അഹമ്മദ് സലീം അമാനി
ഡോ. ജാബിര്‍ അമാനി
വാണിയമ്പലം: വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഹമ്മദ് അമാനി മൗലവിയുടെ മകനും വളവന്നൂര്‍ അന്‍സ്വാര്‍ അറബിക് കോളജ് മുന്‍ അധ്യാപകനുമായ അഹമ്മദ് സലീം അമാനി നിര്യാതനായി.
1945ല്‍ പട്ടിക്കാടായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസ ശേഷം തൊടികപ്പുലത്ത് പിതാവ് നേതൃത്വം നല്‍കിയിരുന്ന പള്ളിദര്‍സിലും അരീക്കോട് സുല്ലമുസ്സലാം അറബിക്‌കോളേജിലും ആയിരുന്നു ഉപരിപഠനം. ശേഷം പിതാവിന്റെയും കെ പിയുടെയും നിര്‍ദേശപ്രകാരം വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. സ്ഥാപനം വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന ആ കാലത്ത് അന്‍സാറിന്റെ സര്‍വതോമുഖമായ വളര്‍ച്ചയില്‍ കഠിനാധ്വാനം ചെയ്ത വ്യക്തിത്വമാണ് അന്‍സാറിലെ ആദ്യകാല അധ്യാപകരില്‍ പ്രമുഖനായ അദ്ദേഹം.
കോഴിക്കോട് സര്‍വകലാശാലയ്ക്ക് കീഴില്‍ പഠന സമിതി അംഗം, പരീക്ഷാ സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പിതാവ് തുടക്കം കുറിച്ച കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡിന്റെ ചുമതലയും നിര്‍വഹിച്ചിരുന്നു. അല്‍പകാലം അന്‍സ്വാര്‍ അറബിക് കോളജ് പ്രിന്‍സിപ്പല്‍ ചുമതലയും വഹിച്ചിട്ടുണ്ട്. 2000-ല്‍ അന്‍സ്വാറില്‍ നിന്ന് വിരമിച്ച സലീം അമാനി വലിയൊരു ശിഷ്യസമ്പത്ത് ബാക്കിവെച്ചുകൊണ്ടാണ് കടന്നുപോകുന്നത്. അതിസാധാരണക്കാരനായ ഒരു അധ്യാപകനായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ മനസില്‍ സലീം മൗലവിയെന്ന പണ്ഡിതന്റെ സ്ഥാനം വലുതായിരുന്നു.
തൊടികപ്പുലത്തെ മമ്പഉല്‍ ഇര്‍ഫാന്‍ അറബിക്കോളേജില്‍ അല്‍പകാലം ജോലി ചെയ്തിരുന്നു. ഹദീസ് നിദാനശാസ്ത്രത്തില്‍ അറബി ഭാഷയില്‍ അല്‍ മുഖ്തസ്വര്‍ ഫിസ്ത്വിലാഹില്‍ ഹദീസ് എന്ന ലഘുഗ്രന്ഥം രചിച്ചിട്ടുണ്ട്. ഹദീസ് വിജ്ഞാനീയങ്ങള്‍, പൗരാണിക കര്‍മശാസ്ത മേഖല, ഭാഷാ വ്യാകരണ ശാസ്ത്രം എന്നിവയില്‍ അസാമാന്യ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്.
വിശ്വപ്രസിദ്ധ ഇന്ത്യന്‍ പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ക്വിസസുന്നബിയ്യീന്‍ എന്ന ഗ്രന്ഥം പ്രവാചക കഥകള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധ്യാപന ജീവിതത്തില്‍ ഇസ്‌ലാഹിന്റെ ആദര്‍ശ പ്രബോധനത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും പ്രസ്ഥാനത്തിന്റെ ഒരു ചുറ്റുവട്ടങ്ങളിലും പേര് രേഖപ്പെടുത്തുന്നതിനോട് ശക്തമായ വിയോജിപ്പായിരുന്നു. പ്രാമാണികവും പണ്ഡിതോചിതവുമായ നിലപാടുകള്‍ ആരുടെ മുമ്പിലും പ്രഖ്യാപിക്കുകയെന്നത് അദ്ദേഹത്തിന്റെ മാതൃകാ രീതിയാണ്. പിതാവ് മുഹമ്മദ് അമാനി മൗലവിയുടെ ത്യാഗോജ്വലമായ ജീവിത ചരിത്രങ്ങള്‍, രേഖകള്‍, ഒരു ചരിത്രാധ്യാപകനെപ്പോലെ സൂക്ഷിക്കുകയും പകരുകയും ചെയ്യുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു.
പട്ടിക്കാട് കെ പി ഹാജറയാണ് ഭാര്യ. മന്‍സൂര്‍ അമാനി, യാസിര്‍ അമാനി, ത്വാഹിര്‍ അമാനി, ബുശ്‌റ എ എസ്, ശമീമ എ എസ്, മാജിദ, ഉമൈന മക്കളാണ്. പരേതയായ തായുമ്മയാണ് ഉമ്മ. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്‍.