വിയര്‍പ്പിനെ കണ്ടില്ലെന്ന് നടിക്കരുത്
ഹന അബ്ദുല്ല
കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ നല്ലൊരു പങ്കും എത്തിച്ചേരുന്നത് മണലാരണ്യത്തില്‍ നിന്നുമാണ്. മരുഭൂമിയിലെ പൊള്ളുന്ന വേനലില്‍ കഷ്ടപ്പെടുന്നതിന്റെ പ്രതിഫലമാണ് കേരളത്തിന്റെ സുരക്ഷിത സാമ്പത്തിക മേഖല എന്നു വേണമെങ്കില്‍ പറയാം. വിദേശനാണയ ശേഖരത്തിന്റെ കാര്യം പറയുകയാണെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗവും എത്തിച്ചേരുന്നത് ഗള്‍ഫ് നാടുകളിലെ മലയാളികളില്‍ നിന്നുമാണെന്നത് മറ്റൊരു വസ്തുത. സാമ്പത്തിക വ്യവസ്ഥ മാറ്റിനിര്‍ത്തി ജീവിത സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ക്കും പിറകില്‍ പ്രവാസി മലയാളികള്‍ തന്നെയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രവാസി മലയാളികളെ വളരെ ദുരിതത്തിലാക്കുന്ന രീതിയിലാണ് ഇന്നത്തെ ഗള്‍ഫ് നാടുകളിലെ തീരുമാനങ്ങള്‍. സ്വദേശിവല്‍ക്കരണ പദ്ധതികള്‍ അവിടെയുള്ള മലയാളികളുടെ പ്രതീക്ഷയും ആശ്വാസവും തകര്‍ക്കുന്ന നിലയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. പലര്‍ക്കും മറ്റൊരു ജോലി കണ്ടുപിടിക്കാന്‍ കഴിയാത്ത നിലയിലായിരിക്കെയാണ് സ്വദേശിവത്കരണം എന്ന പേരില്‍ അവിടെ നിന്നും അവരെ പറിച്ചു മാറ്റപ്പെടുന്നത്. സര്‍ക്കാര്‍ തലത്തില്‍ നയതന്ത്ര ഇടപെടലുകള്‍ സാധ്യമാകുമോ ഇക്കാര്യത്തില്‍?