23 Thursday
October 2025
2025 October 23
1447 Joumada I 1

ന്യൂനപക്ഷങ്ങള്‍ക്ക് വിലയില്ലേ?

റസീല ഫര്‍സാന

സ്വാഭിപ്രായം ലോകമെങ്ങും എത്തിക്കാന്‍ കഴിയുന്ന ഇക്കാലത്ത് ന്യൂനപക്ഷങ്ങളുടെ ശബ്ദം ഒതുക്കി ഭൂരിപക്ഷത്തിന്റെ ശബ്ദങ്ങള്‍ക്ക് മാത്രം കാതു നല്‍കുന്ന സംവിധാനങ്ങളാണ് ചുറ്റും. മതേതര ഭാരതത്തില്‍ മതത്തിന്റെയും പണത്തിയും നിറത്തിന്റെയും പേരില്‍ സ്ഥാനമാനങ്ങള്‍ കല്‍പിക്കുമ്പോള്‍ പുറം ലോകം കേള്‍ക്കാനും കാണാനും അര്‍ഹതയുള്ള ചില ശബ്ദങ്ങളും ചില കാഴ്ചകളും അടിച്ചമര്‍ത്തലിന്റെ ചങ്ങലക്കണ്ണിയില്‍ കുരുങ്ങി നീതി കിട്ടാതെ അകത്തളങ്ങളില്‍ ഒതുങ്ങിപ്പോകുന്നു.
വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും നിരത്തി ജാതി-മത-സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ അധികാരങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ തുറക്കുന്ന പല കണ്ണുകളും പിന്നീട് അടഞ്ഞു പോവുന്നു.
ആനുകൂല്യങ്ങള്‍ അത് അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തിക്കാന്‍ തീ ര്‍ത്തും ബാധ്യസ്ഥരായവര്‍ തന്നെ അവ തഴയുകയും അവയ്ക്കു നേരെ മുഖം തിരിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തു ക്ഷേമത്തിനായാണ് നിങ്ങളീ അധികാര കസേരകള്‍ കയ്യാളുന്നത്?
ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ന്യൂനപക്ഷത്തെ തഴയുമ്പോള്‍ രാജ്യത്തെ അവരുടെ ക്രമസമാധാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. പാവപ്പെട്ടവന് ജീവിക്കാന്‍ സൗകര്യമുണ്ടാക്കിക്കൊടുക്കാനാണ് ഓരോ ഉന്നതരും ശ്രമിക്കേണ്ടത്. അസൗകര്യങ്ങള്‍ കൊണ്ട് അവരെ പൊറുതിമുട്ടിക്കുകയല്ല വേണ്ടത്.
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല നീതിയുടെ മുന്നില്‍. അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാകേണ്ടതാണ് നീതിയും അംഗീകാരവും. പാവപ്പെട്ടവനെ അംഗീകരിക്കാതെ മാറ്റി നിര്‍ത്തുന്നത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. ഭാഷയുടെ പേരിലും ദേശീയതയുടെ പേരിലും തഴയുമ്പോള്‍ അവരുടെ വോട്ടുകള്‍ കൂടി പരിഗണിച്ചാണ് ഓരോരുത്തരും അധികാരമേല്‍ക്കുന്നതെന്ന വിചിന്തനം നല്ലതാണ്.
ദേശസ്‌നേഹത്തിന്റെ പേരില്‍ പുറത്തുവിടുന്ന നിര്‍ദേശങ്ങള്‍ തീര്‍ത്തും മാനവികതക്ക് ചേരാത്ത രീതിയിലാണ്. ഒരു കൂട്ടരെ മാത്രം ലക്ഷ്യം വെച്ച് നടത്തിവരുന്ന ക്രൂരതയുടെ മറ്റൊരു മുഖമാണ് അത്. അവരുടെ ക്രമസമാധാനം തകര്‍ത്ത് രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാമെന്ന വ്യാമോഹം മാത്രമാണ് ഇത്തരം പദ്ധതികളുടെ പിന്നിലുള്ളത്.
ഭാഷയും ലിബറലിസവും ഹിജാബുമെല്ലാം ഇതിന്റെ ഭാഗമായി ഉയര്‍ത്തുന്ന നിലവാരമില്ലാത്ത ഭൂരിപക്ഷാഭിപ്രായം മാത്രം. ന്യൂനപക്ഷ ത്തെ തഴഞ്ഞു ഭൂരിപക്ഷത്തിന്റെ യുക്തിക്കു നിരക്കാത്ത വാദങ്ങള്‍ക്ക് പിറകെ പോവാതെ സമത്വമുള്ളൊരു ഭാരതം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്.

Back to Top