20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

പെരുന്നാള്‍ പൊലിമ നാട്ടിലും മറുനാട്ടിലും

മുജീബ് എടവണ്ണ


‘നോമ്പും പെരുന്നാളും ഇവിടെയാണോ നാട്ടിലാണോ ആഗ്രഹിക്കുന്നത്?’
‘നോമ്പ് ഇവിടെയും പെരുന്നാളിനു നാട്ടിലുമാകാനാണ് ഇഷ്ടപ്പെടുന്നത്!’
ദുബൈയിലുള്ള മുതിര്‍ന്നവരോടും കുട്ടികളോടും പങ്കിട്ട ലളിതമായ ചോദ്യവും അതിനു ലഭിച്ച ഉത്തരവുമാണിത്.
എന്തുകൊണ്ട് നോമ്പ് ഗള്‍ഫിലാകണമെന്ന ചോദ്യത്തിന് അവര്‍ക്കെല്ലാം മറുപടിയുണ്ട്. നോമ്പിന് ആരാധനകള്‍ക്ക് ശാന്തമായ അന്തരീക്ഷമുണ്ട്. അവനവന്റെ തൊഴിലും നാട്ടിലെ ആശ്രിതരുടെ ജീവിതവും കാത്തുസൂക്ഷിക്കുക എന്ന മൗലികപ്രധാനമായ കര്‍ത്തവ്യം നോമ്പുകാലത്ത് കൂടുതല്‍ ഊഷ്മളമാകും. പൊതുവേ ബഹളരഹിതമായ ഗള്‍ഫ്, ഉപവാസക്കാലത്ത് ആത്മീയതയില്‍ ആമഗ്‌നമാകുന്ന കാഴ്ചയാണ്. പള്ളികളില്‍ നിന്നുള്ള ശ്രുതിമധുരമായ പാരായണങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തിന്റെ മിഴിവേറ്റുന്നു.
ജോലിക്കാരെ പഴിക്കുന്നത് പതിവാക്കിയ കഫീല്‍ പോലും റമദാനായാല്‍ ‘ഇന്നീ സ്വാഇമുന്‍’ എന്ന പ്രവാചക വചനശകലം സ്മരിച്ച് പഴിക്കാനൊരുക്കിയ നാവ് ഒതുക്കിയിടുന്നതു കാണാം. കോവിഡ് സംഹാരതാണ്ഡവമാടിയ കാലത്ത് അടഞ്ഞുകിടന്ന പള്ളിവാതിലുകളും കൂമ്പടഞ്ഞുപോയ റമദാന്‍ തമ്പുകളും പ്രവാസികളില്‍ ഉണ്ടാക്കിയ വ്യഥ കോവിഡ് കാലം കഴിഞ്ഞാലും നീറിക്കൊണ്ടിരിക്കും. അടഞ്ഞതെല്ലാം പാതിയെങ്കിലും തുറന്ന നോമ്പുകാലമാണ് ഇപ്പോള്‍ വിടപറയുന്നത്.
പെരുന്നാള്‍ എന്തുകൊണ്ട് നാട്ടില്‍ പ്രിയപ്പെട്ടതാകുന്നു എന്നതിന്റെ വിശദീകരണത്തില്‍, ഓരോ പ്രവാസിയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്‌നേഹവും അനുകമ്പയും കുടുംബങ്ങളോടൊപ്പം കഴിയാനുള്ള മോഹവും പ്രതിഫലിക്കുന്നതു കാണാം. സന്തോഷാവസരങ്ങളില്‍ ഉറ്റവരെ കാണുന്നതിലുള്ള ഉത്സാഹം പെരുന്നാളില്‍ പരകോടി പ്രാപിക്കും. അതുകൊണ്ടാണ് കുതിച്ചുയരുന്ന വിമാന ടിക്കറ്റിന്റെ വില നോക്കാതെ അവരില്‍ പലരും പെരുന്നാളിനു നാട്ടിലെത്തുന്നത്. പെരുന്നാളുകളും ഓണവും വിഷുവും ക്രിസ്തുമസുമെല്ലാം നാട്ടിലാകാ ന്‍ കൊതിക്കുന്നവരാണ് മലയാളി സമൂഹം.
ഗള്‍ഫില്‍ പെരുന്നാള്‍ ഈദ്ഗാഹും ഭക്ഷണവും കഴിയുന്നതോടെ ഉറക്കത്തിന്റെ ആലസ്യത്തിലാഴ്ന്ന് ഊര്‍ന്നുപോകും. അതിനു മുമ്പ് നാട്ടിലുള്ളവരെ വിളിച്ച് ‘ഈദ് മുബാറക്’ ആശംസിക്കുന്ന ആഹ്ലാദകരമായ ചടങ്ങുണ്ട്. നാട്ടിലും ഗള്‍ഫിലും ഒരേ ദിവസം പെരുന്നാള്‍ ആകുമ്പോഴാണ് ഈ ആശംസകള്‍ക്ക് അകക്കാമ്പുണ്ടാവുക. ഗള്‍ഫില്‍ പെരുന്നാളും വീട്ടില്‍ നോമ്പുപകലുമാണെങ്കില്‍ ഈദ് മുബാറകിന് അത്ര റീച്ച് കിട്ടില്ലെന്നതിനാല്‍ ഈദ് സന്ദേശം പകരാന്‍പോലും പ്രവാസി നാട്ടിലെ പെരുന്നാള്‍ പുലരി വരെ കാത്തിരിക്കുകയാണ് ചെയ്യുക. നാട്ടിലുള്ളവരുടെ സന്തോഷമാണ് അവന്റെ ഉള്ളില്‍ എന്നും ഒരുപടി മുന്നിലുണ്ടാവുക. അങ്ങനെ നിര്‍ത്താനേ അവര്‍ക്കാകൂ എന്നതാണ് സത്യം!
ഈദ്ഗാഹിലും പള്ളിയിലും ഒത്തുകൂടുമ്പോള്‍ കണ്ടിരുന്ന ഹസ്തദാനവും ആലിംഗനവും കോവിഡ് എടുത്തിരുന്നു. ഇപ്പോള്‍ അതെല്ലാം പ്രവാസികള്‍ക്കിടയിലേക്ക് പതിയെ വരുന്നുണ്ട്. എന്നാല്‍ ആലിംഗനവും സമപ്രായക്കാര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ മൂക്കുകള്‍ തമ്മില്‍ സ്പര്‍ശിക്കുന്ന (ഖശം) സ്‌നേഹോപചാരവും ഇതുവരെ തദ്ദേശീയര്‍ പുനഃസ്ഥാപിച്ചിട്ടില്ല.
25 വര്‍ഷം മുമ്പുള്ള ഒരു നോമ്പുകാലത്തോടടുപ്പിച്ചാണ് എന്റെ പ്രവാസം ഇതള്‍വിരിയുന്നത്.
ഇരുപതിലധികം ആളുകള്‍ ഒന്നിച്ചു വസിക്കുന്ന, നിരവധി പേര്‍ക്ക് ജീവിതവഴി തുറന്നുകൊടുത്ത പരേതനായ കൊടിയത്തൂര്‍ സലാംക്കയുടെ നിയന്ത്രണത്തിലുള്ള ദേറയിലെ ‘തിരൂര്‍’ ഫ്‌ളാറ്റിലാണ് താമസം. നോമ്പ് തുറന്നാല്‍ ജോലിക്ക് ഓടേണ്ടതിനാല്‍ പ്രാഥമിക തുറ കഴിഞ്ഞാല്‍ ഫ്‌ളാറ്റ് വിടും. തിരിച്ചുവരുമ്പോഴേക്കും ഭക്ഷണത്തിനുള്ള കറിച്ചെമ്പിന്റെ അടി കണ്ടിരിക്കും. ദാഹിച്ചവന്‍ തൊട്ടിയും കയറുമില്ലാത്ത കിണറിനു മുകളില്‍ നിസ്സഹായനായി നില്‍ക്കുന്ന പോലെയാണ് ആ ചെമ്പിന് അരികിലുള്ള നില്‍പ്! തലയുടെ നിഴല്‍ താഴെ പാതി കാണാന്‍ മാത്രമേ കറി ശേഷിച്ചിരുന്നുള്ളൂ. അതു കോരിയെടുത്താണ് കഴിക്കേണ്ട ഖുബ്ബൂസിനുള്ള കൂട്ടുണ്ടാക്കുക. എങ്കിലും രണ്ടു വര്‍ഷത്തോളം താണ്ടിയ ആ പ്രാഥമിക കാലം പ്രവാസത്തിന്റെ പ്രൊബേഷന്‍ ആയിരുന്നു.
നാട്ടിലെ ഈദ്ഗാഹ് ആരംഭിക്കണമെങ്കില്‍ എട്ട്-എട്ടരയൊക്കെ ആകുമായിരുന്നു. വെയില്‍ തട്ടി വിയര്‍ക്കുന്ന രീതിയിലാണ് ചാലിയാറിന്റെ മണല്‍പ്പുറത്ത് ഈദ് നമസ്‌കരിച്ചിരുന്നത്. മഹല്ലിലെ ദൂരതാമസക്കാര്‍ക്ക് കുട്ടികളുമായി വന്നെത്താനുള്ള പ്രയാസം ഉയര്‍ത്തിയാണ് ഈദ് നമസ്‌കാരം പിന്തിച്ചിരുന്നത്. ഖതീബ് ‘നോമ്പില്‍ നേടിയ ഭക്തി പാഴാക്കരുതെന്ന’ പതിവുപല്ലവിക്ക് ഉപോദ്ബലകമായി ഉദാഹരണങ്ങളിലേക്ക് കയറുമ്പോള്‍ പ്രഭാഷണം നീളുകയും പെരുന്നാള്‍ പിരിയുന്ന സമയം ഒമ്പതരയാവുകയും ചെയ്യും.
ഗള്‍ഫിലാണ് ഇതിനു കാതലായ മാറ്റം കണ്ടത്. സൂര്യന്‍ ഉദിക്കും മുമ്പ് പെരുന്നാള്‍ സംഗമം അവസാനിച്ചിരിക്കും. മലയാളി പ്രഭാഷകരെപ്പോലെ പരത്തിപ്പറയാത്ത, പെരുന്നാളിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളിച്ച സംക്ഷിപ്ത സന്ദേശമായിരിക്കും പെരുന്നാള്‍ പ്രസംഗം. പക്ഷേ, പെരുന്നാളിനു നാട്ടിലെ തക്ബീര്‍ ധ്വനികളുടെ ശൈലി ഗള്‍ഫിലെ ശൈലിയേക്കാള്‍ പ്രിയപ്പെട്ടതാണ്. പ്രായമുള്ളവരും കുട്ടികളും ഒന്നിച്ച് ‘അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്’ എന്നവസാനിപ്പിക്കുമ്പോള്‍ സന്തോഷത്തിന്റെ പ്രവാഹം ഗ്രാമമാകെ പ്രസരിക്കും.
പകല്‍ ഉറങ്ങിത്തീര്‍ക്കുന്നതാണ് പ്രവാസികളുടെ ഈദ് ചര്യ. വെയിലിനു ശൗര്യം കുറയുമ്പോഴാണ് പുറത്തിറങ്ങി പെരുന്നാളിന്റെ ഭാഗമാകാനാവുക. അതുകൊണ്ടാണ് ഈദ്ഗാഹും ഭക്ഷണവും കഴിഞ്ഞാല്‍ ഓരോ ബാച്ചിലേഴ്‌സ് മുറികളും ഇരുളടഞ്ഞതാകുന്നത്. സംഘശയനത്തിലെ ഗ്രൂപ്പ് കൂര്‍ക്കംവലിയും വിന്‍ഡോ എസിയുടെ മുരള്‍ച്ചയും ചേരുമ്പോഴുണ്ടാകുന്ന സമ്മിശ്ര സ്വരവിന്യാസം മുറിയിലേക്ക് വൈകിയെത്തി വാതില്‍ തുറക്കുന്നവര്‍ക്ക് അനുഭവിക്കാനാകും. ലൈറ്റിടാതെ, പതുക്കെ വാതില്‍ തുറന്ന് തന്റെ കട്ടിലിനടുത്തേക്ക് എത്തണമെങ്കില്‍ ഒരു കള്ളനേക്കാള്‍ വലിയ ജാഗ്രത ബാച്ചിലേഴ്‌സ് സഹമുറിയനുണ്ടായിരിക്കണം. അതില്ലെങ്കില്‍ കൂര്‍ക്കംവലി താല്‍ക്കാലികമായി പോസ് ചെയ്ത് വൈകി വന്നവനെ ശകാരിക്കുന്നത് ലൈവായി കേള്‍ക്കാനാകും. ഉറക്കത്തിലായതിനാല്‍ ചിലപ്പോള്‍ അതു മുറുമുറുപ്പ് മാത്രമായിരിക്കും. എന്നാല്‍ ഉറക്കം തെളിഞ്ഞ് രംഗത്തുവരുമ്പോള്‍ പരസ്യമായ ശകാരവും താക്കീതും ഉണ്ടായെന്നും വരാം. ഉറങ്ങുമ്പോള്‍ മുറിയില്‍ ലൈറ്റിട്ട ഒരാളെ കുത്തിക്കൊന്ന ദാരുണസംഭവം സൗദിയില്‍ ഉണ്ടായിട്ടുണ്ട്.

ഉറക്കം മുറിയാന്‍ ഇഷ്ടപ്പെടാത്ത ഗള്‍ഫിലെ തൊഴില്‍ സാഹചര്യം പ്രധാനമാണ്. അളന്നു മുറിച്ച് കിട്ടുന്ന വിശ്രമസമയം അവസരോചിതമാക്കാന്‍ മത്സരിക്കുന്നവരാണ് പ്രവാസികള്‍. അരിശം മൂത്താല്‍ ചെയ്യുന്ന കടുംകൈകള്‍ പിന്നീട് തീരാസങ്കടമാകുമെന്നത് ഒരു വിദേശ രാജ്യത്ത് കഴിയുമ്പോള്‍ പോലും പലരെയും അലട്ടുന്നില്ല. ‘ഉറക്കം മനുഷ്യന്റെ താങ്ങും ജീവിതത്തിന്റെ നട്ടെല്ലുമാണ്’ എന്ന മന്‍ഫലൂത്വിയുടെ വാചകം എത്രമേല്‍ പ്രസക്തമാണെന്ന് ബോധ്യപ്പെട്ടത് ഗള്‍ഫില്‍ എത്തിയപ്പോഴാണ്. ബഹുവിധ ജീവിതാഭ്യാസങ്ങളുടെ പരിശീലനക്കളരിയാണ് പ്രവാസം.
പുതുവസ്ത്രമാണ് പെരുന്നാളില്‍ കുറ്റിയറ്റുപോകാത്ത സുന്നത്ത്. മൂത്ത സഹോദരനെ കോളജില്‍ ചേര്‍ക്കുമ്പോള്‍ ഉപ്പ കൊടുത്ത കര്‍ശന നിര്‍ദേശം ഇതായിരുന്നു: ”നമ്മള്‍ എന്തു കഴിച്ചെന്ന് ആരും അറിയില്ല, ധരിച്ചത് എല്ലാവരും കാണും. അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ നല്ല വസ്ത്രം ധരിക്കണം!” പറഞ്ഞത് പാലിക്കാന്‍ ദാരിദ്ര്യം വീട്ടില്‍ വട്ടമിട്ട കാലത്തും ഉപ്പ ആറു മക്കള്‍ക്കും പുതുവസ്ത്രമൊപ്പിച്ച് പെരുന്നാള്‍ പൊലിമയുള്ളതാക്കുമായിരുന്നു.
നോമ്പുകാലത്ത് വ്യാപാരസ്ഥാപനങ്ങളില്‍ പോയി തിരക്കാന്‍ താല്‍പര്യമില്ലാത്ത പ്രവാസി കുടുംബങ്ങള്‍ നോമ്പിനു മുമ്പുതന്നെ പെരുന്നാള്‍ വസ്ത്രം വാങ്ങിവയ്ക്കും. അവസാനത്തെ പത്തു ദിനങ്ങള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കാത്തവര്‍ ഷോപ്പിങ് മാളുകള്‍ കയറിയിറങ്ങി പെരുന്നാളൊരുക്കത്തിലാകും. റമദാന്‍ പുണ്യത്തിന്റെ ‘ഓഫറു’കളിലേറെ വ്യാപാരസ്ഥാപനങ്ങളുടെ ഓഫറുകളില്‍ കണ്ണുടക്കുന്നതുകൊണ്ടാണിത് തുടരുന്നത്. ബാച്ചിലേഴ്‌സ് താമസക്കാര്‍ പെരുന്നാള്‍ ഉറപ്പിച്ച ശേഷം കൂട്ടുകാരുമൊന്നിച്ച് ഒറ്റ ഇറക്കമാണ്. അതില്‍ അവര്‍ പെരുന്നാള്‍ വസ്ത്രമൊപ്പിച്ച് സംതൃപ്തരായിരിക്കും.
തയ്യല്‍ക്കടകളെല്ലാം നോമ്പിനു മുമ്പുതന്നെ ബുക്കിങ് സ്വീകരിച്ചിരിക്കും. രാപകല്‍ ഭേദമില്ലാതെ തയ്യല്‍ മെഷീനുകള്‍ ചലിച്ചതിന്റെ ഫലമായിരുന്നു ഒരു കാലത്ത് ഈദ്ഗാഹുകളും പള്ളികളും കളള്‍ഫുള്‍ ആക്കിയ പെരുന്നാള്‍ വസ്ത്രങ്ങളുടെ വര്‍ണവൈവിധ്യം. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മാര്‍ക്കറ്റ് പിടിച്ചടക്കും വരെ തയ്യല്‍ക്കാരും അവരുടെ ഷോപ്പുകളും പെരുന്നാള്‍ സന്തോഷം പരത്തുന്നതിന്റെ പ്രധാന ചാലകശക്തികളായിരുന്നു. ടെയ്‌ലര്‍ ഷോപ്പില്‍ കൊടുത്ത കുപ്പായം തയ്ച്ചുകഴിഞ്ഞാല്‍ റോഡിലേക്ക് കാണുംവിധമാണ് തൂക്കിയിടുക. ചില്ലുകൂട്ടില്‍ നമ്മുടെ തുണി കുപ്പായമായി തൂങ്ങുന്നുണ്ടോ എന്നറിയാനുള്ള നോട്ടം കൗതുകവും ആവേശവുമുള്ളതായിരിക്കും. ഷര്‍ട്ട് തയ്ക്കാന്‍ ഏതു തയ്യല്‍ക്കാരനും സാധിക്കുമെങ്കിലും പാന്റ്‌സ് ചിട്ടയിലും മട്ടത്തിലും തയ്ച്ച്, കുറ്റമറ്റതാക്കി മാറ്റണമെങ്കില്‍ കരവിരുതുള്ള തയ്യല്‍ക്കാരന്‍ തന്നെ വേണം. പാന്റ്‌സ് തയ്ക്കാന്‍ പരിശീലനവും തൊഴില്‍ പരിചയവും ഇല്ലാത്ത ഒരാളുടെ കൈയില്‍ തയ്യല്‍ത്തുണി കിട്ടിയാല്‍ ചിലപ്പോള്‍ അത് കുരങ്ങന്റെ കൈയിലെ പൂമാല പോലെയാകാറുണ്ട്. താഴെ ‘ബെല്‍’ ശരിയാകാതിരിക്കുക, അരവണ്ണം മാറുക, ബട്ടന്‍ സ്ഥാനം തെറ്റുക തുടങ്ങിയവയാണ് സ്ഥിരം പരാതികള്‍. ഇസ്തിരിയിട്ട് പാന്റ്‌സ് ധരിച്ചാല്‍ ലുക്ക് കിട്ടുന്ന മട്ടത്തിലാക്കാന്‍ പറ്റിയവര്‍ സമീപപ്രദേശങ്ങളില്‍ തുലോം കുറവായിരുന്നു.
മലപ്പുറം ജില്ലയില്‍ മഞ്ചേരിയിലും വെട്ടിച്ചിറയിലുമാണ് പാന്റ്‌സ് തയ്പില്‍ ഗണനീയരായ രണ്ടു തയ്യല്‍ക്കടകള്‍ ഉണ്ടായിരുന്നത്. അടുത്തായതിനാല്‍ മഞ്ചേരിയായിരുന്നു ഇതില്‍ ഏറ്റവും സൗകര്യപ്രദം. വാങ്ങിയ പെരുന്നാള്‍ പാന്റ്‌സ് തുണിയുമായി മഞ്ചേരിയിലെ പാതയോരത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തി. ‘പെരുന്നാള്‍ തലേന്നെങ്കിലും തയ്ച്ചുകിട്ടണേ’ എന്നു പ്രാര്‍ഥിച്ചാണ് ഓരോ സ്റ്റെപ്പും കയറിയിരുന്നത്.
കണ്ടപാടെ ടെയ്‌ലര്‍ ആപാദചൂഢം ഒന്നു നോക്കും. വൈകി ക്ലാസിലെത്തുന്ന കുട്ടിയെ ക്ലാസ് അധ്യാപകന്‍ നോക്കുന്ന അതേ നോട്ടം. കഴുത്തിലിട്ട ടാപ്പും അളവെഴുതുന്ന ‘ഈഗിളി’ന്റെ ചുവന്ന ചട്ടയുള്ള നോട്ടുപുസ്തകവും എടുത്തത് ഒന്നിച്ചായിരുന്നു. ചെവിക്കു മുകളില്‍ വിലങ്ങനെ വച്ചിരുന്ന പേന എടുത്ത് അളവെഴുത്ത് തുടങ്ങി. തയ്ച്ചുതരുന്ന തിയ്യതി എഴുതിയ കടലാസ് തിരികെ തന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ പെരുന്നാള്‍ത്തലേന്നാണ് കിട്ടുക എന്നുറപ്പായി. കൂടുതല്‍ സംഭാഷണത്തിനു താല്‍പര്യമോ സമയമോ ചാകര പോലെ കിടക്കുന്ന തുണിക്കെട്ടുകളില്‍ തലയെടുപ്പോടെ നിന്നിരുന്ന അയാള്‍ക്ക് ഇല്ലായിരുന്നു. അത്രയും തയ്യല്‍ മെഷീനുകളെയും തൊഴിലാളികളെയും ഒന്നിച്ചു കണ്ടത് പര്‍ദ തയ്ക്കുന്ന ബംഗ്ലാദേശികളുടെ ദുബൈയിലെ ദേരയിലെ കടകളില്‍ മാത്രമാണ്. കയറിയ പടികള്‍ തിരിച്ചിറങ്ങി താഴെ നിലം തൊട്ടപ്പോള്‍ സൂര്യന്‍ പടിഞ്ഞാറോട്ടുള്ള പാത പകുതിയിലധികം പിന്നിട്ടിട്ടുണ്ട്. നോമ്പുകാലത്ത് മനസ്സില്‍ താലോലിക്കുന്ന മഗ്‌രിബ് ബാങ്കിന് ഏതാനും സമയം മാത്രമാണ് ബാക്കി. മഞ്ചേരിയില്‍ നിന്ന് എടവണ്ണയിലേക്ക് ബസില്‍ സീറ്റ് കിട്ടണമെങ്കില്‍ ചെക്കറുടെ ഇന്റര്‍വ്യൂ പാസാകണം. എടവണ്ണയ്ക്കാണെന്നു പറഞ്ഞാല്‍ കയറ്റാന്‍ മൂപ്പര്‍ക്ക് മടിയാണ്. നിലമ്പൂരിലേക്കും അതിനപ്പുറത്തേക്കുമുള്ള ദീര്‍ഘദൂര യാത്രക്കാരെ പുത്യാപ്ലയുടെ നോമ്പുസല്‍ക്കാരം പോലെ സ്വീകരിച്ച് ബസില്‍ ഇരുത്തുകയാണ് ചെക്കറുടെ ചുമതല. പണി വാതിലടക്കലും തുറക്കലും ബെല്ലടിക്കലും സ്റ്റേജ് കുറിച്ചിടലും മാത്രമാണെങ്കിലും മുതലാളിയുടെ ആശ്രിതവത്സനായതിനാല്‍ ബസിലെ സര്‍വാധികാരിയുടെ ഹുങ്കായിരിക്കും അയാളുടെ അലങ്കാരം.
നോമ്പായതുകൊണ്ടും നിസ്സാരകാര്യമായതുകൊണ്ടും നുണ പറയാന്‍ നാവ് പൊന്താത്തതുകൊണ്ട് തുറക്കാത്ത വാതിലിനു സമീപം അറച്ചുനില്‍ക്കാനാണ് കാരക്കുന്ന്, പത്തപ്പിരിയം, എടവണ്ണ വരെയുള്ള യാത്രക്കാരുടെ നിയോഗം. പലപ്പോഴും ഈ ചെക്കര്‍ മുഖാമുഖം സംഘര്‍ഷത്തിനും വഴിവയ്ക്കാറുണ്ട്.
ടെയ്‌ലര്‍ തന്ന കുറിപ്പ് പ്രകാരം പെരുന്നാള്‍ത്തലേന്ന് മഞ്ചേരിയില്‍ പോയി പറഞ്ഞ കൂലി കൊടുത്ത് പാന്റ്‌സുമായി മടങ്ങി. പെരുന്നാള്‍ രാവ് ഏത് അങ്ങാടിയുടെയും മാറ്റുകൂട്ടുന്നതായിരിക്കും. അത്തര്‍ വില്‍പനക്കാരും വഴിവാണിഭ ശൃംഖലകളും വസ്ത്രസ്ഥാപനങ്ങളുടെ അവസാനവട്ട വ്യാപാരവും അറവുശാലകള്‍ക്കു മുമ്പിലെ തിരക്കും കോഴിക്കടയിലെ ക്യൂവുമെല്ലാം ആസ്വദിക്കാനും അനുഭവിക്കാനും ആകുമ്പോഴാണ് പെരുന്നാള്‍ ദിനം ആശ്വാസപൂര്‍ണമാവുക. ഏറെ വൈകി കിടക്കുന്ന രാവ് കൂടിയാണ് പെരുന്നാള്‍. പെരുന്നാള്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ മാത്രമാണ് പല കശാപ്പുകാരും അറവ് തുടങ്ങുക. അസാധ്യമായ ആത്മവിശ്വാസവും ബീഫ് ബാക്കിയാക്കില്ലെന്ന ദൃഢവിശ്വാസവുമുള്ള അറവുകാര്‍ കൂട്ടായി ഖാദിയെയും ഹിലാല്‍ കമ്മിറ്റിയെയും കാത്തുനില്‍ക്കാതെ തന്നെ അറവുമൃഗത്തിന്റെ കഴുത്തില്‍ കത്തിവച്ചിരിക്കും. ഇത് ഇറച്ചിയായി വിതരണത്തിനു സജ്ജമാകണമെങ്കില്‍ സമയം പാതിരയോടടുക്കും. പതിവില്‍ കൂടുതല്‍ കിലോ ഓരോരുത്തരും വീട്ടിലെത്തിക്കുന്നതും പെരുന്നാളിനാണ്.
എല്ലാം കഴിഞ്ഞപ്പോഴാണ് പെരുന്നാള്‍ പാന്റ്‌സ് ഒന്നിട്ടുനോക്കാന്‍ സമയം കിട്ടിയത്. പ്രതീക്ഷയോടെ രണ്ടു കാലുകളും വലിച്ചുകയറ്റിയപ്പോള്‍ അരഡസന്‍ ഇഞ്ച് കൂടുതലാണെന്ന പരമസത്യം എന്നെ പിടിച്ചുലച്ചു. എന്തേ ആ പരിചയസമ്പന്നനായ ടെയ്‌ലര്‍ക്ക് പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമായില്ല. എങ്ങനെ അര ഒപ്പിച്ചാലും ഒരാള്‍ക്കു കൂടി കയറാന്‍ പറ്റും വിധം ലൂസാണ്!
എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥ. കൂട്ടുകാര്‍ക്കൊപ്പം ഈ ‘ലൂസ് ലൂസ് അരപ്പിരി ലൂസ്’ പാന്റ്‌സിട്ട് പെരുന്നാള്‍ കറക്കം നടത്തുന്നത് ചിന്തിച്ചപ്പോള്‍ സ്റ്റേഷന്‍ കിട്ടാത്ത അമ്മാവന്റെ റേഡിയോ പോലെ മനസ്സ് പരസഹായത്തിനു പരതി.
അടുക്കളയില്‍ മുടിഞ്ഞ പണിത്തിരക്കിലായ ഉമ്മയോട് അന്തിമ തീര്‍പ്പിനായി അപേക്ഷ കൊടുക്കാന്‍ പോയി. പാന്റ്‌സിന്റെ വ്യാപ്തി അവിശ്വസനീയമായ നിലയിലായിപ്പോയെന്ന വിഷമാവസ്ഥ ബോധിപ്പിച്ചു.
ഉമ്മാന്റെ മറുപടി ദേഹനിരീക്ഷണത്തില്‍ ഊന്നിയതായിരുന്നു. ”നീ നോമ്പ് നോറ്റ് ക്ഷീണിച്ചതിനാല്‍ അര ശോഷിച്ചതായിരിക്കും, ഒരു ചരട് കൊണ്ട് കുറുക്കി കെട്ടി പെരുന്നാളിന് പള്ളിയില്‍ പൊയ്‌ക്കോ.”
എത്ര പെട്ടെന്നാണ് ഉമ്മാന്റെ അര്‍ധപരിഹാരവും മറുപടിയും വന്നതെന്നോര്‍ത്ത് ഞാന്‍ പാന്റ്‌സിന്റെ അരയില്‍ തന്നെ പിടിച്ച് അടുക്കളയിലെ പടിയില്‍ തലതാഴ്ത്തി ഇരുന്നു. ഏതു തരം ചരടായിരിക്കും പാന്റ്‌സ് പാകപ്പെടുത്താന്‍ ഉമ്മ ഉപയോഗിക്കുക? അങ്ങനെ കെട്ടിയാലും റുകൂഅ്, സുജൂദ് തുടങ്ങിയ ശ്രമകരമായ, സകല ‘പിരിമുറുക്കവും’ അയയുന്ന നമസ്‌കാര ഘട്ടങ്ങള്‍ ജാള്യതയില്ലാതെ തരണം ചെയ്യാനാകുമോ? അരവണ്ണം പരുവപ്പെടുത്താന്‍ ഉമ്മ മുന്നോട്ടുവെച്ച ഉപായം എന്റെ പെരുന്നാള്‍ പകലിനെ എത്രമാത്രം ഊഷ്മളമാക്കും തുടങ്ങിയ സന്ദിഗ്ധതകള്‍ കടിച്ചിറക്കിയാണ് ശിഷ്ടസമയം ഉറങ്ങാന്‍ കിടന്നത്. ഇങ്ങനെ നിദ്രയിലേക്ക് വീഴ്ത്തുന്ന മന്ദതരംഗങ്ങളുടെ ആന്ദോളനങ്ങള്‍ (ഹെീം ംമ്‌ല ഹെലലു) തലച്ചോറിനുള്ളില്‍ നടക്കുമ്പോഴാണ് പുറത്ത് ഓട്ടോറിക്ഷയുടെ മുഴക്കം കേള്‍ക്കുന്നത്. അസമയത്തെ മുച്ചക്ര മുരള്‍ച്ച ഉറക്കത്തിന്റെ പ്രാഥമിക ഘട്ടത്തെ ബുള്‍ഡോസര്‍ മുഴക്കം പോലെ അസ്വസ്ഥമാക്കി. തല പൊക്കി പുറത്തേക്ക് നോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. നിലച്ച ഓട്ടോ ശബ്ദം ഭേദിച്ചുകൊണ്ട് കാലടിയൊച്ച അടുത്തുവന്നു. കോളിങ് ബെല്‍ സ്വിച്ച് പരതാന്‍ പോലും നേരമില്ലാത്ത അതിഥി വാതിലില്‍ മുട്ടി. താളത്തിലായിരുന്നു മുട്ട്. ‘മസ്‌നാ വ സലാസ വ റുബാഅ’ എന്ന ക്രമത്തില്‍! അതായത് ആദ്യം രണ്ട് പിന്നെ മൂന്ന് പിന്നെ നാല്! ഇത്രയും പൂര്‍ത്തിയായപ്പോള്‍ വാതില്‍ തുറക്കേണ്ടിവന്നു. മുന്നില്‍ ഇറച്ചിപ്പൊതി പോലെ ഒരു പൊതി എനിക്ക് നീട്ടിക്കൊണ്ട് നമ്മുടെ ടെയ്‌ലര്‍ നില്‍ക്കുന്നു. കടയിലെ ഗൗരവമോ ശൗര്യമോ മുഖത്ത് അശേഷമില്ല. ”ഇതാണ് നിങ്ങളുടെ പാന്റ്‌സ്, നിങ്ങള്‍ക്ക് തന്നത് മഞ്ചേരി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ പാന്റ്‌സാണ്!”
ഇത്രയും പറഞ്ഞ അദ്ദേഹം എന്റെ പക്കലുള്ള പാന്റ്‌സ് തിരികെ കിട്ടാനായി വെമ്പല്‍ കൊണ്ടു. മരത്തിലെ ഇത്തിക്കണ്ണി വെട്ടിക്കളയുന്നപോലെ അയയില്‍ തൂങ്ങിയ പാന്റ്‌സ് എടുത്ത് അതിവേഗം ആഗതനു നല്‍കി. ‘വേറെ എവിടെയെങ്കിലും കൊടുത്ത് നിങ്ങള്‍ അരവണ്ണം കുറയ്ക്കുമോ എന്നു പേടിച്ചാണ് രാത്രി തന്നെ പോന്നതെന്നു’കൂടി പറഞ്ഞാണ് അദ്ദേഹം ഓട്ടോയിലേക്ക് ഓടിക്കയറിയത്. പാന്റ്‌സ് വെട്ടി പാകപ്പെടുത്തുമെന്ന പേടി മാത്രമല്ല, ഏമാന് പാന്റ്‌സ് മാറി കൊടുത്താലുള്ള അനന്തര ഫലം കൂടി കണക്കുകൂട്ടിയപ്പോഴായിരിക്കും മഞ്ചേരിയില്‍ നിന്ന് എടവണ്ണയും താണ്ടി എന്റെ ഗ്രാമമായ ആര്യന്‍തൊടിയിലെത്തിയത്. ഒരു ചരടും കെട്ടി മുറുക്കാതെ പാന്റ്‌സ് ധരിക്കാന്‍ കഴിഞ്ഞ ആ പെരുന്നാളാണ് നാട്ടില്‍ കൂടിയ ഏറ്റവും മുന്തിയ ഫിത്വ്ര്‍ പെരുന്നാള്‍.

Back to Top