സിറിയയില്‍ ഉടന്‍ സൈനിക നടപടി ഉണ്ടാകുമെന്ന് ഉര്‍ദുഗാന്‍

സിറിയയില്‍ പുതിയ സൈനിക നടപടി ആരംഭിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള രണ്ട് പ്രദേശങ്ങളെ ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തുര്‍ക്കി- സിറിയന്‍ അതിര്‍ത്തിയില്‍ വീണ്ടും പോരാട്ടത്തിന്റെ ഭയാന്തരീക്ഷം സൃഷ്ടിക്കുന്നതാണ് തുര്‍ക്കിയുടെ തീരുമാനം.
”ഞങ്ങളുടെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച 30 കി.മീ സുരക്ഷിത മേഖലയില്‍ ഞങ്ങള്‍ ആരംഭിച്ച പദ്ധതിയുടെ അപൂര്‍ണമായ ഭാഗങ്ങള്‍ സംബന്ധിച്ച് പുതിയ നടപടികള്‍ ഉടന്‍ സ്വീകരിക്കും. തുര്‍ക്കി സൈന്യവും രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതിനുശേഷം നടപടി തുടങ്ങും” -ഉര്‍ദുഗാന്‍ വ്യക്തമാക്കി. വിശദാംശങ്ങളൊന്നും അദ്ദേഹം നല്‍കിയിട്ടില്ല.
സിറിയയുമായുള്ള അതിര്‍ത്തിയില്‍ 30 കി.മീ സുരക്ഷിത മേഖല ഒരുക്കുന്നതിനുള്ള തുര്‍ക്കിയുടെ ശ്രമങ്ങള്‍ പുനരാരംഭിക്കുക എന്നതാണ് നടപടി ലക്ഷ്യമിടുന്നതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ 3.6 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച രാജ്യത്ത് തുടരുന്നതിനാല്‍, ഒരു ദശലക്ഷം സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിന് രാജ്യം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം ഈ മാ സം ആദ്യം വ്യക്തമാക്കിയിരുന്നു.
