കുഞ്ഞയിഷുവിന്റെ പെരുന്നാള്‍ പറവകള്‍
സാജിദ് പുതിയോട്ടില്‍/ വര: അഹമ്മദ് ജാഫര്‍
നോമ്പ് തുറന്ന് കോലായിലെ ചാരുപടിയില്‍ ഇരുന്ന ഐഷു ആകാശം നോക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറിലധികമായി. ചെഞ്ചായം പൂശിയ മാനത്ത് ആരോ തട്ടിമറിച്ച വെള്ളിക്കിണ്ണത്തില്‍ നിന്നു നിലാവ് പരക്കാന്‍ തുടങ്ങി. നക്ഷത്രക്കുഞ്ഞുങ്ങള്‍ കൂട്ടംകൂട്ടമായി വന്നു കണ്ണുപൊത്തിക്കളി തുടങ്ങി. പടിഞ്ഞാറേ ആകാശച്ചരിവില്‍ ഏതോ വരികളില്‍ നിന്നടര്‍ന്നുവീണ വിരാമചിഹ്നം പോലെ ഒരൊറ്റ താരകം ഐഷുവിന്റെ ശ്രദ്ധയില്‍ പെട്ടു. അതിനെന്തോ ഒരു പ്രത്യേക തിളക്കം പോലെ.
”രണ്ടര കൊല്ലായി ഓളെ ബാപ്പാനെ പിടിച്ച് അകത്തിട്ടിട്ട്… ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പോട്ടെ, ഒന്ന് കാണാന്‍ പോയിട്ട് നാല് പ്രാവശ്യമാ ഓളെയും ഓളെ ഉമ്മാനെയും തിരിച്ചയച്ചത്. ഒരു തവണയെങ്കിലും ഒന്ന് കണ്ടാല്‍ മതിയായിരുന്നു. അതിനു പോലും ഭാഗ്യല്ലാത്തോരാ. യു എ പി എ പേര് പറഞ്ഞ് വഴിയിന്നേ മടക്കിവിട്ടതല്ലേ ന്റെ മോളെ…”
ഓര്‍മകളുടെ വിഴുപ്പുഭാണ്ഡത്തിലൂടെ കണ്ണീരുപ്പിന്റെ നനവ് കണ്ണിലേക്കും തൊണ്ടയിലേക്കും അരിച്ചിറങ്ങിയപ്പോള്‍ ഉപ്പൂപ്പ കട്ടിലില്‍ നിന്ന് എഴുന്നേറ്റു മെല്ലെ ചെരിപ്പ് ഇടാന്‍ തുടങ്ങി. കാലില്‍ നീര് വന്നു പൊള്ളിച്ചുനില്‍ക്കുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് അവ കാലിലേക്ക് കയറിനിന്നത്. വടിയും കുത്തി ഭാര്യ കിടക്കുന്ന തൊട്ടപ്പുറത്തെ മുറിയിലേക്ക് ഓരോ കാലും പറിച്ചെടുത്ത് പതുക്കെ നടന്നു. മുറികള്‍ തമ്മില്‍ അകലം കൂടിയതായി കാലിന്റെ പെരുക്കല്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
”ഉപ്പൂപ്പാ… തക്ബീര്‍ കേട്ടു ഉപ്പൂപ്പാ… നാളെ പെരുന്നാളായി… നോമ്പ് കഴിഞ്ഞു ഉപ്പൂപ്പാ…”
ഐഷു കോലായില്‍ നിന്ന് ഓടിവന്ന് വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു. എന്നിട്ട് ഉപ്പൂപ്പയുടെ കൂടെ തൊട്ടടുത്ത മുറിയിലേക്ക് നടന്നു.
ആ നാലു ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ ഒരു കൊല്ലമായി ലോകം ഘനീഭവിച്ചുകിടക്കുകയാണ്. പണ്ടേ ചെറിയ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മകന്‍ ജയിലിലായതില്‍പ്പിന്നെ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ തളര്‍ന്നിരുന്നുപോയിരുന്നു അവള്‍.
തുണിക്കെട്ടിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിയ രണ്ടു കണ്ണുകളില്‍ ഒരു വീടിന്റെ എല്ലാ ചലനങ്ങളും ഒളിപ്പിച്ചുവെച്ച് അവള്‍ കിടക്കുന്നു. നെഞ്ചിന്‍കൂടിനുള്ളില്‍ കൂടു കെട്ടിയ കഫം ശ്വാസത്തിന്റെ വഴികളെല്ലാം അടച്ചതില്‍ പിന്നെ നൂല്‍ക്കനം പോലെ ശ്വാസം ഇടക്കൊന്ന് പുറത്തേക്കു വന്നുപോകുന്നു എന്നു മാത്രം.
”ഉമ്മൂമ്മാ, മാസം കണ്ടിരിക്ക്ണൂ… നാളെ പെരുന്നാളാ… ഞാന്‍ ഉപ്പൂപ്പാന്റെ കൂടെ അങ്ങാടിക്ക് പോവ്വാ…” ഒറ്റ ശ്വാസത്തില്‍ ഐഷു പറഞ്ഞുതീര്‍ത്തു.
പെരുന്നാള്‍ത്തലേന്ന് കുഞ്ഞായിഷുവിന്റെ കൂടെ അങ്ങാടിയിലേക്ക് പോകാമെന്ന് ഏറ്റത് അപ്പോഴാണ് ഉപ്പൂപ്പ ഓര്‍ത്തെടുത്തത്. പത്തു മിനിറ്റിലധികം നടക്കാനുണ്ട്. ഇപ്പോഴാണെങ്കില്‍ അത് അരമണിക്കൂറെങ്കിലും വേണ്ടിവരും. പുറത്തേക്കിറങ്ങിയിട്ടാണെങ്കില്‍ മാസങ്ങളുമായി. എന്നിട്ടും സമ്മതം മൂളിയത് കുഞ്ഞയിഷുവിനെ ഓര്‍ത്തിട്ടാ. പാവം കുട്ടിയാ. കഴിഞ്ഞ രണ്ടര കൊല്ലത്തിനിടയില്‍ ഓളെന്നോട് ഒരു കാര്യവും ചോദിച്ചിട്ടില്ല ഇതല്ലാതെ.
”നോക്ക്… ഞാന്‍ ഓളുടെ കൂടെ അങ്ങാടിക്ക് പോവ്വാ. ഓള്‍ക്ക് എന്തൊക്കെയോ വാങ്ങാനുണ്ടുപോലും. അനക്കെന്തെങ്കിലും…” പൂര്‍ത്തിയാക്കുന്നതിനു മുമ്പേ വികാരങ്ങള്‍ ഉറഞ്ഞുകൂടിയ ഭാര്യയുടെ കണ്ണുകള്‍ നിര്‍ത്താതെ പെയ്‌തൊഴിയാന്‍ തുടങ്ങി. ഇപ്പോ കുറച്ചായിട്ട് അങ്ങനെയാണ്. കര്‍ക്കടകമാസം പോലെ തോരാമഴയാണ്.
പള്ളിമിനാരങ്ങളില്‍ നിന്ന് തക്ബീര്‍ മാറ്റൊലി കൊണ്ടു. റോഡ് നിറഞ്ഞു പായുന്ന വാഹനങ്ങളും ആളുകളും. തുണിക്കടകള്‍ക്കുള്ളിലേക്കു കയറാനാവാതെ പുറത്തു രക്ഷിതാക്കളുടെ കൈയും പിടിച്ചു കാത്തിരിക്കുന്ന കുരുന്നുകള്‍. ആളുകള്‍ വന്നു പൊതിഞ്ഞതിനാല്‍ ഇറച്ചിക്കട കാണുന്നേയില്ല. ആകെ ബഹളമയം. ആകെക്കൂടി പെരുന്നാള്‍ രാവിന്റെ മൊഞ്ചില്‍ കുളിച്ചുനില്‍ക്കുകയാണ് അങ്ങാടി.
അതിനിടയില്‍ ഉപ്പൂപ്പയുടെ കൈയും പിടിച്ച് കുഞ്ഞയിഷുവും അനിയന്‍ മനുവും നക്ഷത്രപ്പൊട്ടുകള്‍ പോലെ അവിടെയെത്തി.
”മോളേ, ആ തിരക്കിലേക്കൊന്നും പോവല്ലേ. വേഗം വാങ്ങാനുള്ളത് വാങ്ങി പോകാം”- ഉപ്പൂപ്പ തിരക്കുകൂട്ടി.
”ഉപ്പൂപ്പ സുബൈര്‍ക്കാന്റെ കടയില്‍ ഇരുന്നോ. ഞാനിപ്പം വരാം…”
”ഉം, വേഗം വാ…” ആ മൂളലില്‍ ഒരു ജന്മത്തിന്റെ വ്യഥകള്‍ നല്‍കിയ കരുത്തുണ്ടായിരുന്നു.
ഐഷു ആ തിരക്കില്‍ അപ്രത്യക്ഷമായി.
ആറാം ക്ലാസിലാണേലും മകന്റെ ധൈര്യമാ അവള്‍ക്ക്. ആ ധൈര്യം കൊണ്ടാണല്ലോ ഉത്തരേന്ത്യയിലെ കലാപഭൂമിയിലേക്ക് അവന്‍ റിപോര്‍ട്ട് ചെയ്യാന്‍ സ്വയം ഇറങ്ങിത്തിരിച്ചതും ഒടുവില്‍ അറസ്റ്റിലായതും.
പെരുന്നാള്‍ത്തലേന്നുകളുടെ ഓര്‍മകള്‍ പടക്കം പോലെ നിന്നു പൊട്ടാന്‍ തുടങ്ങി ഉപ്പൂപ്പയുടടെ മനസ്സില്‍
മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ പതിഞ്ഞൊഴുകിയ തെരുവിന്റെ അറ്റത്ത് ഉപ്പിലിട്ടതിന്റെ ചുറ്റും കൂടിയ ആളുകള്‍ക്കിടയിലൂടെ അരമണിക്കൂറിനു ശേഷം രണ്ടു കൈയിലും കവറുമായി വരുന്ന കുഞ്ഞയിഷുവിനെ കണ്ട് ഉപ്പൂപ്പ നെടുവീര്‍പ്പിട്ടു:
”എന്തൊക്കെയാ യ്യ് വാങ്ങിക്കൂട്ടിയത്?”
”അതൊക്കെ പറയാം ഉപ്പൂപ്പാ. ന്നാ മനു, അനക്ക് നെല്ലിക്ക ഉപ്പിലിട്ടത്.”
ഇത്താത്ത വെച്ചുനീട്ടിയ നെല്ലിക്കയില്‍ മനു ഇളംപല്ലുകള്‍ കൊണ്ട് മാന്തിമാന്തി അവര്‍ വീട്ടിലെത്തി.
കോലായില്‍ കാത്തിരുന്ന ഉമ്മ ജമീലയുടെ കൈകളിലേക്ക് കവറുകളെല്ലാം കൈമാറിയപ്പോള്‍ ഉത്തരവാദിത്തം നിറവേറ്റിയ കുഞ്ഞുബാല്യത്തിന്റെ ചങ്കിടിപ്പ് തക്ബീര്‍ ധ്വനി പോലെ ഉയര്‍ന്നുകേള്‍ക്കാമായിരുന്നു.
ഉമ്മ കവറുകളോരോന്നായി ഡൈനിങ് ടേബിളിനു മേലെ നിരത്തി. അതില്‍ നിന്ന് ഒരു മൈലാഞ്ചി ട്യൂബും കവറും ഐഷു മാറ്റി ബെഡ്‌റൂമിലെ ഷെല്‍ഫില്‍ കൊണ്ടുപോയി അടച്ചുവെച്ചു. തിരിച്ചുവന്ന ഐഷുവിനു പിന്നെ തിരക്കായിരുന്നു. വേറൊരു മൈലാഞ്ചി ട്യൂബെടുത്ത് ഉമ്മൂമ്മയുടെ മുറിയിലേക്കോടി. കൈയില്‍ ഒരു കവറും.
ഒന്നു തിരിഞ്ഞുകിടക്കാന്‍ പോലുമാകാത്ത ഉമ്മൂമ്മയുടെ ഇരുകൈയും നിറയെ കുഞ്ഞായിഷു മൈലാഞ്ചിച്ചോപ്പ് വാരിത്തേച്ചു. കവര്‍ തുറന്ന് ഒരു പുള്ളിത്തട്ടം ഉമ്മൂമ്മയുടെ തലയ്ക്കു മുകളിലൂടെ വിരിച്ചുവെച്ചു. പിന്നെ നെറ്റിയില്‍ ഇളം ചുണ്ടുകളമര്‍ത്തി ‘ഈദ് മുബാറക്’ പറഞ്ഞു.
കണ്ണിലുദിച്ച പതിനാലാം രാവിന്റെ ഓളംവെട്ടലുകള്‍ക്കിടയിലും താഴോട്ടൊഴുകിയ കണ്ണീര്‍പ്പുഴ കവിളും കടന്ന് താഴേക്കെത്തിയിരുന്നു. കുഞ്ഞയിഷുവിനെ ഒന്നു കെട്ടിപ്പിടിക്കാനുള്ള മോഹം കൊണ്ട് ആ കൈകള്‍ ഒന്നനങ്ങിയപോലെ തോന്നിയെങ്കിലും നിശ്ചലമായിത്തന്നെ കിടന്നു.
”ഉപ്പൂപ്പാക്ക് ന്റെ വക മുറുക്കാന്‍പൊതിയും ബനിയനും ആണ് ട്ടോ…” മകന്‍ അകത്തായതിനു ശേഷം കിട്ടാതെപോയത് പെരുന്നാള്‍ സമ്മാനമായി കൈയിലേക്ക് വന്നപ്പോള്‍ ഉപ്പൂപ്പ ആലില പോലെ വിറച്ചു. ശബ്ദം നേര്‍ത്തു. ചങ്ക് വെട്ടിപ്പിളര്‍ന്നു രക്തം പതിഞ്ഞ വാക്കുകള്‍ പുറത്തേക്കു വന്നു: ”ന്റെ അല്ലാഹ്!… ന്റെ കുഞ്ഞയിഷൂ…”
പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാത്തതുപോലെ പിന്നെ കരച്ചില്‍ ഉയര്‍ന്നുപൊങ്ങി.
”എന്താ ഉപ്പാ…, ങ്ങള് ഇങ്ങനായാല്‍ ഓള്‍ക്ക് സങ്കടാവൂലേ? എന്നു തുടങ്ങിയ പൂതിയാണെന്നറിയോ, ങ്ങക്ക് ഇത് വാങ്ങിത്തരാന്‍? സ്‌കൂള്‍ പൂട്ടുന്നതിനു മുമ്പേ ഓളുടെ സഞ്ചയികയില്‍ ഉണ്ടായിരുന്ന കുഞ്ഞുപൈസ മുഴുവന്‍ ഇതിനായി എടുത്തുവെച്ചതാ…”
ഉപ്പൂപ്പയുടെ മുഖം കുഞ്ഞയിഷുവിന്റെ കവിളില്‍ തൊടുമ്പോള്‍ പെരുന്നാള്‍ രാവില്‍ ആകാശത്തു നിന്നു താഴേക്കിറങ്ങിയ മാലാഖകള്‍ ഒന്നായി ആ മുറിയിലേക്ക് വിരുന്നെത്തിയപോലെ, കുഞ്ഞയിഷുവിന്റെ മുഖത്ത് എന്തെന്നില്ലാത്ത പ്രകാശം പരന്നു.
”ടാ, മനൂ, അനക്ക് ന്റെ വക ഒരു ടീഷര്‍ട്ട്.” അതും വാങ്ങി അവന്‍ മുറിയിലേക്ക് ഓടിപ്പോയി.
”അതെന്താ മോളേ?” മേശപ്പുറത്ത് ബാക്കിയായ ഒരു ചെറിയ പൊതിയും പേപ്പറും ചൂണ്ടി ഉമ്മ ചോദിച്ചു.
”ആ… അതുമ്മാ, മ്മടെ കിളികള്‍ക്കുള്ള തീറ്റയാ. കുറച്ചധികം വാങ്ങിയതാ. ഓരും പെരുന്നാള്‍ കഴിക്കട്ടെ…”
ഉപ്പ ജയിലിലാകുന്നതിന്റെ ഒരു മാസം മുമ്പാണ് അവളുടെ ഇഷ്ടപ്രകാരം ഈ കിളിക്കൂടൊരുക്കിയത്. പിന്നീട് കൃത്യമായി ഭക്ഷണം ലഭിക്കാത്തതിനാല്‍ ഒന്നു രണ്ടെണ്ണം ചത്തുപോയിരുന്നു.
”ഇനി എല്ലാരും വന്ന് കിടക്കാന്‍ നോക്ക്. രാവിലെ നേരത്തേ ഈദ്ഗാഹിനു പോകാനുള്ളതാ.”
”ഉമ്മ കിടന്നോ… ഞാനീ തീറ്റ അവക്കൊന്നു കൊടുക്കട്ടെ. എന്നിട്ടു വരാം.”
പാതിരാവിന്റെ നിശ്ശബ്ദതയിലും കാറ്റില്‍ ദൂരെ നിന്ന് തക്ബീര്‍ ധ്വനികള്‍ ആ വീടിനു ചുറ്റും പൊതിഞ്ഞുനിന്നു. അയല്‍പക്ക വീടുകളിലോരോന്നായി ലൈറ്റണഞ്ഞു.
ഐഷു പതിയെ കോലായിലെ മൂലയിലുള്ള കിളിക്കൂടിനടുത്തേക്ക് നടന്നു. അപ്പോഴും കൊക്കുരുമ്മി കിളികള്‍ പെരുന്നാള്‍ സന്ദേശം കൈമാറി കൂട്ടില്‍ പാറിനടക്കുകയായിരുന്നു. നിലാവിലലിഞ്ഞ നേര്‍ത്ത മഞ്ഞുപാളികള്‍ പുതപ്പായി രാത്രിയെ മൂടിക്കൊണ്ടേയിരുന്നു.
എത്ര നേരം അവയെ നോക്കിനിന്നു എന്നറിയില്ല. ഏതായാലും കുഞ്ഞയിഷു കൂടിന്റെ അടുത്ത് നിന്നു മടങ്ങിയപ്പോഴേക്കും പാതിരാവ് മയക്കത്തിന്റെ കയങ്ങളിലേക്ക് മുങ്ങിത്താണിരുന്നു.
നാലു മണിക്ക് തഹജ്ജുദ് നമസ്‌കാരത്തിന് എഴുന്നേറ്റ ഉമ്മയാണ് ആ രംഗം ആദ്യം കണ്ടത്. പിന്നെ ഉപ്പൂപ്പയുടെ മുറിയിലേക്കോടി. നിമിഷങ്ങള്‍ കൊണ്ട് ആ വീട്ടിലെ എല്ലാവരും എഴുന്നേറ്റു. കിളിക്കൂട് ആരോ തുറന്നിട്ടിരിക്കുന്നു. ഒരു കിളി പോലും ബാക്കിയില്ലാതെ എല്ലാം എവിടെയോ പോയിരിക്കുന്നു!
കുഞ്ഞയിഷുവിനെ മാത്രം വിവരം അറിയിച്ചതേയില്ല. അവള്‍ക്കത് സഹിക്കാന്‍ കഴിയില്ല എന്നറിയുന്നതുകൊണ്ടുതന്നെ രാവിലെ അറിയിക്കാമെന്നു കരുതി.
കോലായിയും മുറ്റം മുഴുവനും അവര്‍ തിരഞ്ഞുനോക്കി. ഒന്നു രണ്ടു തൂവലുകള്‍ മുറ്റത്ത് വീണുകിടക്കുന്നതായി കണ്ടതല്ലാതെ മറ്റൊന്നും അവര്‍ കണ്ടില്ല. ഐഷുവിനോട് എന്തു പറയുമെന്ന സങ്കടത്തില്‍ വുദുവെടുത്ത് അവര്‍ നമസ്‌കരിക്കാന്‍ തുടങ്ങി. പിന്നെ കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു, ‘അല്ലാഹ്, ഞങ്ങളുടെ കുഞ്ഞയിഷൂന് അത് താങ്ങാനുള്ള കരുത്തു നല്‍കേണ’
അതിരാവിലെ തന്നെ കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്ന ജമീല ഉമ്മ കണ്ടത് അടുത്ത വീട്ടിലെ പാറുവേടത്തിയെയാണ്. കൈയിലൊരു ചെറുപൊതി പോലെ എന്തോ ഒന്ന് ഉള്ളതായി തോന്നി.
”ജമീലാ, ഇത് ഈട്‌ത്തെ കുഞ്ഞയിഷൂന്റെ കിളിയാണോന്ന് നോക്ക്യേ. മ്മളെ കോലായില് രാവിലെ തന്നെ ശബ്ദം കേട്ട് നോക്കിയപ്പം കിട്ടീതാ. അതിന്റെ കാലിന്‍മേല്‍ കടലാസ് കഷ് ണം പോലെ എന്തോ ഒരു സാധനം കെട്ടീട്ടുംണ്ട്.”
”ന്റെ റബ്ബേ…” നെടുവീര്‍പ്പോടെ ജമീല കിളിയുടെ കാലില്‍ നിന്നു കടലാസുകെട്ട് അഴിച്ചെടുക്കുമ്പോള്‍ സുബ്ഹി ബാങ്ക് പാതിരാ നിശ്ശബ്ദതയിലെ സുന്ദര താളമായി മുഴങ്ങിക്കൊണ്ടിരുന്നു.
ചുരുട്ടിവെച്ച കടലാസ് കഷ്ണം നിവര്‍ത്തിയപ്പോള്‍ അതൊരു കത്തിന്റെ രൂപം പോലെ തോന്നി ജമീലക്ക്.
”ഉപ്പാ, ഇതൊരു കത്താണല്ലോ.”
”കത്തോ… മോള് വായിക്ക്.”
”പ്രിയപ്പെട്ട ഉപ്പാ,
ഉപ്പയില്ലാത്ത ഒരു ചെറിയ പെരുന്നാളും കൂടി വന്നു. ഈ പെരുന്നാളിനെങ്കിലും ഉപ്പ അടുത്തുണ്ടാകുമെന്നു കരുതി… അല്ലേലും ഇവിടെ എന്ത് പെരുന്നാളാ… ഉപ്പ പോയതു മുതല്‍ നോമ്പാ ഉമ്മക്കും എനിക്കും.
ഉപ്പ തന്ന എന്റെ സഞ്ചയികയിലെ പൈസ കൊണ്ട് ഞാന്‍ ഉമ്മൂമ്മക്ക് പുള്ളിത്തട്ടം വാങ്ങിക്കൊടുത്തീണ്‌ട്ടോ. പിന്നെ കൈയില്‍ നിറയെ മൈലാഞ്ചിപ്പൂക്കളും വരച്ചുകൊടുത്തീണ്. ഉമ്മൂമ്മയുടെ കാര്യം കുറച്ച് സങ്കടത്തിലാ ഉപ്പാ.
പിന്നെ ഉപ്പൂപ്പാക്ക് മുറുക്കാനും ഒരു ബനിയനും വാങ്ങിക്കൊടുത്തു. ഉപ്പ പോയതില്‍ പിന്നെ ആ പാവത്തിന് അതൊന്നു കിട്ടിയിട്ടേയില്ല. ഉപ്പൂപ്പ പാവമാ. പുറത്ത് ധൈര്യം കാണിച്ചു നടക്കുന്നുവെന്നേയുള്ളൂ. എന്നും രാത്രി ഒറ്റയ്ക്കിരുന്ന് കരയുന്നത് ഞാന്‍ കാണാറുണ്ട് ഉപ്പാ… മനുവിനു ഭയങ്കര വികൃതിയാ. അവനൊരു ടീഷര്‍ട്ടും വാങ്ങിക്കൊടുത്തീണ്ട്ടോ.
ഉപ്പാ… ഞാനൊരു മൈലാഞ്ചി ട്യൂബും ഉപ്പാക്കൊരു തുണിയും വാങ്ങി നമ്മുടെ ഷെല്‍ഫില്‍ സൂക്ഷിച്ച്‌വെച്ചീണ്‌ട്ടോ. ഉപ്പ വരുന്ന അന്ന് എനിക്കും ഉമ്മാക്കും ഇടാനാണ്… അന്നേ ഞങ്ങള്‍ക്കിനി പെരുന്നാള്‍ ഉള്ളൂ ഉപ്പാ… ഈ പൊന്നുമോള്‍ ഉപ്പയെ കാത്തിരിക്കുന്നു.
ആ… ഉപ്പാ, പിന്നൊരു കാര്യം. ഞാനിന്നലെ രാത്രി നമ്മുടെ കിളികളെയെല്ലാം തുറന്നുവിട്ടു. കൂട്ടിലടച്ചതിന്റെ വേദന ഞാനിപ്പോ ശരിക്കും അറിയുന്നു ഉപ്പാ. അവയ് ക്കാണ് ശരിക്കും പെരുന്നാള്‍. ചിറകടിച്ച് ശബ്ദം ഉണ്ടാക്കി ആകാശത്തേക്ക് പറന്നുപോകുന്നത് കാണാന്‍ എന്ത് രസായിരുന്നെന്നോ!
ഉപ്പാ… അതിലൊരു കിളിയുടെ കാലില്‍ കെട്ടിയാണ് ഞാനീ കത്ത് ഉപ്പക്ക് അയക്കുന്നത്. പണ്ടുകാലത്തൊക്കെ അങ്ങനെ ചെയ്യാറുണ്ടെന്ന് സ്‌കൂളിലെ ടീച്ചര്‍ കഥകള്‍ പറഞ്ഞുതന്നിരുന്നു. കിളികള്‍ക്ക് എവിടെയും പറന്നുചെല്ലാലോ… ആരും ചോദ്യം ചെയ്യൂലല്ലോ ഉപ്പാ… അങ്ങനെയെങ്കിലും ഈ കത്ത് എന്റെ ഉപ്പയുടെ അടുത്തെത്തട്ടേന്ന് മോള് പ്രാര്‍ഥിക്കുന്നു.
ഉപ്പയെ കാണാനുള്ള കൊതിയോടെ,
ഉപ്പയുടെ സ്വന്തം
കുഞ്ഞയിഷു.”
കിഴക്കന്‍ ആകാശത്ത് ഇരുട്ടിനു മേല്‍ വെളിച്ചത്തിന്റെ തേരോട്ടത്തിനുള്ള ഭാവമാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ജമീലയുടെ കണ്ണില്‍ നിന്നിറ്റിവീണ തുള്ളികളില്‍ കത്തിലെ അക്ഷരങ്ങള്‍ മാഞ്ഞു പടരാന്‍ വെമ്പി.
മഴമേഘം മൂടിയ ആകാശം പോലെ കണ്ണുകളില്‍ ഒളിപ്പിച്ച ദുഃഖം പെയ്‌തൊഴിയാന്‍ തുടങ്ങുന്നതിനു മുമ്പ് ഉപ്പൂപ്പ പറഞ്ഞു:
”പാറോ, ഞ്ഞി ഒരു കാര്യം ചെയ്യ്. ആ കിളിയെ അങ്ങ് കൊണ്ടുപൊയ്‌ക്കോ… ആ കത്തും. ന്റെ കുഞ്ഞയിഷു വിചാരിച്ചോട്ടേ ആ കത്ത് ഓള്‌ടെ ഉപ്പാക്ക് കിട്ടീന്ന്…”
”…അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്…”
തക്ബീര്‍ ധ്വനികള്‍ കൂടുതല്‍ ഉച്ചത്തിലായി.