വേരറ്റു പോകുന്ന വഅദ് പരമ്പരകള്‍
സി എം സി കാദര്‍ പറവണ്ണ
ചുക്കും കഷായവും തമ്മിലുള്ള ബന്ധം പോലെയായിരുന്നു മുന്‍കാലങ്ങളില്‍ റമദാന്‍ മാസവും വഅദ് പരമ്പരകളും. അക്കാലത്ത് വഅദ് ഇല്ലാത്ത നോമ്പുകാലം ഉണ്ടായിരുന്നില്ല. തറാവീഹ് നമസ്‌കാരം കഴിഞ്ഞ് പത്ത് മണിക്കാണ് വഅള് തുടങ്ങുക. ഒരു മണിവരെയോ രണ്ടുമണിവരെയോ പ്രഭാഷണം നീളും. ഇത്തരം പ്രഭാഷണങ്ങളില്‍ കൂടി ധാരാളം പേര്‍ക്ക് മതപരമായ അറിവുകള്‍ കിട്ടുമായിരുന്നു.
റമദാനെ ധന്യമാക്കാനും ചരിത്രങ്ങളും അനുഷ്ഠാനങ്ങളും പഠിക്കാനും ഇത്തരം പ്രഭാഷണപരമ്പരകള്‍ ഉപകാരപ്രദമായിരുന്നു. തലോമ്പ് മൂന്നും കഴിഞ്ഞാണ് വഅള് പരമ്പരകള്‍ക്ക് തുടക്കമിടല്‍. പെരുന്നാളിന്റെ മൂന്ന് ദിവസം മുമ്പ് വരെ നീണ്ടുനില്‍ക്കും. ഓരോ പ്രദേശത്തേക്കും വഅള് പറയാന്‍ വന്നിരുന്നത് അന്യനാട്ടുകാരായ പണ്ഡിതരോ വാഗ്മികളോ ആയിരുന്നു. സ്ത്രീകള്‍ ഇരിക്കാനുള്ള പലകയോ പായയോ കയ്യില്‍ കരുതിയാണ് വഅള് കേള്‍ക്കാന്‍ വന്നിരുന്നത്. കൂടെ കുട്ടികളുമുണ്ടാകും. കുട്ടികള്‍ പായയില്‍ കിടന്നുറങ്ങും.
മൊബൈല്‍ സംവിധാനമോ സോഷ്യല്‍ മീഡിയയോ ഇല്ലാത്ത പഴയ കാലത്ത് പ്രഭാഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ‘മൗലായസ്വല്ലിവസാ’ എന്ന് തുടങ്ങുന്ന അറബി ബൈത്ത് ഈണത്തില്‍ കുറച്ചുപേര്‍ സ്റ്റേജില്‍ ഒന്നിച്ചിരുന്ന് ചൊല്ലും. വഅളിന്റെ സമയം അറിയിച്ചുകൊണ്ടുള്ള ഈ ബൈത്ത് ചൊല്ലല്‍ അരമണിക്കൂര്‍ നീണ്ടു നില്‍ക്കും. ബൈത്ത് സമാപിക്കുന്നതോടെ ഗ്രൗണ്ട് ആളുകളെക്കൊണ്ട് നിറയും. സ്ത്രീകളാണ് കൂടുതലുണ്ടാകുക. നീട്ടിയും കുറുക്കിയുമുള്ള പ്രഭാഷകരുടെ താളാത്മകവും രാഗത്തോടും കൂടിയുള്ള പ്രഭാഷണങ്ങള്‍ ഇന്നും കാരണവന്‍മാരുടെ ചെവികളില്‍ അലയടിക്കുന്നുണ്ട്.
സ്വര്‍ഗത്തിന്റെ പോരിശകളും നരകത്തിലെ ശിക്ഷയും പ്രാസംഗികര്‍ പ്രത്യേക വിഷയമാക്കും. ഓരോ ദിവസവും വഅള് കഴിയുമ്പോള്‍ ലേലം വിളിയുണ്ടാവും. കോഴി, മുട്ട, വീട്ടുപകരണങ്ങള്‍ തുടങ്ങി പലതും ലേലം വിളിക്കും. സംഭാവനയായി കൊടുക്കുന്ന ഇത്തരം സാധനങ്ങള്‍ നല്ല വിലകൊടുത്ത് ആളുകള്‍ വാങ്ങും. വഅളിന്റെ സമാപനദിവസം നീണ്ട പ്രാര്‍ഥനയുണ്ടാകും. കരളലിയിക്കുന്ന ഈ പ്രാര്‍ത്ഥനക്ക് ‘തൗബ ചൊല്ലി കൊടുക്കല്‍’ എന്നാണ് പറഞ്ഞിരുന്നത്. മതകാര്യങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരുന്ന വേദി എന്നതിന് പുറമെ മദ്‌റസ- പള്ളി തുടങ്ങിയ മതസ്ഥാപനങ്ങളുടെ പ്രധാന ധനശേഖരണമാര്‍ഗവും കൂടിയായിരുന്നു ഇത്തരം വഅള് പരമ്പരകള്‍.