സൈബറിടങ്ങളില്‍ ജാഗ്രത അനിവാര്യം
റിഷാന ചുഴലി
ഒരേ സംവിധാനം കൊണ്ടു തന്നെ നന്മയും ദോഷവും പ്രവര്‍ത്തിക്കാനാവും. സാമൂഹിക മാധ്യമങ്ങള്‍ അത്തരത്തിലൊന്നാണ്. അതിന് ഗുണവശങ്ങള്‍ക്കൊപ്പം തന്നെ ദോഷ വശങ്ങളുമുണ്ട്. കൗമാരക്കാരായ കുട്ടികള്‍ക്ക് അതിനെക്കുറിച്ച് കൃത്യമായ അവബോധം രക്ഷിതാക്കള്‍ നല്‍കണം. പക്വത എത്തുംമുമ്പ് മൊബൈലും മറ്റും വാങ്ങി ക്കൊടുക്കുന്നുണ്ടെങ്കിലും അതില്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. മക്കള്‍ എന്ത് ആവശ്യപ്പെട്ടാലും വാങ്ങിച്ചു കൊടുക്കുന്നതാണ് സ്‌നേഹം എന്ന തെറ്റിദ്ധാരണ മാറ്റുക തന്നെ വേണം. ഒരിക്കലും അത് ശരിയായ നടപടിയല്ല. സാങ്കേതിക വിദ്യ വലിയ വളര്‍ച്ചയി ല്‍ ആണെങ്കിലും സാംസ്‌കാരികമായി വളരുന്നില്ല. സോഷ്യല്‍ മീഡിയ വ്യാപക സ്വാധീനം നേടിയെടുത്തതോടെ കുറ്റകൃത്യങ്ങള്‍ വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു. കൗമാരക്കാര്‍ക്ക് ഹരം പകരാന്‍ കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ വ്യാപകമാണിപ്പോള്‍. കുട്ടികളില്‍ ഇത്തരം പ്രവണതകള്‍ വളരുന്നതില്‍ മാതാപിതാക്കളുടെ ജാഗ്രതക്കുറവും ഒരു കാരണമാണ്. മക്കളോട് തുറന്നു സംസാരിക്കുന്ന, അവരുടെ പ്രശ്നങ്ങളും താല്‍പര്യങ്ങളും അടുത്തറിയുന്ന വിധത്തിലുള്ള ബന്ധം അവരുമായി ഉണ്ടാക്കിയെടുക്കണം. മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും, അതേസമയം അവരോട് ഇത്തരം ഭവിഷ്യത്തുകളെക്കുറിച്ച് പറഞ്ഞ് സൈബറിടങ്ങളില്‍ കൂടുതല്‍ സമയം സ്വയം ചെലവിടുകയും ചെയ്യുന്ന രക്ഷിതാക്കളും ഇതില്‍ കുറ്റക്കാര്‍ തന്നെയാണ്.
സോഷ്യല്‍ മീഡിയയും ആധുനിക സാങ്കേതിക വിദ്യയും പൂര്‍ണ മായും അവഗണിച്ച് പുതിയ കാലത്ത് ജീവിക്കാന്‍ സാധ്യമല്ല. അപ്പോ ള്‍ നമുക്ക് ചെയ്യാനുള്ളത് അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ മക്കളെ പരിശീലിപ്പിക്കുക എന്നതാണ്. കൗമാരക്കാരായ കുട്ടികള്‍ വഴിതെറ്റാന്‍ ഏറെ സാധ്യതയുണ്ട്. ചതിയന്മാര്‍ സ്‌നേഹവും സൗഹൃദവും നടിച്ച് അവരെ കുഴിയില്‍ വീഴ്ത്തുന്നതാണ് നമ്മള്‍ ദിവസേന കാണുന്നത്. വീടിനകത്ത് പോലും നമ്മുടെ പെ ണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നതാ ണ് സത്യം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് പലയിടങ്ങളിലും അരങ്ങേറുന്നത്. നവമാധ്യമങ്ങളുടെ ഗുണങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങളെ മറികടന്ന് ഇപ്പോള്‍ അവയുടെ തിന്മകളെയും ദുരന്ത ഫലങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സൈബര്‍ലോകത്തെ ചതിയന്‍മാരും ലഹരി മാഫിയകളും മറ്റു കുറ്റവാളികളും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ അപകടം സ്വയം ബോധ്യപ്പെടും വരെ കുട്ടികളെ സൈബര്‍ ഇടങ്ങളിലേക്ക് പോകാന്‍ അനുവദിക്കാതിരിക്കുകയാണ് അഭികാമ്യം. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കളുടെ നിയന്ത്രണത്തോടെ ആവാം. കൂടുതല്‍ സമയം ചെലവഴിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം.
അതോടൊപ്പം അവരെ എന്‍ഗേജ് ചെയ്യിക്കാനുള്ള ബദല്‍ വഴികളും രക്ഷിതാക്കള്‍ കണ്ടെത്തേണ്ടതുണ്ട്. കുട്ടികളെ ഉപദേശം കൊണ്ട് മൂടി ബദല്‍ വഴികളൊരുക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ വിരാജിക്കുന്ന രക്ഷിതാക്കളും കുറവല്ല. സ്വയം മാതൃക കാണിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. നമ്മുടെ ചിന്താ മണ്ഡലങ്ങള്‍ക്ക് അപ്പുറം അതിവിശാലമാണ് സൈബര്‍ ലോകം, അതിന്റെ ചക്രവാളത്തിന് പരിധികളില്ല… സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.