ഷിറീന്റെ കൊലപാതകം: മലക്കം മറിയുന്ന യു എസ്
ഷിറീന്‍ അബൂ ആഖില കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്ന ആദ്യ നിമിഷങ്ങളില്‍ യു എസ്, ഫലസ്തീന്‍ പക്ഷത്തെ അവഗണിച്ച് ഇസ്‌റാഈല്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന്, സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് സംയുക്ത അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഷിറിന്‍ അബൂ ആഖിലയുടെ കൊലപാതകത്തെ യു എസ് ഉദ്യോഗസ്ഥരാരും അപലപിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ മെയ് മാസത്തില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ കിയവില്‍ കൊല്ലപ്പെട്ടപ്പോള്‍ യു എസിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. മെയ് 24-ന് യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ ബ്രെന്റ് റെനോ കൊല്ലപ്പെട്ടപ്പോള്‍ ബൈഡന്‍ ഭരണകൂടം ഉടന്‍ തന്നെ റഷ്യയെ അപലപിച്ചു. സിനിമാ നിര്‍മാതാക്കളും മാധ്യമ പ്രവര്‍ത്തകരും റഷ്യന്‍ സൈനികരുടെ ആക്രമണത്തില്‍ യുക്രെയ്‌നില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നുവെന്നാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, ഷിറീന്‍ അബൂ ആഖിലയുടെ കൊലപാതകത്തിന് ശേഷം നെഡ് പ്രൈസ് പ്രതികരിച്ചത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. വെസ്റ്റ്ബാങ്കില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ ആഖില കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുന്നു, ശക്തമായി അപലപിക്കുന്നു. ഉടന്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണം. അവരുടെ മരണം എല്ലായിടത്തെയും മാധ്യമ സ്വാതന്ത്ര്യത്തിന് അപമാനകരമാണ് -ഇപ്രകാരമാണ് നെഡ് പ്രൈസ് ട്വിറ്ററില്‍ കുറിച്ചത്. രണ്ട് സാഹചര്യത്തിലെയും പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്.