സ്ത്രീ ശാക്തീകരണത്തെ ദുര്‍ബലപ്പെടുത്തുന്ന യാഥാസ്ഥിതിക നിലപാട് തിരുത്തണം – എം ജി എം
കോഴിക്കോട്: വേദിയില്‍ സമ്മാനം സ്വീകരിക്കാനെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച സമസ്ത പണ്ഡിതന്റെ നിലപാട് സ്ത്രീ സമൂഹത്തെ ഇരുട്ടറയില്‍ തളച്ചിടാനുള്ള നീക്കമായേ കാണാനാവൂവെന്ന് എം ജി എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിം പെണ്‍കുട്ടികളുടെ ആത്മവിശ്വാസവും മനോധൈര്യവും തകര്‍ത്ത് അവരുടെ സാമൂഹിക-സാംസ്‌കാരിക ശാക്തീകരണത്തെ ദുര്‍ബലപ്പെടുത്താന്‍ യാഥാസ്ഥിതിക നേതൃത്വം കച്ചകെട്ടിയിറങ്ങിയത് അംഗീകരിക്കാവതല്ല. ഇസ്‌ലാം അനുവദിച്ചുനല്‍കിയ സ്ത്രീസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കുന്ന നിലപാടുകളുമായി സമസ്ത നേതൃത്വം മുന്നോട്ടുപോയാല്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ ഒറ്റക്കെട്ടായി അതിനെതിരെ പോരാടും. പതിറ്റാണ്ടുകളായി ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായി കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ ആര്‍ജ്ജിച്ചെടുത്ത നവോത്ഥാന മുന്നേറ്റത്തെ ആരെങ്കിലും തടയിടാന്‍ ശ്രമിച്ചാല്‍ സ്ത്രീ സമൂഹം അത് ചെറുത്തുതോല്‍പിക്കുമെന്നും എം ജി എം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി ടി ആയിശ, റുക്‌സാന വാഴക്കാട്, ഖമറുന്നീസ അന്‍വര്‍, മറിയക്കുട്ടി സുല്ലമിയ്യ, ബുഷ്‌റ നജാത്തിയ്യ, സൈനബ ശറഫിയ, പാത്തേയ്കുട്ടി ടീച്ചര്‍, ഖദീജ കൊച്ചി, റാഫിദ ചങ്ങരംകുളം, സജ്‌ന പട്ടേല്‍താഴം, ഡോ. ജുവൈരിയ്യ, ഹസനത്ത് പരപ്പനങ്ങാടി, അഫീഫ പൂനൂര്‍, ഫാത്തിമ ചാലിക്കര, സഫൂറ തിരുവണ്ണൂര്‍, സനിയ്യ അന്‍വാരിയ്യ, നജീബ കടലുണ്ടി, ആയിഷ ഹഫീസ്, സഫല നസീര്‍, പി റസിയാബി പ്രസംഗിച്ചു.