മുസ്‌ലിം പെണ്‍കുട്ടികളുടെ സാമൂഹിക മുന്നേറ്റത്തെ തടയിടുന്ന പൗരോഹിത്യത്തെ ചെറുക്കും – ഐ ജി എം
കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിനെതിരെ ഇസ്‌ലാമിക പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതികരിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ തന്നെ രംഗത്തുവരുമെന്ന് ഐ ജി എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്‌റ്റേജില്‍ കയറി സമ്മാനം സ്വീകരിക്കുന്നതിനെ പോലും മതത്തിന്റെ പേര് പറഞ്ഞ് അപമാനിക്കുന്ന പൗരോഹിത്യത്തിന്റെ യാഥാസ്ഥിതിക തീവ്രവാദം അനുവദിക്കാവതല്ല. മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും വിലക്കിയവര്‍ തന്നെയാണിപ്പോള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പൊതു ഇടങ്ങളിലും വിലക്കേര്‍പ്പെടുത്തുന്നത് എന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. നവോത്ഥാന നായകന്മാരുടെ ധീരമായ ചെറുത്തുനില്പിലൂടെ നേടിയെടുത്ത അക്ഷരാഭ്യാസം നേടാനും പള്ളികളില്‍ പ്രാര്‍ഥിക്കാനുമുള്ള സ്വാതന്ത്ര്യം ഇപ്പോഴും വകവെച്ചു തരാന്‍ വൈമനസ്യം കാണിക്കുന്ന ഇത്തരം പണ്ഡിതന്മാരെ മുസ്‌ലിം സ്ത്രീകള്‍ തിരിച്ചറിയണം.
സാമ്പത്തിക ചൂഷണത്തിനുവേണ്ടി മാത്രം നേര്‍ച്ചപ്പൂരങ്ങളിലേക്കും ആത്മീയ മജ്‌ലിസുകളിലേക്കും പ്രഭാഷണ സദസ്സുകളിലേക്കും മുസ്‌ലിം സ്ത്രീകളെ ആട്ടിത്തെളിക്കുന്ന പൗരോഹിത്യ പണ്ഡിത സമൂഹം മതത്തിന്റെ വിലക്കുകള്‍ പറഞ്ഞ് മുസ്‌ലിം പെണ്‍കുട്ടികളുടെ സാമൂഹിക മുന്നേറ്റത്തിന് തടയിടുന്നത് കാപട്യമാണെന്നും ഐ ജി എം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അഫ്‌നിദ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാത്തിമ ഹിബ ഉദ്ഘാടനം ചെയ്തു. ഹുസ്‌നാ പര്‍വീന്‍, തഹ്‌ലിയ മുഹമ്മദലി, സുഹാന കണ്ണൂര്‍, ഫസഹ അരീക്കോട്, ജിദ മനാല്‍, ഫര്‍ഷാന കോഴിക്കോട്, ഫിദ ബിസ്മ, ഹസ്‌ന വയനാട്, ഷാദിയ പാലക്കാട്, അദ്‌ല ടി ബഷീര്‍ പ്രസംഗിച്ചു.