3 Thursday
July 2025
2025 July 3
1447 Mouharrem 7

ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കത്തെ ചെറുക്കണം; മുസ്‌ലിം സ്ത്രീകള്‍ ആര്‍ജിച്ച നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനാവില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: മുസ്‌ലിം സ്ത്രീകളെ വീണ്ടും ഇരുട്ടറകളിലേക്ക് നയിക്കുന്ന യാഥാസ്ഥിതിക തീവ്രവാദത്തില്‍ നിന്നും ഉത്തരവാദപ്പെട്ട മതനേതൃത്വങ്ങള്‍ പിന്തിരിയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭ്യര്‍ഥിച്ചു. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളത്തിലെ മുസ്‌ലിം സമൂഹം ആര്‍ജിച്ചെടുത്ത നവോത്ഥാന മൂല്യങ്ങളെ തകര്‍ത്തെറിയുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്ത് നിന്നായാലും അതിനെ ശക്തമായി ചെറുക്കുമെന്ന് സമ്മേളനം വ്യക്തമാക്കി. യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് മുസ്‌ലിം സ്ത്രീകള്‍ കൈവരിച്ച വിദ്യാഭ്യാസ സാമൂഹ്യ സാസ്‌കാരിക പുരോഗതിയെയും സാമൂഹ്യ ഇടങ്ങളിലെ അഭിമാനകരമായ പങ്കാളിത്തത്തെയും പിറകോട്ടടിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്.
അനിയന്ത്രിതമായ സ്ത്രീ-പുരുഷ ഇടകലരുകള്‍ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകളെ ഇല്ലായ്മ ചെയ്യാനാണ് പെണ്‍കുട്ടികളുടെ പൊതു ഇടങ്ങളിലെ അവസരം നിഷേധിക്കുന്നതെങ്കില്‍ നേര്‍ച്ചപ്പറമ്പുകളിലും മഖ്ബറകളിലും ആത്മീയ സദസ്സുകളിലും സ്ത്രീപുരുഷന്മാര്‍ നടത്തുന്ന യാതൊരു വിവേചനവും കൂടാതെയുള്ള കൂടിച്ചേരലുകളെ നിയന്ത്രിക്കുകയാണ് സമസ്ത ചെയ്യേണ്ടതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സ്ത്രീ ശാക്തീകരണത്തിന്റെ മറപിടിച്ച് ലിംഗ സമത്വമെന്ന ഓമനപ്പേര് നല്‍കി സ്വതന്ത്ര ലൈംഗികതയിലേക്ക് പുതു തലമുറയെ സജ്ജമാക്കും വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ പദ്ധതികള്‍ പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളെയും ലൈംഗിക അരാജകത്വത്തെയും ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാവണം ലൈംഗിക വിദ്യാഭ്യാസം ആവിഷ്‌കരിക്കേണ്ടത്. സമൂഹത്തിന്റെ ധാര്‍മികാടിത്തറ തകര്‍ത്തെറിഞ്ഞെങ്കിലേ ലൈംഗിക സമത്വം സാധ്യമാകൂ എന്ന മതനിരാസ ലിബറല്‍ വാദികളുടെ ആശയങ്ങള്‍ വളരെ നിഗൂഢമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നതിനെതിരെ സമൂഹം ഉണര്‍ന്നിരിക്കണം.
രാജ്യത്തിന്റെ സാമ്പത്തിക മണ്ഡലം തീര്‍ത്തും തകര്‍ന്നടിയുകയും വിലക്കയറ്റവും ദാരിദ്ര്യവും തൊഴിലില്ലായ്മയും രാജ്യത്ത് സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണമാക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്കരിക്കുകയും ചെയ്ത് ജനാധിപത്യമതേതര വ്യവസ്ഥയുടെ അടിത്തറ തകര്‍ത്തിട്ടും വ്യവസ്ഥാപിതമായ ദേശീയ ബദലിനെക്കുറിച്ച് മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നത് ഏറെ ആശങ്കാജനകമാണ്. സംഘ്പരിവാര്‍ ഫാസിസം വംശീയ ഉന്‍മൂലനത്തിന്റെ ബുള്‍ഡോസര്‍ ഭീകരതയിലേക്ക് വളര്‍ച്ച പ്രാപിച്ച് രാജ്യം ഹിന്ദു രാഷ്ട്രമാക്കാനുള്ള ശീഘ്രമായ വേഗതയില്‍ മുന്നോട്ട് നീങ്ങുകയാണ്. വേല്ലുവിളികളെ നേരിടാന്‍ ഇനിയും ഐക്യപ്പെട്ടില്ലെങ്കില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നാമാവശേഷമാവുമെന്ന് സമ്മേളനം മതേതര കക്ഷികളെ ഉണര്‍ത്തി.
അന്തരിച്ച യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സഈദിനെ സമ്മേളനം അനുസ്മരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സഈദിന് രാജ്യത്തെ നല്ല നിലയില്‍ നയിക്കാന്‍ സാധിക്കട്ടെയെന്ന് സമ്മേളനം ആശംസിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, എഞ്ചി. സൈതലവി, അഡ്വ. മുഹമ്മദ് ഹനീഫ, എം ടി മനാഫ്, ഫൈസല്‍ നന്മണ്ട, കെ എം ഹമീദലി ചാലിയം, ഡോ. അനസ് കടലുണ്ടി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്‍അലി മദനി, അബ്ദുസ്സലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, കെ എം കുഞ്ഞമ്മദ് മദനി, ഡോ. മുസ്തഫ സുല്ലമി, സുഹൈല്‍ സാബിര്‍, സി ടി ആയിശ, സഹല്‍ മുട്ടില്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ജസിം സാജിദ്, അഫ്‌നിദ പുളിക്കല്‍, ടി പി ഹുസൈന്‍ കോയ, സജീവ് ഖാന്‍ കൊല്ലം, ഇര്‍ഷാദ് സ്വലാഹി, സലീം കരുനാഗപ്പള്ളി, പി ടി അബ്ദുല്‍ മജീദ് സുല്ലമി, നൗഷാദ് ആലപ്പുഴ, വി മുഹമ്മദ് സുല്ലമി എറണാകുളം, മുജീബ് തൊടുപുഴ, ഡോ. യു പി യഹ്‌യാഖാന്‍, ജലീല്‍ ഒതായി, ഹംസ മൗലവി പ്രസംഗിച്ചു.

Back to Top