എങ്ങോട്ടാണ് ഈ പോക്ക്
ഷിഫാന സാഹിറ പുറമണ്ണൂര്‍
ലഹരിയുടെ ഉപയോഗം സമൂഹത്തെ ലഹരിക്കടിമയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ സുലഭമായിക്കിട്ടുന്ന കഞ്ചാവു മുതലുള്ള ലഹരി വസ്തുക്കള്‍. സ്‌കൂള്‍ കുട്ടികള്‍ വരെ അതിന്റെ അടിമകളും വിതരണക്കാരുമാണ്.. ഇടക്ക് ചിലരെ പിടിച്ച് അകത്തിടുന്നുണ്ടെങ്കിലും അതിന്റെ എത്രയോ ഇരട്ടി പുറത്ത് കൈമാറ്റം ചെയ്യുന്നുണ്ട്. ഇതിനു പുറമേ ഭരിക്കുന്നവരുടെ ഉദാര നയവും ഇവപെരുകാന്‍ കാരണമാകുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ ആദ്യം ചാരായം നിരോധിച്ചു; പിന്നെ ബാറുകളും. എന്നാല്‍ അഴിമതിയില്ലാത്തവര്‍ എന്ന് സ്വയം വീമ്പിളക്കുന്നവര്‍ പൂട്ടിയ ബാറുകളെല്ലാം തുറപ്പിച്ചു. ബാറുകളുടെ ദൂരപരിധി വെട്ടിക്കുറച്ചു. നിരോധനമല്ല ഉപദേശമാണത്രേ വേണ്ടത്! നിരോധിച്ചാല്‍ ഉപയോഗം കൂടുമത്രേ. മദ്യത്തില്‍ നിന്നുള്ള വരുമാനവും അതുമായി ബന്ധപ്പെട്ടവരുടെ വോട്ടും മാത്രമാണ് അധികാരികളുടെ ലക്ഷ്യം. ഇങ്ങനെ അനുവദനീയവും അല്ലാത്തതുമായ ലഹരി യുവാക്കളില്‍ വ്യാപകമാവുകയാണ്. അത്തരം യുവാക്കള്‍ ലഹരി ബാധിച്ച് ചെയ്യുന്ന കുറ്റകൃത്യത്തിന് അവരേക്കാള്‍ ഉത്തരവാദി ഭരിക്കുന്നവരാണ്. മദ്യമായാലും മയക്കുമരുന്നായാലും കുറ്റകൃത്യങ്ങള്‍ക്കുള്ള വഴിമരുന്ന് ഇല്ലാതാക്കാനുള്ള തന്റേടം സര്‍ക്കാര്‍ കാണിക്കണം. വര്‍ധിച്ചു വരുന്ന ബാറുകളും ലഹരിയുടെ ഉത്പന്നങ്ങളുടെ ഇറക്കുമതിയും ഒരു മറയും കൂടാതെ സുഗമമായി നട ക്കുമ്പോള്‍ കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ക്ക് വരെ ഇഷ്ടം പോലെ ഉപയോഗിക്കാന്‍ സൗകര്യമായിരിക്കുന്നു. ഇതിനൊരു മാറ്റം അനിവാര്യമാണ്.