സമസ്തയും ലീഗും ശജറയും ഖാസിമിയും
ബി പി എ ഗഫൂര്‍ വാഴക്കാട്

മുസ്‌ലിംലീഗിനകത്ത് സുന്നി-മുജാഹിദ് ധ്രുവീകരണമുണ്ടാക്കി ലീഗിനെ വരുതിയില്‍ നിര്‍ത്താനും ലീഗിന്റെ രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്ന് കയ്യടിയും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനുമായി കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡിലെ പത്രസ്ഥാപനത്തില്‍ വികസിപ്പിച്ചെടുത്ത ‘ശജറ’ പടര്‍ന്നു പന്തലിച്ച് അതിന്റെ അടിവേരുകള്‍ അത് ഉല്‍പാദിപ്പിച്ചവരുടെ അടിത്തറ തന്നെ ഇളക്കുന്നിടത്ത് എത്തിയിരിക്കുന്നു ഇപ്പോള്‍. വാളെടുത്തവന്‍ വാളാല്‍ എന്നതാണല്ലോ നടപ്പ്.
മുസ്‌ലിംലീഗില്‍ നിലപാടുള്ളവരായി വളര്‍ന്നുവരുന്നവരെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ സമസ്തയില്‍ ഒരു ഇത്തിള്‍ക്കണ്ണിയായി വേരുപിടിച്ച ‘ശജറ’ തെരഞ്ഞെടുപ്പു ഗോദയില്‍ അവരുടെ സാന്നിധ്യം അറിയിച്ചത് ഇക്കഴിഞ്ഞതിനു മുമ്പുള്ള ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലാണ്. എം എസ് എഫില്‍ പെണ്‍കുട്ടികള്‍ക്ക് അര്‍ഹമായ അവസരം നല്‍കിയതിന്റെ പേരില്‍ രണ്ടു വിദ്യാര്‍ഥി നേതാക്കളെ ‘ശജറ’ തുടക്കം മുതല്‍ ലക്ഷ്യം വെച്ചു. ‘ശജറ’യുടെ ആദ്യ അവസരം നിലവിലെ എം എസ് എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി പി അഷ്‌റഫലിക്കെതിരിലായിരുന്നു. സമസ്തയുടെ തന്നെ പ്രമുഖനായ ഒരു മുസ്‌ലിയാരുടെ പുത്രനായിട്ടു പോലും ടി പി അഷ്‌റഫലിയുടെ പരാജയം ഉറപ്പുവരുത്താന്‍ സമസ്തയുടെ പേരു പറഞ്ഞ് ‘ശജറ’ക്കാര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വീടുവീടാന്തരം കയറിയിറങ്ങി. അഷ്‌റഫലിയെ നേരിട്ടറിയുന്ന മണ്ഡലക്കാര്‍ ‘ശജറ’യുടെ സമസ്ത ആയുധങ്ങളും തകര്‍ത്തെറിഞ്ഞ് അഷ്‌റഫലിയെ വിജയിപ്പിച്ചു.
‘ശജറ’ വീണ്ടും രംഗത്തിറങ്ങിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. പി കെ ഫിറോസ്, നൂര്‍ബിന റഷീദ്, കെ പി എ മജീദ് എന്നിവര്‍ക്കെതിരെയാണ് അവര്‍ കാര്യമായി രംഗത്തിറങ്ങിയത്. തങ്ങളുടെ വിദ്യാര്‍ഥി വിഭാഗത്തെ പരസ്യമായിത്തന്നെ രംഗത്തിറക്കി പി കെ ഫിറോസിനെ പരാജയപ്പെടുത്താന്‍ ശജറ പരമാവധി ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തു. മുസ്‌ലിംലീഗിന്റെ കോട്ടയില്‍ ഫിറോസ് പരാജയപ്പെട്ടു. കെ പി എ മജീദ് വെല്ലുവിളികളെ തന്ത്രപരമായി നേരിട്ട് വിജയം വരിച്ചു.
കോഴിക്കോട് രണ്ടില്‍ സീറ്റ് മോഹിച്ചവരില്‍ ചിലര്‍ തന്നെ മുസ്‌ലിം ലീഗില്‍ വസ്‌വാസുണ്ടാക്കിക്കൊണ്ടിരുന്ന സമയത്ത് അത് മുതലെടുത്ത് നൂര്‍ബിന റഷീദിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ശജറ രംഗത്തു വന്നു. നൂര്‍ബിനയെ പരാജയപ്പെടുത്തുന്നതിലും ശജറ വലിയ പങ്കുവഹിച്ചു. ഇതിന്റെ നന്ദിപ്രകടനം എന്ന നിലയ്ക്കാണ് വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഉടനെത്തന്നെ കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡിലെ പത്രമാപ്പീസിലേക്ക് ഓടിച്ചെന്ന് മധുരം പങ്കുവെച്ചത്.
മുസ്‌ലിംലീഗിനെ കൈയിലൊതുക്കാന്‍ ലക്ഷ്യം വെച്ച് നട്ടുവളര്‍ത്തിയ ശജറ സമസ്തക്കുള്ളില്‍ വളര്‍ന്ന് അതിന്റെ അടിവേരുകള്‍ തങ്ങളുടെ അടിത്തറയില്‍ തന്നെ വിള്ളലുണ്ടാക്കുന്നത് സമസ്ത നേതൃത്വത്തില്‍ പലര്‍ക്കും അറിയാതെ പോയി. സമസ്തയുടെ മുഖ്യ സാരഥിയെ തന്നെ ശജറ തങ്ങളുടെ വരുതിയിലാക്കിക്കഴിഞ്ഞിരുന്നു. അതിന്റെ പരിണതിയാണ് വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ കണ്ടത്. മുസ്‌ലിംലീഗും സമസ്ത പ്രസിഡന്റും മുഖത്തോടു മുഖം ഏറ്റുമുട്ടുന്ന സാഹചര്യം വന്നപ്പോള്‍ ശജറക്കാര്‍ ഉള്ളു നിറഞ്ഞു ചിരിച്ചു.
വഖഫ് വിഷയത്തില്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റപ്പെട്ടതോടെ ശജറക്കാര്‍ കൂടുതല്‍ ഊര്‍ജം കൈവരിച്ച് മുസ്‌ലിംലീഗിനെതിരിലുള്ള ഗൂഢപദ്ധതികള്‍ക്ക് ആക്കം കൂട്ടി. വഹാബിസം, മതനിരാസം, ലിബറലിസം എന്ന കാമ്പയിനുമായി രംഗത്തുവന്ന്, കമ്യൂണിസത്തെക്കാളും മതനിരാസ-ലിബറല്‍ പ്രത്യയശാസ്ത്രങ്ങളെക്കാളും ഹീനമാണ് വഹാബിസമെന്നും വഹാബിസത്തോടു ചേര്‍ന്നുനില്‍ക്കുന്നത് ആരായാലും അവരുമായി കൂട്ടുകൂടാവതല്ലെന്നും കാമ്പയിന്‍ താക്കീത് ചെയ്തതിലൂടെ മുസ്‌ലിം ലീഗിനെ നിലയ്ക്കു നിര്‍ത്താനുള്ള പരസ്യമായ ശ്രമമായി.
ഇക്കാലയളവിലാണ് കോഴിക്കോട് ജില്ലയിലെ പാഴൂരിലെ ഒരു സ്ഥാപനം കേന്ദ്രമാക്കി റഹ്മത്തുല്ല ഖാസിമി നടത്തിവന്ന, വഹാബിസം ഭീകരതയാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള വിഷലിപ്തമായ പ്രഭാഷണ പരമ്പര അരങ്ങേറുന്നത്. ഇസ്‌ലാമിക അധ്യാപനങ്ങളെയും പ്രവാചകന്മാരെയും പരിശുദ്ധ കഅ്ബയെയും ചരിത്രത്തെയും നിന്ദിച്ചും നിഷേധിച്ചും കൊണ്ട് തകര്‍ത്താടിയ റഹ്മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണം മുജാഹിദ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താമെന്ന വ്യാമോഹത്താല്‍ ശജറക്കാര്‍ ഏറ്റെടുത്തു. റഹ്മത്തുല്ല ഖാസിമിയുടെ നിന്ദ്യവും നീചവുമായ പ്രഭാഷണങ്ങള്‍ക്കെതിരില്‍ സമസ്തയില്‍ നിന്നടക്കം നാനാഭാഗത്തു നിന്നും അതിശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിനെ ന്യായീകരിക്കാനും കാമ്പയിന്‍ ശക്തിപ്പെടുത്താനും ഖാസിമിക്ക് മറ്റു വേദികളിലും അവസരം ഒരുക്കിക്കൊണ്ട് ശജറക്കാര്‍ രംഗത്തുവന്നു.
സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി ഖാസിമിക്കെതിരിലുള്ള ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ഉടനെ എഴുതി: ”ത്വരീഖത്ത് ആരോപണം, ശിയാ വാദം, അവസരവാദം എന്നെല്ലാം നിര്‍മിച്ചുണ്ടാക്കി റഹ്മത്തുല്ലാ ഖാസിമിയെ പുകമറയ്ക്ക് പിറകിലാക്കാന്‍ പാടുപെടുമ്പോഴും സലഫി ഭീകരതയും അതിന്റെ ആദര്‍ശ ശൈഥില്യത്തെയും അദ്ദേഹം സലക്ഷ്യം സമര്‍ഥിക്കുമ്പോള്‍ മറുപടി പറയാനാവാതെ സലഫി ഗ്രൂപ്പുകള്‍ വിയര്‍ക്കുന്നു… അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ അഖീദക്കും സമസ്തയുടെ നിയമാവലിക്കും അകത്തു നിന്ന് ബിദ്അത്തിനെ ചെറുക്കാന്‍ ആര് തയ്യാറായാലും അവരോട് ഓരോ സമസ്തക്കാരനും ചേര്‍ന്നുനില്‍ക്കും” (നാസര്‍ ഫൈസി കൂടത്തായി, ഫേസ്ബുക്ക് പോസ്റ്റ് 11-2-2022). അഥവാ ഖാസിമിയുടെ വിഷലിപ്തമായ ജല്‍പനങ്ങള്‍ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ അഖീദക്കും സമസ്തയുടെ നിയമാവലിക്കും വിധേയമായി മുജാഹിദുകള്‍ക്കെതിരിലുള്ള പോരാട്ടമാണെന്നും അതിനെ ഓരോ സമസ്തക്കാരനും പിന്തുണക്കണമെന്നുമുള്ള ആഹ്വാനമാണ് നാസര്‍ ഫൈസി നടത്തിയത്.
ശജറയുടെ പിന്‍ബലത്തില്‍ ഖാസിമി തന്റെ മുജാഹിദ് വിരോധം ഇസ്‌ലാം വിമര്‍ശനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പറയാന്‍ മടിക്കുന്ന വിധത്തില്‍ പോലും അറുവഷളന്‍ ഭാഷയില്‍ തന്റെ വഹാബി വിമര്‍ശനം രൂക്ഷമാക്കി. ഇബ്‌റാഹീം നബിയെയും ഇസ്മാഈല്‍ നബിയെയും ഹാജറാ ബീവിയെയും സാറാ ബീവിയെയും പരിശുദ്ധ കഅ്ബയെയും നബി(സ)യുടെ സ്വഹാബത്തിനെയും വരെ നിന്ദ്യമായ ഭാഷയില്‍ ഖാസിമി വിമര്‍ശിച്ചുതുടങ്ങി.
ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അല്‍പമെങ്കിലും വിധേയത്വമുള്ള എല്ലാവരും ഖാസിമിയുടെ നികൃഷ്ടമായ പ്രഭാഷണത്തിനെതിരെ രംഗത്തുവന്നപ്പോഴും സമസ്തയുടെ ഉത്തരവാദപ്പെട്ടവരാരും രംഗത്തുവന്നില്ല. ശജറക്കാര്‍ മനസ്സറിഞ്ഞ് ഊറിച്ചിരിച്ചു. എന്നാല്‍ അധികം വൈകിയില്ല, ഖാസിമി നേരെ മുസ്‌ലിംലീഗിനും സമസ്ത നേതൃത്വത്തിനുമെതിരെ ഉറഞ്ഞുതുള്ളി. അബ്ദുസ്സമദ് സമദാനി അടക്കമുള്ള ലീഗ് നേതാക്കള്‍ക്കെതിരെ വഹാബി വിമര്‍ശനമുന്നയിച്ച് ഖാസിമി രംഗത്തുവന്നു. ലീഗുമായുള്ള സഹകരണത്തിന്റെ പേരു പറഞ്ഞ് സമസ്തയുടെ നേരെയും തിരിഞ്ഞു. സഭ്യേതരമല്ലാത്ത ഭാഷകളെല്ലാം എടുത്ത് മുസ്‌ലിംലീഗ് നേതാക്കള്‍ക്കെതിരെ ഖാസിമി വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ എയ്തു.
വഹാബിസത്തിനെതിരെ എന്ന പുകമറ സൃഷ്ടിച്ച് ഇസ്‌ലാമിനും മഹാന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധ കഅ്ബാലയത്തിനുമെതിരിലുമൊക്കെ അതിനിന്ദ്യമായ ഭാഷ പ്രയോഗിച്ചപ്പോഴൊന്നും പ്രതികരിക്കാതിരിക്കുന്നവരൊക്കെ ലീഗിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റു. അപകടം മണത്തറിഞ്ഞ നാസര്‍ ഫൈസി വീണ്ടും രംഗത്തുവന്നു. മുസ്‌ലിംലീഗിന്റെ പിന്‍ബലത്തിലാണ് സമസ്തയെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ തുടങ്ങി. ലീഗ് അണികള്‍ ഖാസിമിക്കെതിരെ രംഗത്തുവന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ നാസര്‍ ഫൈസി എഴുതി: ”വഹാബിയ്യത്തിനെ പൊളിക്കാന്‍ സമുദായത്തെ പൊളിക്കരുത്… ഖാസിമി അറിഞ്ഞ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിന് അതിന്റേതായ ബോഡിയില്‍ ചര്‍ച്ച ചെയ്യാമായിരുന്നു. തുറന്നുപറയാന്‍ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമും ഒരുക്കാമല്ലോ. അറിവുള്ളവര്‍ സംവദിക്കട്ടെ. മുനാഫിഖും ഹമുക്കുമാക്കി സഭ്യേതര ഭാഷയില്‍ പൊതുവേദിയില്‍ വിഴുപ്പലക്കി സമുദായത്തെ കടിച്ചുകീറാന്‍ കഷ്ണമിടുന്നതെന്തിനാണ്?”
ഖാസിമിയില്‍ നിന്നുണ്ടാക്കിയ തിരിച്ചടി ശജറക്കാരെ ഏറക്കുറേ ഒറ്റപ്പെടുത്തി. എന്നാല്‍ പത്രമാപ്പീസ് കേന്ദ്രമാക്കി അവര്‍ ലീഗിനെതിരെയും പാണക്കാട് തങ്ങന്മാര്‍ക്കെതിരിലും തന്ത്രങ്ങള്‍ മെനഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സി ഐ സി) നേതൃത്വത്തില്‍ ആരംഭിക്കുന്ന വഫിയ്യ കോളജിന്റെ ശിലാസ്ഥാപനത്തിന്റെ പരസ്യം ചന്ദ്രിക പ്രസിദ്ധീകരിച്ചപ്പോള്‍ സുപ്രഭാതം നിരസിച്ചു. സി ഐ സിയുടെ ഉപദേശക സമിതിയില്‍ നിന്ന് സമസ്തയുടെ പ്രസിഡന്റിനെ നീക്കം ചെയ്തുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി ലീഗിന്റെ കളിയാണെന്ന് ആരോപിച്ചായിരുന്നു വഫിയ്യയുടെ പരസ്യം സുപ്രഭാതം നിരസിച്ചത്.
വഫിയ്യയുടെ പരസ്യം നിഷേധിച്ചതിലൂടെ ശജറക്കാരും സമസ്തയിലെ ലീഗ് അനുഭാവികളും തമ്മില്‍ അതിരൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി നടന്നത്.
ഇപ്പോള്‍ അവസാനമായി സമസ്തയെ ഒന്നടങ്കം പൊതുസമൂഹത്തില്‍ അപഹാസ്യമാക്കിയ, പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് പൊതുസ്റ്റേജില്‍ സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യം വിവാദമാക്കിയതിനു പിന്നിലും ശജറയുടെ പങ്കുള്ളതായാണ് ആരോപിക്കപ്പെടുന്നത്. വളരെ സ്വകാര്യമായി നടന്ന ഈ പരിപാടി ദിവസങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടവരെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് ശജറ വിരുദ്ധ ഗ്രൂപ്പ് പറയുന്നത്. പത്രമാപ്പീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയിലൂടെ മാഹിക്കാരനായ ലീഗ് വിരുദ്ധനായ ഒരു സൈബര്‍ പോരാളിയിലൂടെയാണ് വിഷയം പുറംലോകം അറിയുന്നത്. ശജറയുടെ ശക്തനായ എതിരാളിയും സമസ്ത മുസ്‌ലിം ലീഗിനോട് ചേര്‍ന്നുനില്‍ക്കണമെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യമാണത്രേ വിഷയം വിവാദമാക്കിയതിലൂടെ ശജറ ലക്ഷ്യംവെച്ചത്. ശജറയുടെ ലക്ഷ്യം സാധിച്ചെന്നു മാത്രമല്ല, സമസ്ത മൊത്തം പൊതുസമൂഹത്തില്‍ അപമാനിക്കപ്പെട്ടു എന്നതായിരുന്നു വിവാദത്തിന്റെ പരിണിത ഫലം.
അന്ധമായ മുജാഹിദ് വിരോധം അണികളില്‍ കുത്തിക്കയറ്റി മുസ്‌ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോമായ മുസ്‌ലിം ലീഗില്‍ ധ്രുവീകരണമുണ്ടാക്കി സ്വന്തം കാര്യലാഭത്തിന് ഇറങ്ങിത്തിരിച്ച ശജറയെന്ന സമസ്തയിലെ പിന്തിരിപ്പന്‍ വിഭാഗം സ്വയം അപഹാസ്യരാവുകയും സമസ്തയുടെ അടിത്തറയിളക്കുകയും ചെയ്തു എന്നു വ്യക്തം.
