1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഗ്യാങ് വാറായി മാറുന്ന രാഷ്ട്രീയം


പാലക്കാട്, ആലപ്പുഴ കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഗ്യാങ് വാറായി മാറുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഇരു സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഒരേ സംഘടനകളാണ്. ഈ സംഘടനകള്‍ തമ്മിലുള്ള അക്രമണ പരമ്പരക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു വിഭാഗം ഹിന്ദുത്വ രാഷ്ട്രീയ പദ്ധതികള്‍ക്കുവേണ്ടി മണ്ണൊരുക്കാനുള്ള തിരക്കിലാണ്. രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം ആകുമ്പോഴേക്ക് ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കണമെന്നാണ് അവര്‍ കരുതുന്നത്. അതിന് വിലങ്ങുതടിയായി നില്‍ക്കുന്ന സമുദായങ്ങളെ കുറിച്ചും രാഷ്ട്രീയ വിഭാഗങ്ങളെ കുറിച്ചും വിചാരധാരകളിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, മുസ്ലിം സമുദായത്തെ അപരവത്കരിച്ചും ഇന്ത്യയില്‍ അവരുടെ സ്വാഭാവിക ജീവിതവും അഭിമാനകരമായ നിലനില്‍പും അന്യമാക്കിയും പുറംതള്ളണമെന്നാണ് ഉദ്ദേശിക്കുന്നത്. മുസ്ലിംകള്‍ സ്വന്തം നിലക്ക് രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നവരായി മാറാന്‍ പാടില്ല, മറിച്ച് കീഴ്‌പെട്ട് നില്‍ക്കുന്ന രണ്ടാംതരം പൗരന്മാരായി തുടരാം എന്നാണ് പ്രഖ്യാപനം. ഈ രൂപത്തില്‍ ഹിന്ദുത്വ പദ്ധതിക്ക് ആവശ്യമായ രാഷ്ട്രീയ അജണ്ടകളാണ് സംഘപരിവാര്‍ ശക്തികള്‍ മുന്നോട്ട് വെക്കുന്നത്.
മറുഭാഗത്ത്, സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ടാര്‍ഗറ്റ് കമ്മ്യൂണിറ്റി എന്ന നിലയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്ന് വാദിക്കുന്നു. തിരിച്ചടികളും കൊലപാതകങ്ങളും രായ്ക്ക് രാമാനമുള്ള പ്രത്യാക്രമണങ്ങളും പ്രവര്‍ത്തന രീതിയായി സ്വീകരിച്ചിരിക്കുന്നവരുടെ മുദ്രാവാക്യം, പ്രതിരോധം അപരാധമല്ല എന്നതാണ്. അവര്‍ നിര്‍വഹിക്കുന്നത് പ്രതിരോധമാണോ എന്ന കാര്യത്തില്‍ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷികള്‍ക്കെല്ലാം വിയോജിപ്പുണ്ട്. ഗ്യാങ് വാര്‍ പോലെ പരസ്പരമുള്ള കൊലപാതകത്തിന് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പിന്തുണ ലഭിക്കുമെന്ന് കരുതാന്‍ ന്യായമില്ല.
സംഘപരിവാര്‍ കാലത്തെ മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ വിവിധ അഭിപ്രായങ്ങളുണ്ട്. സമുദായത്തിന്റെ അസ്തിത്വവും സ്വത്വബോധവും അടിയറവ് വെക്കാതെയുള്ള അഭിമാനകരമായ രാഷ്ട്രീയ സ്വയംനിര്‍ണയാവകാശമാണ് ഏതൊരു സമൂഹത്തെയും മുന്നോട്ടു നയിക്കുക. ഭീതിപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെന്ന് കരുതി അഭിമാനബോധം അടിയറവ് വെക്കേണ്ടതില്ല. ഓരോ സമുദായത്തിനും സ്വന്തമായി സംഘടിക്കാനും രാഷ്ട്രീയ കര്‍തൃത്വം നിര്‍വഹിക്കാനും ഈ രാജ്യത്ത് അനുമതിയുണ്ട്. എന്നാല്‍ ആ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കുന്നതില്‍ വിമുഖത കാണിക്കുകയും പ്രതിരോധമെന്ന പേരില്‍ ഊര്‍ജം ചെലവഴിക്കുകയും ചെയ്യുന്നത് പ്രസ്തുത സമുദായത്തെ മുന്നോട്ടുനടത്തുന്ന സമീപനമല്ല. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ആക്രമണ-പ്രത്യാക്രമണ ശൈലി ഒരു പാര്‍ട്ടിയെയും സ്ഥിരമായി രക്ഷപ്പെടുത്തിയിട്ടില്ല എന്നതാണ് ജീവിക്കുന്ന യാഥാര്‍ഥ്യം. കണ്ണൂരില്‍ സ്ഥിരമായി നടന്നിരുന്ന രാഷ്ട്രീയ കൊലപാതക പരമ്പര പരസ്പര ചര്‍ച്ചയിലൂടെ മതിയാക്കാന്‍ ഇരുകക്ഷികളും തീരുമാനിച്ചതിന്റെ ചേതോവികാരം അതാണ്.
രാഷ്ട്രീയമായി അത് ദീര്‍ഘവീക്ഷണപരമല്ല എന്ന വസ്തുത ഒരു ഭാഗത്തുണ്ട്. അതേ സമയം, ആക്രമണ-പ്രത്യാക്രമണ രാഷ്ട്രീയ ശൈലിക്ക് മതപരമായി ഏതെങ്കിലും തരത്തില്‍ പിന്തുണ ലഭിക്കുമോ എന്ന കാര്യം അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാണ്. നേരിട്ട് ആക്രമിക്കപ്പെടുമ്പോഴുള്ള ചെറുത്തുനില്‍പല്ലാതെ, ഒരു സംഘടനയിലെ ആരു കൊല്ലപ്പെടുന്നതും പ്രതിരോധമാണ് എന്ന് വാദിക്കാന്‍ പ്രാമാണികമായി സാധിക്കുകയില്ല. തനിക്കുനേരെ വരുന്ന ആക്രമിയുടെ കൈ പിടിക്കാനല്ലാതെ, ഒരു ഗ്യാങ് വാര്‍ സംസ്‌കാരം മതം പഠിപ്പിക്കുന്നില്ല. ഇനി, ഇസ്ലാമിലെ യുദ്ധസന്ദര്‍ഭത്തിലെ വചനങ്ങളെ സന്ദര്‍ഭ നിരപേക്ഷമായി വ്യാഖ്യാനിക്കുകയാണെങ്കില്‍ പോലും, അതിന് ഒട്ടേറെ നിബന്ധനകളും ഘട്ടങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. ഒരു വ്യവസ്ഥാപിത ഭരണകൂടത്തിനുകീഴില്‍ ന്യായപൂര്‍ണമായ സന്ദര്‍ഭത്തിലുള്ള, നീതിപൂര്‍വമായ നടപടിക്രമങ്ങളാണ് ഇസ്ലാമിക പ്രമാണങ്ങളിലുള്ള യുദ്ധം. ഏതെങ്കിലും സംഘടനാ നേതൃത്വത്തിനോ ആള്‍ക്കൂട്ടങ്ങള്‍ക്കോ പ്രാമാണികമായി യുദ്ധത്തിനുള്ള അതോറിറ്റി ഇല്ല.
സംഘപരിവാര്‍ പോലെയുള്ള ശക്തികള്‍ ഒരു രാജ്യം മുഴുവന്‍ ഹിന്ദുത്വ പദ്ധതിക്ക് വേണ്ടി കളമൊരുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട രൂപത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും സാമൂഹിക സംഘടനകള്‍ക്കിടയിലും അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. മുസ്ലിംകളുടെ സാമുദായികമായ നിലനില്‍പും രാഷ്ട്രീയമായ സംഘാടനവും മതനിരപേക്ഷമായ ഭരണഘടനാ വ്യവസ്ഥകളുമാണ് ഇന്ത്യയിലെ ഒട്ടുമിക്ക സാമൂഹിക നിരീക്ഷകരും പങ്കുവെക്കുന്ന പരിഹാരം. അത് സമ്പൂര്‍ണമാണോ എന്ന കാര്യത്തില്‍ സംവാദമാകാം. പക്ഷേ, ഇസ്ലാമിക സിദ്ധാന്തങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അത് പ്രാമാണികതയുള്ള നിലപാടാണ്.

Back to Top