8 Friday
August 2025
2025 August 8
1447 Safar 13

വൃദ്ധസദനങ്ങളില്‍ അഴിഞ്ഞുവീഴുന്ന പൊയ്മുഖങ്ങള്‍

നസ്ബാനു അരീക്കോട്‌

രുവഴിയിലാകുന്ന വയോജനങ്ങള്‍ക്ക് വൃദ്ധസദനമൊരു ആശ്വാസകേന്ദ്രമാണെങ്കിലും തന്റെ ഉറ്റവരെന്ന് ചൂണ്ടിക്കാണിക്കാന്‍ ആളുകളുണ്ടായിരിക്കെ വൃദ്ധസദനത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ വളരെ ദുഃഖകരമാണ്. നരവീണ മുടിയും ചുളിവുകള്‍ നിറഞ്ഞ ശരീരവും എവിടെയുണ്ടോ അവരുടെ വാസസ്ഥലം വൃദ്ധസദനമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. ഏതൊരുവനും അവന്റെ ഭവനമാണ് ഏറ്റവും ഇഷ്ടം. ഉറ്റവരുടെ ജോലിയും മറ്റും കാരണം വൃദ്ധസദനമെന്ന മാര്‍ഗം തെരഞ്ഞെടുക്കുമ്പോള്‍ വൃദ്ധമാതാപിതാക്കളുടെ സന്തോഷത്തിനും സമാധാനത്തിനും താഴു വീഴുകയാണ്. ആരോരുമില്ലാത്ത, തെരുവുകളിലും മറ്റും കഴിഞ്ഞിരുന്ന ജനങ്ങള്‍ പാര്‍ത്തിരുന്ന വൃദ്ധസദനങ്ങള്‍ ഇപ്പോള്‍ വീടും ബന്ധുക്കളും ഉള്ളവരാല്‍ തിങ്ങി നിറഞ്ഞ സ്ഥലമായി മാറി.
അറുനൂറോളം വൃദ്ധസദനമുള്ള കേരളമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങളുള്ള സംസ്ഥാനം. വൃദ്ധസദനങ്ങളുടെയും അവിടെയുള്ള അന്തേവാസികളുടെയും വര്‍ധനവ് കാരണം വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കേണ്ടതും പോറ്റേണ്ടതുമായ ചുമതല തന്റേതാണെന്ന ബോധ്യത്തില്‍ നിന്ന് പലരും വ്യതിചലിക്കുന്നു. ജീവിതത്തിരക്കുകളില്‍ മുങ്ങിത്താഴുന്നതു കാരണം സ്വഭവനങ്ങളില്‍ പരിചരിക്കാനും മറ്റും സൗകര്യമൊരുക്കാതെ തന്റെ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളുമ്പോള്‍ അവരുടെ മാനസികാവസ്ഥ കാണാതെ പോകുന്നത് ഏറെ പരിതാപകരമാണ്. ഇത്തരം കാര്യങ്ങളില്‍ ബോധവാന്മാരാകുന്നതുവഴി തന്റെ പിതാവിന്റെ അല്ലെങ്കില്‍ മാതാവിന്റെ ജീവിതം സുന്ദരമാക്കുകയാണ്.
വൃദ്ധസദനമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്തവര്‍ക്കു പുറമെ എല്ലാ സൗകര്യങ്ങളും സംവിധാനവുമുള്ളവര്‍ പോലും രക്ഷിതാക്കളെ കൊണ്ടുതള്ളാനുള്ള മാര്‍ഗമായി അതിനെ ആശ്രയിക്കുമ്പോള്‍ ഇതു കണ്ടുവളരുന്നവരും തലമുറയില്‍ നിന്ന് സ്‌നേഹം എന്ന പദത്തെ അന്യംനിര്‍ത്തുകയാണ് ചെയ്യുന്നത്. വളര്‍ത്തി വലുതാക്കിയവരെ തെരുവുകളിലേക്കിറക്കിവിടുന്ന മക്കളും അവരുടെ ചിന്താവിചാരങ്ങളും അങ്ങേയറ്റം അധഃപതിച്ചതാണ്. രക്ഷിതാവായി ഒരു വ്യക്തിയുണ്ടായിരിക്കെ വൃദ്ധസദനത്തിലേക്കയക്കുന്നവരെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും അത് മുഖവിലക്കെടുക്കാതെ കാറ്റില്‍ പറത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്.
ആധുനിക യുഗത്തെ തുറിച്ചു നോക്കുന്ന ഒരു സാമൂഹിക പ്രശ്‌നമാണ് വാര്‍ധക്യം. മാതാ-പിതാ ബഹുമാനവും മുന്‍ഗണനയും നല്‍കാത്തതു കാരണമാണ് ഇത്തരം സ്ഥാപനങ്ങള്‍ വര്‍ധിച്ചു വരുന്നതും. ഉറ്റവരുടെ ഇത്തരം പ്രവൃത്തി മൂലം വൃദ്ധസമൂഹം നടന്നു നീങ്ങുന്നത് അവഗണനയുടെ വീഥികളിലൂടെയാണ്. 2021-ലെ കണക്ക് പ്രകാരം 621 വൃദ്ധസദനങ്ങളാണ് കേരളത്തിലുള്ളത്.
ഇതിന്റെ എത്രയോ ഇരട്ടി വയോജനങ്ങള്‍ വൃദ്ധസദനത്തിലുണ്ടെന്നും ചുമതലയുള്ളവര്‍ വൃദ്ധമാതാപിതാക്കളെക്കുറിച്ച് ബോധവാന്മാരല്ലെന്നതിനുമുള്ള വലിയ തെളിവാണിത്. വൃദ്ധസദനങ്ങള്‍ ആരോരുമില്ലാത്തവര്‍ക്ക് കൈത്താങ്ങാണെങ്കിലും മാതാപിതാക്കളെ പ്രായമാകുമ്പോള്‍ ഉപേക്ഷിക്കാനുള്ള ഇടമാണെന്ന മനോഭാവം കാരണം പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നു പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ കാണേണ്ടതുണ്ട്.

Back to Top