വഖഫ്: സര്‍ക്കാര്‍ നടപടി വഞ്ചനാപരം; സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം ചെറുക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: കേരളത്തിലെ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബി ജെ പി പ്രസിഡന്റ് ജെ പി നഡ്ഡയുടെ കോഴിക്കോട്ടെ പ്രസ്താവന അപലപനീയമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിച്ച് കേരളത്തില്‍ വേരുറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്ക് പരവതാനി വിരിച്ച് പരാതി പരിഹാരം തേടി പോകുന്ന ക്രൈസ്തവ സഭാ നേതൃത്വ നിലപാട് ആത്മഹത്യാപരമാണ്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ ഭീകര സംഘടനകളുടെ ചട്ടുകമായി വര്‍ത്തിക്കുന്ന സഭാ പുരോഹിതന്മാരെയും കാസ പോലുള്ള തീവ്രവാദ സംഘടനകളെയും തള്ളിപ്പറയാന്‍ ക്രൈസ്ത നേതൃത്വം തയ്യാറാവണം. സാമുദായികാന്തരീക്ഷം കലുഷിതമാക്കി കേരളത്തില്‍ വിഷം വമിപ്പിക്കുന്ന പി സി ജോര്‍ജിനെപ്പോലുള്ളവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്ന സഭാ പുരോഹിതന്‍മാര്‍ കേരളീയ സമൂഹത്തോട് കടുത്ത അപരാധമാണ് ചെയ്യുന്നത്.
കേരള രാഷ്ട്രീയത്തെ ജാതിമത ധ്രുവീകരണത്തിലേക്ക് നയിക്കുന്ന സി പി എമ്മിന്റെ രാഷ്ട്രീയ അടവുനയങ്ങള്‍ ഒരിക്കലും നീതീകരിക്കാവതല്ല. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി സമുദായങ്ങള്‍ തമ്മിലടിക്കാനുള്ള അവസരമൊരുക്കിയാല്‍ ത്രിപുരയിലെ ദുരന്തം തന്നെയായിരിക്കും സി പി എമ്മിന് കേരളത്തിലും അഭിമുഖീകരിക്കേണ്ടിവരുകയെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.
വഖഫ് ബോര്‍ഡ് നിയമനം അട്ടിമറിക്കുക വഴി സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം വികാരത്തെ അവഹേളിക്കുകയാണ്. മുസ്‌ലിം സംഘടനകളെ മൊത്തം അപഹസിക്കും വിധം വഖഫ് ബോര്‍ഡ് നിയമന കാര്യത്തില്‍ ധിക്കാരപരമായി മുന്നോട്ടു നീങ്ങുന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം എം ബഷീര്‍, എന്‍ എം അബ്ദുല്‍ജലീല്‍, എഞ്ചി. സൈതലവി, അഡ്വ. മുഹമ്മദ് ഹനീഫ, ഹമീദലി ചാലിയം, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, എം കെ മൂസ, എം അഹ്മദ്കുട്ടി മദനി, കെ എ സുബൈര്‍ ആലപ്പുഴ, കെ എല്‍ പി ഹാരിസ്, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്‍അലി മദനി, അബ്ദുസ്സലാം പുത്തൂര്‍, കെ എം കുഞ്ഞമ്മദ് മദനി, കെ പി അബ്ദുറഹ്മാന്‍, എം ടി മനാഫ്, ഡോ. മുസ്തഫ സുല്ലമി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, പി സുഹൈല്‍ സാബിര്‍, ഫൈസല്‍ നന്മണ്ട, സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
