ഹിജാബ് മതകല്‍പനയാണ്
റിഷാന ചുഴലി
പരിശുദ്ധിയുടെ അടയാളമാണ് ഹിജാബ്. തന്റെ സൗന്ദര്യത്തെ മുഴുവന്‍ മറക്കുക വഴി ദുര്‍വൃത്തരില്‍ നിന്നും നീചവൃത്തിയില്‍ നിന്നും മറ്റും സ്വയം സംരക്ഷിക്കുകയാണ് പെണ്ണ് ചെയ്യുന്നത്. അത് തന്റെ വിശുദ്ധിയെ സംരക്ഷിക്കലാണ്. അതിന്റെ പവിത്രതയും ആദരവും ഉയര്‍ത്തിപ്പിടിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ഇസ്ലാം ഹിജാബ് നിര്‍ബന്ധമാക്കിയത്.
സ്ത്രീക്ക് അവകാശങ്ങളും സ്വാതന്ത്ര്യവും പ്രഖ്യാപിച്ച മതമാണ് ഇസ്ലാം. ഇസ്ലാമിലെ സ്ത്രീ അവകാശങ്ങളെ കുറിച്ച് അറിയണമെങ്കില്‍ അതിന്റെ പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും പഠനത്തിനു വിധേയമാക്കേ ണ്ടി വരും. അല്ലാതെ ഇസ്ലാമിലെ നിയമങ്ങളെപ്പറ്റി യാതൊരു അറിവും ഇല്ലാത്തവര്‍ ഇത് കൈകാര്യം ചെയ്താ ല്‍ വസ്തുതയിലേക്ക് എത്തിച്ചേരില്ല. ഇതര മതങ്ങളിലും സംസ്‌കാരങ്ങളിലും സ്ത്രീയുടെ നില എത്രത്തോളമായിരുന്നു എന്ന് മനസ്സിലാക്കുകയും വേണം.
ഹിജാബ്, സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായുള്ള കല്‍പന ആയതിനാല്‍ സ്വാഭാവികമായും വിശ്വാസികള്‍ അത് അനുവര്‍ത്തിച്ചു ചെയ്യുന്നു. മതേതര രാജ്യമായി അറിയപ്പെടുന്ന ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും അനുവദിച്ച മൗലികാവകാശങ്ങളുണ്ട്. അതില്‍ പെട്ടതാണ് ഇഷ്ടപ്പെട്ട വസ്ത്രം സ്വീകരിക്കാനുള്ള അവകാശം. മതം കര്‍ശനമായി കല്‍പിച്ച വസ്ത്ര ധാരണ സംസ്‌കാരത്തെ പണ്ഡിതരുടെയോ ഇസ്‌ലാമിക അവലംബങ്ങളുടെയോ പിന്‍ബലമില്ലാതെ മതത്തിന്റെ ഭാഗമല്ലെന്ന് പറയുന്നത് വിശ്വാസികളെ സംബന്ധിച്ച് ഒരുനിലക്കും അംഗീകരിക്കാവുന്നതല്ല.