ജനങ്ങളെ ദ്രോഹിക്കുന്ന പരിഷ്‌കാരങ്ങള്‍ ആര്‍ക്കു വേണ്ടി?
സഫൂറ നാസര്‍
അധികാരമുണ്ടായിട്ടും കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ തക്ക പരിഹാരങ്ങള്‍ കൈക്കൊള്ളാതെ രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന ഭരണ സംവിധാനം ജനങ്ങളുടെ ക്രമസമാധാനം തകര്‍ക്കുകയും ആനുകൂല്യങ്ങളെല്ലാം വെറും സ്വപ്‌നമായി ഒതുക്കുകയും ചെയ്യുന്ന അവസ്ഥയാണ്. സ്വന്തം രാജ്യത്തെ ആപ്പിലാക്കി മറ്റു രാജ്യങ്ങളിലേക്ക് കടത്തിവിടുന്ന ആനുകൂല്യങ്ങള്‍ എന്തിന്റെ പേരിലാണ്. അധികാരം കയ്യാളി രാജ്യത്തു നടപ്പാക്കേണ്ട സേവനങ്ങള്‍ തീര്‍ത്തും അന്യമാക്കി അനുദിനം കുത്തനെ ഉയരുന്ന വിലക്കയറ്റത്താല്‍ രാജ്യത്തെ ദ്രോഹിക്കുന്ന ഇത്തരം ഭരണ പരിഷ്‌കാരങ്ങള്‍ തുടര്‍ന്നാല്‍ പട്ടിണിയും പരവേശവുംകൊണ്ട് തളര്‍ ഒരു ഇന്ത്യയെ വാര്‍ത്തെടുക്കും ഭാവിയില്‍.
വിലക്കയറ്റത്തിനെതിരെയും പാചകവാതക ദൗര്‍ലഭ്യതയ്‌ക്കെതിരെയും അലമുറയിട്ടിരുന്ന വിഭാഗം തന്നെ അധികാരം ഏറ്റെടുക്കുമ്പോ ള്‍ ഇതാണ് അവസ്ഥ. പാവപ്പെട്ടവന്റെ കീശയില്‍ കയ്യിട്ടു ഖജനാവ് നിറക്കുന്ന ഭരണകൂടം. സൗഹൃദത്തിന്റെ പേരില്‍ അയല്‍ രാജ്യത്തിന്റെ വറുതിയും മറ്റും പരിഹരിക്കുന്നതിന്റെ പകുതി സ്വന്തം രാജ്യത്തെ സംരക്ഷിച്ചിരുന്നെങ്കില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയാകുമായിരുന്നു. എന്തായാലും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ ഒരൊറ്റ സംസ്ഥാനവും നികുതി കുറക്കാന്‍ തയ്യാറാകുന്നില്ല. കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന ഇന്ധന നികുതികള്‍ സാധാരണക്കാരുടെ വയറ്റത്തടിക്കുകയാണ്. ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സംവിധാനങ്ങളാണ് ഇത്തരത്തില്‍ ജനദ്രോഹപരമായ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് സങ്കടകരമാണ്. ഇന്ധന നികുതിയുടെ പേരിലുള്ള കൊള്ളയ്ക്ക് അറുതി വരുത്തുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാറുകള്‍ക്ക് ചെയ്യാനുള്ളത്. കേരളമെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാണിക്കേണ്ടതുണ്ട്.