പരിസ്ഥിതി ഇത്രമേല്‍ മലിനമാക്കരുത്
ജസീല സമീമ വാരണാക്കര
കേരളം ഉപഭോക്തൃ സംസ്ഥാനമായാണ് അറിയപ്പെടുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതലായി വാങ്ങിക്കൂട്ടുന്നവരാണ് നമ്മളൊക്കെയും. ഓരോ ദിനവും എത്രയെത്ര കവറുകളും കുപ്പികളും പാത്രങ്ങളുമാണ് നാം ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്നത്. പാര്‍സല്‍ ഫുഡ് സംസ്‌കാരം വലിയ തോതില്‍ മാലിന്യത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനങ്ങള്‍ നേരത്തേ തന്നെ മാലിന്യം പുറന്തള്ളുന്നതില്‍ പേരുകേട്ടവയാണ്.
മാറുന്ന പരിസ്ഥിതിയും അതുമൂലമുണ്ടാകുന്ന പുതിയ പകര്‍ച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നാണ്. മഴക്കാലം വരുന്നതോടെ പകര്‍ച്ചവ്യാധികളുടെ എണ്ണം വര്‍ധിക്കുന്നു. കെട്ടിനില്‍ക്കുന്ന വെള്ളവും പ്ലാസ്റ്റിക്കും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു. മറ്റൊന്നാണ് വലിച്ചെറിയല്‍ സംസ്‌കാരം. ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളുമൊക്കെ പുറത്തേക്ക് എറിയുന്നു. ബോധവല്‍ക്കരണം കൊണ്ടുമാത്രം ഈ വലിച്ചെറിയല്‍ സംസ്‌കാരം നിയന്ത്രിക്കാന്‍ കഴിയില്ല. ശക്തമായ നിയമങ്ങള്‍ ഈ മേഖലയിലും ആവശ്യമാണ്. ഇറച്ചി മാലിന്യങ്ങള്‍ ചാക്കിലാക്കി പാതിരാത്രികളില്‍ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നദികളിലും തോടുകളിലും പാതയോരത്തും നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകര്‍ത്തുന്നു. ചത്ത കോഴി, പൂച്ച, മീന്‍ തുടങ്ങിയവയെ കുഴിച്ചുമൂടാതെ പരിസരങ്ങളില്‍ കിടന്ന് ചീഞ്ഞളിഞ്ഞ ഗന്ധം ആളുകളെ അസ്വസ്ഥരാക്കുന്നു.
മാലിന്യസംസ്‌കരണ രംഗത്ത് ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എത്രമാത്രം ഫലപ്രദമാണ്. മാലിന്യം എന്ന് പറയുമ്പോഴേക്കും ചീഞ്ഞളിഞ്ഞ ഗന്ധവുമായി പായുന്ന ലോറികളും പക്ഷികള്‍ കൊത്തിപ്പറിക്കുന്ന പ്ലാസ്റ്റിക് കിറ്റുകളും ദുര്‍ഗന്ധം വമിക്കുന്ന ഡമ്പിങ്ങ് യാര്‍ഡുകളുമാണ് നമുക്ക് ഓര്‍മ വരുന്നത്. നാം പലപ്പോഴും കണ്ടുശീലിച്ച മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇത്തരത്തിലുള്ളവയായിരുന്നു എന്നതാണ് കാരണം.
എന്നാല്‍ ഇങ്ങനെയൊന്നുമല്ലാതെ എത്രയോ മാതൃകാപരമായി മാലിന്യസംസ്‌കരണ രംഗം കൈകാര്യം ചെയ്യാമെന്നതാണ് യാഥാര്‍ഥ്യം. അത് ഗവണ്‍മെന്റ് ചുമതല മാത്രമല്ല നമുക്കേവര്‍ക്കും പങ്കാളിത്തം ഉണ്ടാകേണ്ട മേഖലയാണ്. മലിനീകരണവും ഒരു മഹാമാരിയാണ്, വേണ്ടത്ര ശ്രദ്ധകൊടുക്കാതെ പരിസ്ഥിതിയെ സംരക്ഷിക്കാതിരുന്നാല്‍ വലിയ വിപത്ത് നേരിടേണ്ടി വരും.