22 Wednesday
October 2025
2025 October 22
1447 Joumada I 0

വീട് അല്ലാഹുവിന്റെ സൗഭാഗ്യം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂമൂസാ അല്‍അശ്അരി(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: അല്ലാഹുവിനെ സ്മരിക്കുന്ന വീടും ദൈവസ്മരണയില്ലാത്ത ഭവനവും ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും പോലെയാകുന്നു” (മുസ്‌ലിം)

വീട് ഒരു സ്വപ്‌നമാണ്. സുരക്ഷിതവും സുന്ദരവുമായ ഒരു വീട് ഏതൊരാളുടെയും ആഗ്രഹമാണ്. സൗകര്യപ്രദമായ ഒരു വീട് ലഭിക്കുക എന്നത് ഒരു മനുഷ്യന്റെ സൗഭാഗ്യത്തില്‍ പെട്ടതത്രേ. അല്ലാഹുവിന്റെ അനുഗ്രഹമായി ലഭിക്കുന്ന വീട് വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക എന്നത് ജീവിതചര്യകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാകുന്നു. വിശ്വാസികള്‍ തങ്ങളുടെ ബാധ്യതാ നിര്‍വഹണത്തില്‍ ശ്രദ്ധ ചെലുത്തുന്ന ഒരു കാര്യം വീടും പരിസരവും തന്നെയാകുന്നു.
വീട് സൗകര്യപ്രദമാവുക എന്നതിനെക്കാള്‍ അതിന്റെ സൗന്ദര്യവത്കരണത്തിലാണ് സമൂഹം ഇന്ന് ശ്രദ്ധാലുക്കളാവുന്നത്. വീടുകള്‍ സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും അഭയകേന്ദ്രം എന്നതിലുപരി ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും അടയാളമായി മാറിയിരിക്കുന്നു. ആര്‍ഭാടത്തിനും മേനിപറച്ചിലിനും വേണ്ടി വീടുകള്‍ മോടിപിടിപ്പിക്കുന്നതിന് എത്ര പണം ചെലവഴിക്കുന്നതിനും പ്രയാസമില്ല എന്നതാണ് സമൂഹത്തിന്റെ പൊതുസ്ഥിതി.
യഥാര്‍ഥത്തില്‍ വീടിന്റെ സൗന്ദര്യം കുടികൊള്ളുന്നത് വീട്ടുകാരുടെ സമാധാന ജീവിതത്തിലാണ്. ദൈവസ്മരണയാണ് ഓരോ വീടിന്റെയും സജീവത നിലനിര്‍ത്തുന്നത്. ഇസ്‌ലാമികമായ ചിട്ടയും സംസ്‌കാരവുമാണ് ഏതൊരു വീടിന്റെയും സൗന്ദര്യവും സൗകര്യവും. മനുഷ്യമനസ്സുകളില്‍ ദൈവസ്മരണ സമാധാനം നല്‍കുന്നുവെങ്കില്‍ മനുഷ്യരുടെ ഭവനങ്ങളിലും ദൈവസ്മരണ സജീവത നല്‍കും.
ജീവിതത്തില്‍ ഒരു വ്യക്തി കൈവരിക്കുന്ന നാല് അനുഗ്രഹങ്ങളിലൊന്നായ വീട് സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേതുമാവണം. ഖുര്‍ആന്‍ പഠനവും പാരായണവും വീടുകളില്‍ ശീലമാവട്ടെ. ഇസ്‌ലാമികമായ ചര്‍ച്ചയും നന്മയിലേക്കുള്ള ക്ഷണവും വീടുകളില്‍ നടക്കട്ടെ. വീടുകളില്‍ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും സ്രഷ്ടാവായ റബ്ബില്‍ ഭരമേല്‍പിച്ചുകൊണ്ടും അവനോട് പ്രാര്‍ഥിച്ചുകൊണ്ടുമാവട്ടെ. നമ്മുടെ കിടപ്പുമുറിയും തീന്മേശയും സ്വീകരണ മുറിയുമെല്ലാം ഇസ്‌ലാമികമായ ശീലങ്ങള്‍ പകര്‍ന്നു നല്‍കുന്നതാവട്ടെ. അത് അനുഗ്രഹദാതാവിനോട് നന്ദി കാണിക്കുന്ന കര്‍മങ്ങളത്രേ.
താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ ജീവിക്കുമ്പോള്‍ അത് യഥാര്‍ഥ അഭയകേന്ദ്രത്തിലേക്കുള്ള പാഥേയമൊരുക്കുന്ന തരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുമ്പോള്‍ അത് ശാശ്വത സമാധാനത്തിലേക്കുള്ള തയ്യാറെടുപ്പായി മാറും. വീടുകള്‍ ദൈവസ്മരണയുള്ളതാവുമ്പോള്‍ അത് സജീവതയുടെയും അല്ലാത്തപക്ഷം അത് ജീവനില്ലാത്തതിന്റെയും അടയാളമെന്നത്രേ ഈ നബിവചനം നല്‍കുന്ന സന്ദേശം.

Back to Top