റമദാനിലും ഗസ്സയില്‍ ഇസ്‌റാഈലിന്റെ നരനായാട്ട്

സെന്‍ട്രല്‍ ഗസ്സയില്‍ ആക്രമണം നടത്തി ഇസ്‌റാഈല്‍. കഴിഞ്ഞയാഴ്ചയില്‍ ഇസ്‌റാഈല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. റോക്കറ്റ് എഞ്ചിനുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഭൂഗര്‍ഭ സമുച്ചയത്തില്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. സെന്‍ട്രല്‍ ഗസ്സയിലെ അല്‍ ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗസ്സയില്‍ നിന്നുള്ള റോക്കറ്റ് ദക്ഷിണ ഇസ്‌റാഈലില്‍ നേരത്തെ പതിച്ചിരുന്നു. ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇസ്‌റാഈല്‍ പൊലീസ് അറിയിച്ചു. ഉപരോധിക്കപ്പെട്ട തീരപ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഗസ്സയില്‍ നിന്ന് റോക്കറ്റ് ആക്രമണമുണ്ടാകുന്നത്. എന്നാല്‍, ഇസ്‌റാഈല്‍ പ്രതിരോധ സംവിധാനങ്ങള്‍ റോക്കറ്റുകളെ തടഞ്ഞു. റോക്കറ്റ് തൊടുത്തുവിട്ടതിന്റെ ഉത്തരവാദിത്തം ഫലസ്തീന്‍ വിഭാഗങ്ങള്‍ ഏറ്റെടുത്തിട്ടില്ല. ഇസ്‌റാഈലിന്റെ ബോംബാക്രമണം ഫലസ്തീനികളെ അധിനിവേശത്തെ ചെറുക്കുന്നതിനും, ജറൂസലമിനും ജനതക്കുമുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതിനുമുള്ള കരുത്ത് മാത്രമാണ് പകരുന്നതെന്ന് ഗസ്സ ഭരിക്കുന്ന ഹമാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
