ഹമാസ് സാമ്പത്തിക ശൃംഖലക്കെതിരെ യു എസിന്റെ ഉപരോധം

ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിന്റെ സാമ്പത്തിക കാര്യ വക്താക്കള്‍ക്കും ഔദ്യോഗിക സാമ്പത്തിക സഹായികളുടെയും കമ്പനികളുടെയും ശൃംഖലക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. ഫലസ്തീന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് വിവിധ കമ്പനികള്‍ക്കും വിവിധ സാമ്പത്തിക സഹായകര്‍ക്കും യു എസ് നിരോധനമേര്‍പ്പെടുത്തിയത്. സുഡാന്‍, തുര്‍ക്കി, സുഊദി അറേബ്യ, അല്‍ജീരിയ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെ, 500 മില്യണിലധികം മൂല്യം ആസ്തിയുള്ള ഹമാസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസിനെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഉപരോധമെന്ന് സ്‌റ്റേറ്റ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഗസ്സാ മുനമ്പില്‍ ഭരണം നടത്തുന്നത് ഹമാസാണ്. ഇസ്‌റാഈലും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും ഹമാസിനെ തീവ്രവാദ ഗ്രൂപ്പായാണ് കണക്കാക്കുന്നത്. അമേരിക്കയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഹമാസ് ഉദ്യോഗസ്ഥനായ സമി അബൂസുഹ്‌റ രംഗത്തെത്തിയിട്ടുണ്ട്.
