സമന്വയ വിദ്യാഭ്യാസം അനിവാര്യം
പി ടി ഷഫ്‌ന സാഹിറ വെങ്ങാട്
വിദ്യാഭ്യാസ മേഖലകളും സാധ്യതകളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് സംസ്‌കാരം അന്യമാകുന്ന തലമുറയാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ അനന്തര ഫലമെന്നോണം യുക്തിവാദികളും നിരീശ്വര വാദികളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നത്. മതം പ്രചരിപ്പിക്കാനും പഠിപ്പിക്കാനും അവകാശമുള്ള കേരള മണ്ണില്‍ പ്രചരണം മദ്‌റസകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കേണ്ടതല്ല. ഇവിടെയാണ് പല രാജ്യങ്ങളിലെ സംസ്‌കാരങ്ങളുമായി ഇന്ത്യ സംസ്‌കാരം വ്യത്യാസപ്പെടുന്നത്.
ആദ്യകാലങ്ങളില്‍ ഭൗതിക പഠനത്തെക്കാള്‍ പ്രാധാന്യം നല്‍കിയിരുന്നത് മതവിദ്യാഭ്യാസത്തിനായിരുന്നു. അന്നാകട്ടെ സംസ്‌കാരം ഓരോരുത്തരുടെയും മുഖമുദ്രയായിരുന്നു. ആധുനിക സിലബസുകളില്‍ മൂല്യത്തിനും സംസ്‌കാരത്തിനും പ്രാധാന്യം കുറയുകയും ഭൗതികവാദവും ലിബറലിസവും കടന്നുകൂടുകയും ചെയ്തിരിക്കുന്നു. ഭൗതിക വിദ്യാഭ്യാസത്തിന് നല്‍കുന്ന എല്ലാ പ്രാധാന്യങ്ങളും മത വിദ്യാഭ്യാസത്തിനും നല്‍കി സംസ്‌കാര ബോധമുള്ള മനുഷ്യരെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കേണ്ടത്. സംസ്‌കാരത്തിന്റെ കുറവുകള്‍ തന്നെയാണ് മയക്കുമരുന്ന് ഉപയോഗവും കൊലപാതകവും നിരന്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. ഇതിനെ തടയിടാന്‍ സമന്വയ വിദ്യാഭ്യാസത്തിന് കഴിയുമെന്നതില്‍ സന്ദേഹവും ഇല്ല.