6 Friday
September 2024
2024 September 6
1446 Rabie Al-Awwal 2

അവസാനത്തെ പത്തു ദിനങ്ങള്‍

എം ടി അബ്ദുല്‍ഗഫൂര്‍


ആഇശ(റ) പറയുന്നു: റമദാനിലെ അവസാനത്തെ പത്തു ദിനരാത്രങ്ങളില്‍ മറ്റ് സന്ദര്‍ഭങ്ങളിലില്ലാത്തവിധം നബി(സ) അത്യധ്വാനം ചെയ്യാറുണ്ടായിരുന്നു. (മുസ്‌ലിം)

വിശുദ്ധ റമദാന്‍, പുണ്യങ്ങളുടെ പൂക്കാലം. വിശ്വാസികള്‍ നന്മകളില്‍ മുന്നേറുന്ന പുണ്യമാസം. സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുന്ന സന്തോഷകരമായ കാലം. നരകവാതിലുകള്‍ അടക്കപ്പെടുന്ന ആനന്ദത്തിന്റെ ദിനരാത്രങ്ങള്‍. പിശാച് വിശ്വാസിയുടെ മനസിലേക്ക് പ്രവേശിക്കാത്തവിധം ബന്ധനസ്ഥനാക്കപ്പെടുന്ന നല്ല കാലം.
നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ഉദാരതയും ദാനധര്‍മവും ദൈവസ്മരണയും പ്രാര്‍ഥനകളും തഹജ്ജുദും മറ്റ് ആരാധനകളും നിറയുന്ന നല്ല കാലത്തിന്റെ നന്മകള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് വിശ്വാസികള്‍. അവര്‍ക്ക് മുന്നില്‍ അതിരറ്റ ആഹ്ലാദത്തിന്റെ തേന്മഴയാണ് നബിചര്യയെക്കുറിച്ച് പ്രിയപത്‌നി സാക്ഷ്യപ്പെടുത്തുന്ന ഉപര്യുക്ത വചനം.
ഏറെ പുണ്യം നിറഞ്ഞ ഈ മാസത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളാണ് റമദാനിലെ അവസാനത്തെ പത്ത് ദിനരാത്രങ്ങള്‍. തങ്ങളുടെ മനസുകളെ കഴുകി ശുദ്ധീകരിക്കാന്‍, വിശ്വാസത്തെ മിനുക്കിയെടുക്കാനുള്ള അപൂര്‍വ അവസരമാണ് റമദാന്‍. പ്രത്യേകിച്ചും അതിലെ അവസാനത്തെ പത്ത് ദിനരാത്രങ്ങള്‍. അതിലാണ് നിര്‍ണയത്തിന്റെ രാത്രി. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മഹത്വമേറിയ രാത്രി. അതിന്റെ മഹത്വം അറിഞ്ഞ് അതിലെ പുണ്യം കരസ്ഥമാക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടണം മുസ്‌ലിംകള്‍. അതാണ് നബി തിരുമേനി(സ)യുടെ മാതൃക. കൂടുതല്‍ സൗഭാഗ്യമുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തുവാനുള്ള പ്രേരണയാണ് ഈ നബിവചനത്തിലടങ്ങിയത്.
മുണ്ട് മുറുക്കിയുടുത്ത്, രാത്രികളെ ആരാധനകളാല്‍ നിറച്ച്, കുടുംബത്തെ അതിനായി പ്രേരിപ്പിച്ച്, നരകമോചനം സാധ്യമാക്കുകയാണ് വിശ്വാസികള്‍ക്ക് കരണീയമായ കാര്യം എന്ന് നബി(സ)യുടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ വീട്ടില്‍ ഒഴിഞ്ഞിരുന്ന്, കഴിഞ്ഞുപോയ ഇന്നലെകളെ ഓര്‍ത്തെടുത്ത്, വന്നുപോയ വീഴ്ചകള്‍ കാരുണ്യവാനായ അല്ലാഹുവോടേറ്റുപറഞ്ഞ് അവനോട് പാപമോചനം തേടി മനസ് ശുദ്ധീകരിക്കാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തുന്നവന് ലഭിക്കുന്ന ആനന്ദം അനിര്‍വചനീയമത്രെ.
ശരാശരി മനുഷ്യായുസ്സ് മുഴുവന്‍ ചെയ്യുന്ന നന്മകള്‍ക്ക് തുല്യമായ പ്രതിഫലം ലഭിക്കുന്ന, മാലാഖമാര്‍ ഇറങ്ങിവരുന്ന, എല്ലാ കാര്യങ്ങളിലും ശാന്തിയും സമാധാനവും ലഭിക്കുന്ന ആ രാത്രിയെ നഷ്ടപ്പെടുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികള്‍ക്ക് വിശാലമായ സ്വര്‍ഗകവാടം തുറക്കപ്പെട്ടിരിക്കെ അവിടേക്കെത്താനുള്ള കര്‍മങ്ങളില്‍ നിരതനായി ആരാധനകളില്‍ മുഴുകിയിരിക്കുന്ന നബിതിരുമേനിയുടെ പരിശ്രമത്തെക്കുറിച്ചുള്ള ഈ തിരുവചനം എക്കാലത്തെയും വിശ്വാസികള്‍ക്ക് പ്രചോദനമാകുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x