30 Friday
January 2026
2026 January 30
1447 Chabân 11

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വഷളായി -യു എസ് പാനല്‍


ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യു എസ് പാനല്‍. രാജ്യത്തെ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ ഉപരോധം ചുമത്താന്‍ യു എസ് പാനല്‍ ആവശ്യപ്പെട്ടു. പ്രത്യേക ആശങ്കയുള്ള രാഷ്ട്രങ്ങളുടെ യു എസ് പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിനോട് യു എസ് സി ഐ ആര്‍ എഫ് പുറത്തിറക്കിയ വാര്‍ഷിക റിപോര്‍ട്ടിലാണ് ആവശ്യപ്പെട്ടത്. ഗുരുതരവും തുടരുന്നതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ ഇന്ത്യ പങ്കാളിയാവുകയും വ്യവസ്ഥാപിതമായി സഹകരിക്കുകയും ചെയ്യുന്നതായി യു എസ് പാനല്‍ വിമര്‍ശിച്ചു. ഈ വര്‍ഷം ഹിന്ദു ദേശീയ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നയങ്ങള്‍ പിന്തുണക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ ഭരണകൂടം വര്‍ധിപ്പിച്ചു. ഇത് മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ദലിത്, മറ്റ് ന്യൂനപക്ഷങ്ങളെയും പ്രതികൂലമായി ബാധിച്ചു -റിപോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്റെ കണ്ടെത്തലുകള്‍ പക്ഷപാതപരമാണെന്നു പറഞ്ഞ്, മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ പേരില്‍ രാജ്യത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കമ്മീഷന്റെ നിര്‍ദേശത്തെ ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ചൈന, എരിത്രിയ, ഇറാന്‍, മ്യാന്‍മര്‍, ഉത്തരകൊറിയ, പാകിസ്താന്‍, റഷ്യ, സുഊദി അറേബ്യ, തജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് യു എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നിലവിലെ മതസ്വാതന്ത്ര്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Back to Top