ്ങളിലൂടെ നല്ലൊരു പൗരനാക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇനിയും കേരളത്തിന്റെ വര്‍ഗീയ വിഷലിപ്തതകളില്‍ കുരുന്നുമക്കള്‍ ഇരയാകാതിരിക്കട്ടെ. മതേതരത്വവും മതസൗഹാര്‍ദവും നിലനില്‍ക്കട്ടെ.

Back to Top