22 Sunday
December 2024
2024 December 22
1446 Joumada II 20

ആദ്യം നിന്നും പിന്നെ ഇരുന്നും നമസ്‌കരിക്കാമോ?

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാം പ്രകൃതിമതമാണ്. ഇതില്‍ നിര്‍വഹിക്കാന്‍ പ്രയാസപ്പെടുന്ന ഒരു കര്‍മവുമില്ല. അല്ലാഹു അരുളി: ”മതകാര്യത്തില്‍ യാതൊരു പ്രയാസവും അവന്‍ നിങ്ങളുടെ മേല്‍ ചുമത്തിയിട്ടില്ല” (ഹജ്ജ് 78). മറ്റൊരു വചനം ഇപ്രകാരമാണ്: ”അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക” (തഗാബുന്‍ 16). ഇതേ ആശയങ്ങളിലുള്ള മറ്റു വചനങ്ങളും വിശുദ്ധ ഖുര്‍ആനില്‍ ദര്‍ശിക്കാവുന്നതാണ്. അതിന്റെയൊക്കെ താല്‍പര്യം, എങ്ങനെയെങ്കിലും നാം ഉദ്ദേശിക്കുന്ന വിധത്തില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാം എന്നതല്ല. മറിച്ച്, ഇസ്‌ലാമിന്റെ ലാളിത്യവും വിശാലതയും എളുപ്പവുമാണ് മേല്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ കൃത്യമായും പ്രവാചക ചര്യയ്ക്ക് അനുസൃതമാവേണ്ടതുണ്ട്. അല്ലാഹു അരുളി: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അഥവാ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (അഹ്‌സാബ് 21).
മറ്റൊരു വചനം: ”നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അവന്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക” (ഹശ്ര്‍ 7). നമസ്‌കാരം, ഹജ്ജ് പോലുള്ള കര്‍മങ്ങളുടെ കൃത്യമായ രൂപം നബി(സ) ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതനുസരിച്ചാണെങ്കില്‍ മാത്രമേ അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കുകയുള്ളൂ. നബി(സ) പറഞ്ഞു: ”ഞാന്‍ നമസ്‌കരിക്കുന്നത് നിങ്ങള്‍ ഏതു രൂപത്തില്‍ കണ്ടുവോ അതുപോലെ നിങ്ങളും നമസ്‌കരിക്കുക” (ബുഖാരി). ഹജ്ജ് കര്‍മത്തെ സം ബന്ധിച്ച് നബി(സ) പ്രസ്താവിച്ചു: ”നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്നു നിങ്ങള്‍ സ്വീകരിക്കുക” (ബുഖാരി). നിന്ന് നമസ്‌കരിക്കാന്‍ സാധിക്കുന്നവര്‍ നിന്നുതന്നെ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. അതിന് കഴിയാത്തവര്‍ ഇരുന്നും അതിനും കഴിയാത്തവര്‍ കിടന്നും നമസ്‌കരിക്കേണ്ടതാണ്. ഇരുന്നും നിന്നും നമസ്‌കരിക്കലോ, ഇരുന്നും കിടന്നും നമസ്‌കരിക്കലോ നബിചര്യയില്‍ പെട്ടതല്ല. കഴിയുമെങ്കില്‍ നിന്നും അതിനു സാധിക്കാത്തവര്‍ ഇരുന്നും അതിനും സാധിക്കാത്തവര്‍ കിടന്നും നമസ്‌കരിക്കേണ്ടതാണ്. നിന്നാണോ ഇരുന്നാണോ നമസ്‌കരിക്കുന്നതെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം നമസ്‌കരിക്കല്‍ നബി(സ)യുടെ ചര്യയില്‍ പെട്ടതല്ല. നബി(സ) അരുളി: ”നിന്ന് നമസ്‌കരിക്കുക. അതിനു കഴിയാത്തപക്ഷം ഇരുന്നു നമസ്‌കരിക്കുക. അതിനും നിനക്ക് കഴിയാത്തപക്ഷം നീ കിടന്ന് നമസ്‌കരിക്കുക” (ബുഖാരി 1117).
മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജര്‍(റ) വിശദീകരിക്കുന്നു: ”കഴിയാത്തവര്‍ എന്ന നിഷേധം നിന്ന് നമസ്‌കരിക്കാന്‍ വളരെയധികം പ്രയാസപ്പെടുന്നവരെ സംബന്ധിച്ചാണെന്ന് ഇമാം ശാഫിഈ(റ) പ്രസ്താവിച്ചിരിക്കുന്നു” (ഫത്ഹുല്‍ബാരി 2:728). നബി(സ) തനിക്ക് കഴിയാവുന്ന കാലമത്രയും നിന്നായിരുന്നു നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. എന്നാല്‍ നബി(സ)യുടെ ശരീരം തടിക്കുകയും ഭാരം കൂടുകയും ചെയ്തപ്പോഴാണ് അവിടന്ന് ഇരുന്നു നമസ്‌കരിക്കാന്‍ തുടങ്ങിയത്. അതും സുന്നത്ത് നമസ്‌കാരങ്ങളായിരുന്നു അധികവും. താഴെ വരുന്ന ഹദീസ് അക്കാര്യം തെളിയിക്കുന്നു. ”നബി(സ) തടി കൂടുകയും ഭാരം വര്‍ധിക്കുകയും ചെയ്തപ്പോള്‍ അവിടത്തെ അധിക നമസ്‌കാരങ്ങളും ഇരുന്നുകൊണ്ടായിരുന്നു നിര്‍വഹിച്ചിരുന്നത്” (സ്വഹീഹ് മുസ്‌ലിം 3:465). പ്രസ്തുത ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തി: ”സുന്നത്ത് നമസ്‌കാരം നില്‍ക്കാന്‍ കഴിവുള്ളവര്‍ക്കും ഇരുന്നു നമസ്‌കരിക്കാവുന്നതാണെന്ന് ഹദീസില്‍ തെളിവുണ്ട്” (ശറഹു മുസ്‌ലിം 3:267).
മാത്രവുമല്ല, കഴിവുള്ളവര്‍ക്കും സുന്നത്ത് നമസ്‌കാരങ്ങള്‍ ഇരുന്നു നിര്‍വഹിക്കാവുന്നതാണെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്: ”ഇംറാനുബ്‌നു ഹുസൈന്‍(റ) നബി(സ)യോട് ചോദിക്കുകയുണ്ടായി, ഒരാള്‍ ഇരുന്ന് നമസ്‌കരിക്കുന്ന അവസ്ഥയെക്കുറിച്ച്. അപ്പോള്‍ അവിടന്ന് പറഞ്ഞു: നിന്ന് നമസ്‌കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. എന്നാല്‍ വല്ലവനും (സുന്നത്ത് നമസ്‌കാരം) ഇരുന്നു നമസ്‌കരിക്കുന്നപക്ഷം അവന് നിന്നു നമസ്‌കരിക്കുന്നവന്റെ പകുതി പ്രതിഫലമുണ്ട്” (ബുഖാരി 115, ഫത്ഹുല്‍ബാരി 3:724). മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”ഇരുന്ന് (സുന്നത്ത്) നമസ്‌കരിക്കുന്നവന്റെ പ്രതിഫലം നിന്ന് നമസ്‌കരിക്കുന്നവന്റെ പകുതിയാണ്” (അഹ്മദ്, ഫത്ഹുല്‍ബാരി 3:726).
എന്നാല്‍ ഒരു മുസ്‌ലിം ശാരീരിക ദുര്‍ബലത കൊണ്ടാണ് ഇരുന്നു നമസ്‌കരിക്കുന്നതെങ്കില്‍ അവന് നിന്നു നമസ്‌കരിക്കുന്നവന്റെ പ്രതിഫലമുണ്ട്. അവിടെ നിര്‍ബന്ധമെന്നോ സുന്നത്തെന്നോ പരിഗണനയില്ല. ഇമാം നവവി(റ)യുടെ പ്രസ്താവന: ”എന്നാല്‍ ഒരാള്‍ സുന്നത്ത് നമസ്‌കാരം ഇരുന്നുകൊണ്ട് നിര്‍വഹിക്കുന്നത് ശാരീരികമായ ദുര്‍ബലത കൊണ്ടാണെങ്കില്‍ അയാള്‍ക്ക് പ്രതിഫലത്തില്‍ കുറവു വരുന്നതല്ല. അയാള്‍ക്ക് നിന്ന് നമസ്‌കരിക്കുന്നവന്റെ പ്രതിഫലമുണ്ട്. എന്നാല്‍ ഒരാള്‍ നില്‍ക്കാന്‍ കഴിവുണ്ടായിട്ടും ഇരുന്നാണ് ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കുന്നതെങ്കില്‍ അയാളുടെ നമസ്‌കാരം സ്വീകാര്യയോഗ്യമല്ല. പക്ഷേ ഒരാള്‍ ഇരുന്നുകൊണ്ട് ഫര്‍ദ് നമസ്‌കരിക്കുന്നത് അയാളുടെ ശാരീരികമായ ദൗര്‍ബല്യം കൊണ്ടാണെങ്കില്‍ അയാള്‍ക്ക് നിന്ന് നമസ്‌കരിക്കുന്നവന്റെ പ്രതിഫലമുണ്ട്” (ശറഹു മുസ്‌ലിം 3:268).
നിന്ന് നമസ്‌കരിക്കുന്നവനായാലും ഇരുന്നു നമസ്‌കരിക്കുന്നവനായാലും, നില്‍ക്കുന്നവന്‍ നിന്നു നമസ്‌കരിക്കുന്നവന്‍ ചെയ്യുന്നതുപോലെ റുകൂഉം സുജൂദും അത്തഹിയ്യാത്തുകളും നിര്‍വഹിക്കേണ്ടതാണ്. ഇരുന്നു നമസ്‌കരിക്കുന്നവന്‍ ഇരുന്നുകൊണ്ടുതന്നെ റുകൂഉും സുജൂദും അത്തഹിയ്യാത്തുകളും നിര്‍വഹിക്കേണ്ടതാണ്. അങ്ങനെയാണ് നബി(സ)യുടെ ചര്യ. ഇന്ന് അധികപേരും പ്രവര്‍ത്തിച്ചുവരുന്നത് നബി(സ)യുടെ ചര്യക്ക് വിരുദ്ധമായിട്ടാണ്. അഥവാ ഇരുന്ന് നമസ്‌കരിക്കുന്ന വ്യക്തി ആദ്യം നില്‍ക്കുകയും, ഫാതിഹയും സൂറത്തും കഴിഞ്ഞതിനു ശേഷം റുകൂഇനും സുജൂദിനും അത്തഹിയ്യാത്തുകള്‍ക്കും വേണ്ടി ഇരിക്കുകയും, ഇരുന്നുകൊണ്ട് റുകൂഉം സുജൂദും അത്തഹിയ്യാത്തുകളും നിര്‍വഹിക്കുകയും ചെയ്യുന്നു. ഫലത്തില്‍ ഇയാള്‍ നമസ്‌കരിക്കുന്നത് ഇരുന്നാണോ നിന്നാണോ എന്നതും വ്യക്തമല്ല.
ഇപ്രകാരം റുകൂഇനും സുജൂദിനും അത്തഹിയ്യാത്തുകള്‍ക്കും വേണ്ടി ഇരിക്കുകയും, ഫാതിഹയും സൂറത്തും നിര്‍വഹിക്കാന്‍ വേണ്ടി മാത്രം നില്‍ക്കുകയും ചെയ്യുന്ന ഒരു നമസ്‌കാര രൂപം നബി(സ)യില്‍ നിന്നു വന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. മറിച്ച്, നിന്ന് നമസ്‌കരിക്കുന്നവര്‍ നില്‍ക്കുന്നവന്‍ ചെയ്യുന്ന രൂപത്തില്‍ തന്നെ റുകൂഉും സുജൂദും അത്തഹിയ്യാത്തുകളും നിര്‍വഹിക്കേണ്ടതാണ്. ഇരുന്ന് നമസ്‌കരിക്കുന്നവന്‍ ഇരുന്നുകൊണ്ടുതന്നെ റുകൂഉം സുജൂദും അത്തഹിയ്യാത്തുകളും നിര്‍വഹിക്കുകയെന്നതാണ് നബിചര്യ.
നബി(സ) ചില സുന്നത്ത് നമസ്‌കാരങ്ങള്‍ ഇരുന്നുകൊണ്ട് നിര്‍വഹിക്കുമായിരുന്നു. നബി(സ) കുറേ സമയം ഖുര്‍ആന്‍ ഓതിയതിനു ശേഷം നിന്ന് നമസ്‌കരിക്കാന്‍ കഴിയുമോ എന്ന പരീക്ഷണാര്‍ഥം നില്‍ക്കുകയും ഖുര്‍ആന്‍ ദീര്‍ഘമായി പാരായണം ചെയ്തതിനു ശേഷം റുകൂഇലേക്കും സുജൂദിലേക്കും പോകുമായിരുന്നു. അവിടെയൊന്നും റുകൂഉം സുജൂദും ചെയ്യാന്‍ വേണ്ടി ഇരിക്കാറില്ലായിരുന്നു. താഴെ വരുന്ന ഹദീസ് അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു: ”ആഇശ(റ) പ്രസ്താവിച്ചു: നബി(സ) ഇരുന്ന് (രാത്രി) നമസ്‌കാരം നിര്‍വഹിക്കുമായിരുന്നു. അവിടന്ന് ദീര്‍ഘനേരം ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. അങ്ങനെ മുപ്പതോ നാല്‍പതോ വചനങ്ങള്‍ ഓതിക്കഴിഞ്ഞാല്‍ നബി(സ) എഴുന്നേറ്റുനിന്നുകൊണ്ട് ദീര്‍ഘനേരം ഓതുകയും, നിന്ന് നമസ്‌കരിക്കുന്നവന്‍ ചെയ്യുന്ന അവസ്ഥയില്‍ തന്നെ റുകൂഉം സുജൂദും നിര്‍വഹിക്കുമായിരുന്നു” (ബുഖാരി, സ്വഹീഹു മുസ്‌ലിം 3:264).
ഒരാള്‍ക്ക് കഴിയുമെങ്കില്‍ രണ്ടു റക്അത്ത് നിന്നും രണ്ടു റക്അത്ത് ഇരുന്നും നിര്‍വഹിക്കാവുന്നതാണ്. പക്ഷേ, അതിലെ റുകൂഉം സുജൂദും നില്‍ക്കുന്നവന്‍ നിന്നു നമസ്‌കരിക്കുന്നവന്‍ നിര്‍വഹിക്കേണ്ട അവസ്ഥയിലും ഇരുന്നു നമസ്‌കരിക്കുന്നവന്‍ ഇരുന്നുകൊണ്ടുതന്നെ റുകൂഉം സുജൂദും നിര്‍വഹിക്കേണ്ടതാണ്. ഫത്ഹുല്‍ ബാരിയില്‍ ആ വിഷയത്തില്‍ ഒരു അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ ഇപ്രകാരം കാണാവുന്നതാണ്. ഹസന്‍(റ) പ്രസ്താവിച്ചു: ”ഒരു രോഗി ആഗ്രഹിക്കുന്നപക്ഷം നാലു റക്അത്തുള്ള നമസ്‌കാരം രണ്ടു റക്അത്ത് ഇരുന്നും രണ്ട് റക്അത്ത് നിന്നും ആകാവുന്നതാണ്. രോഗി ആശിക്കുന്നപക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിര്‍ബന്ധ നമസ്‌കാരമാണ്” (ഫത്ഹുല്‍ബാരി 3:731).
ഇവിടെയൊന്നും റുകൂഉം സുജൂദും അത്തഹിയ്യാത്തുകളും നിര്‍വഹിക്കാന്‍ മറ്റു രൂപങ്ങളില്ല. നില്‍ക്കുന്നവന്‍ നിന്ന് നമസ്‌കരിക്കുന്നവന്റെ അവസ്ഥയിലും ഇരുന്നു നമസ്‌കരിക്കുന്നവന്‍ അതേ അവസ്ഥയിലും മേല്‍പറഞ്ഞവ നിര്‍വഹിക്കേണ്ടതാണ്. നബി(സ) അധികവും ചമ്രം പടിഞ്ഞായിരുന്നു നമസ്‌കരിച്ചിരുന്നത്. അന്ന് ഇന്നത്തെപ്പോലെ കസേരയോ സ്റ്റൂളോ ഉണ്ടായിരുന്നില്ല. ”ആഇശ(റ) പ്രസ്താവിച്ചു: നബി(സ) ചമ്രം പടിഞ്ഞിരുന്ന് നമസ്‌കരിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി” (നസാഈ). കസേരയില്‍ ഇരുന്ന് നമസ്‌കരിക്കുന്നവര്‍ റുകൂഇന് അല്‍പവും സുജൂദിന് അതിനേക്കാള്‍ കൂടുതലും കുനിയേണ്ടതാണ്. അത്തഹിയ്യാത്തുകള്‍ അതേ ഇരുത്തത്തില്‍ നിര്‍വഹിക്കേണ്ടതുമാണ്.
നബി(സ) നിന്നു നമസ്‌കരിക്കുമ്പോള്‍ നില്‍ക്കുന്നവന്‍ ചെയ്യുന്ന രൂപത്തില്‍ റുകൂഉം സുജൂദും അത്തഹിയ്യാത്തുകളും നിര്‍വഹിക്കും. ഇരുന്ന് നമസ്‌കരിക്കുന്നപക്ഷം അതേ അവസ്ഥയിലും മേല്‍പറഞ്ഞവ നിര്‍വഹിച്ചിരുന്നതായിട്ടാണ് പ്രമാണങ്ങളില്‍ വന്നിട്ടുള്ളത്: ”ആഇശ(റ) പ്രസ്താവിച്ചു: നബി(സ) രാത്രി ദീര്‍ഘമായി നമസ്‌കരിക്കുമായിരുന്നു. നിന്ന് നമസ്‌കരിക്കുന്നപക്ഷം നില്‍ക്കുന്നവന്‍ ചെയ്യുന്ന രൂപത്തില്‍ റുകൂഅ് നിര്‍വഹിക്കും. ഇരുന്ന് നമസ്‌കരിക്കുന്നപക്ഷം ഇരുന്നുകൊണ്ടുതന്നെ റുകൂഅ് നിര്‍വഹിക്കും” (സ്വഹീഹ് മുസ്‌ലിം 3:263).
”നബി(സ) നിന്ന് നമസ്‌കരിക്കുന്നപക്ഷം നിന്ന് നമസ്‌കരിക്കുന്നവന്‍ ചെയ്യുന്നതുപോലെ റുകൂഉം സുജൂദും നിര്‍വഹിക്കും. ഇരുന്ന് നമസ്‌കരിക്കുന്നപക്ഷം ഇരുന്നുകൊണ്ടുതന്നെ റുകൂഉം സുജൂദും നിര്‍വഹിക്കും” (മുസ്‌ലിം 730, സ്വഹീഹു മുസ്‌ലിം 3:267). അഥവാ ഇന്നത്തേതുപോലെ ഫാതിഹയും സൂറത്തും നിന്ന് നിര്‍വഹിക്കുകയും സുജൂദും റുകൂഉും അത്തഹിയ്യാത്തുകളും ഇരുന്നു നിര്‍വഹിക്കുകയും ചെയ്യുന്ന സമ്പ്രദായം നബി(സ) പഠിപ്പിച്ചിട്ടില്ല. ഇമാം ഇരുന്ന് നമസ്‌കരിക്കുന്നപക്ഷം മഅ്മൂമുകളും ഇരിക്കേണ്ടതാണ്. അത് സ്വഹീഹായ ഹദീസില്‍ സ്ഥിരപ്പെട്ടതാണ്.

Back to Top