മതത്തില്‍ നിന്ന് അകറ്റുന്ന ആത്മീയ സന്ധ്യകള്‍
മിസ്ബാഹുല്‍ നിഷാദ്
മനുഷ്യന്റെ ആഗ്രഹത്തെയും ഭയത്തെയും മുതലെടുത്ത് അവരെ തട്ടിപ്പിന് വിധേയമാക്കുന്ന ആത്മീയ ചൂഷകര്‍ ഈ ആധുനിക കാലഘട്ടത്തില്‍ പുതിയതല്ല, പുരാതന കാലം മുതലേ ഉണ്ട്. അധികാരം നിലനിര്‍ത്താനും ജനങ്ങളെ അടക്കി ഭരിക്കാനും ആയിരുന്നു പുരാതന കാലത്ത് ആത്മീയതയെ ചൂഷണം ചെയ്തതെങ്കില്‍ ഇന്നത് സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടിയായിരിക്കുന്നു.
സ്വലാത്ത് നഗറുകളായും സ്വലാത്ത് മജ്‌ലിസുകളായും കോവിഡിനു മുമ്പ് ഉത്സവം കണക്കെ ആഘോഷിക്കപ്പെട്ടിരുന്ന സ്വലാത്ത് മജ്‌ലിസുകള്‍ കോവിഡ് വന്നതോടെ ഓണ്‍ലൈനിലേക്ക് കൂടുമാറുകയും യുവചൂഷകരിലേക്ക് എത്തിച്ചേരുകയും ചെയ്തു. രാപ്പകല്‍ വ്യത്യാസമില്ലാതെ നവമാധ്യമങ്ങളിലൂടെ സംഘം ചേര്‍ന്ന് നടക്കുന്ന ഈ മജ്‌ലിസുകളുടെ പേരില്‍ ഇന്ന് ധാരാളം ചൂഷണങ്ങളും നടക്കുന്നു. പക്ഷേ ഈ ചൂഷണത്തെ എതിര്‍ക്കുമ്പോള്‍ അത് ദിക്‌റിനും സ്വലാത്തിനും എതിരെയുള്ള നീക്കവും അവയെ ആക്ഷേപിക്കലുമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.
വിശ്വാസിയുടെ ജീവിതത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും സ്വലാത്തും പ്രാര്‍ഥനകളുമെല്ലാം. എന്നാല്‍ ഇത് പുത്തന്‍ ആചാരമാകുന്നത് അതിനെ ഒരു പ്രത്യേക സമയം, എണ്ണം, ഒരു നേതൃത്വം തുടങ്ങിയവ, പ്രവാചക അധ്യാപനങ്ങള്‍ക്ക് അനുസൃതമല്ലാതെ സ്വീകരിക്കുന്നതാണ്. അല്ലാഹുവിനെ ഓര്‍മിക്കുന്നതിനോ പരിശുദ്ധ ഖുര്‍ആന്‍ പഠിക്കാനോ പാരായണം ചെയ്യാനോ ഒരുമിച്ച് ഇരിക്കുന്നത് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല. അത് പ്രോത്സാഹിപ്പിക്കപ്പെട്ടതാണ്. ഇമാം മാലിക് മുവത്വയില്‍ ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നത് എന്റെ മാര്‍ഗത്തില്‍ ഒരുമിച്ചിരിക്കുന്നവര്‍ എന്റെ സ്‌നേഹം ഉറപ്പിച്ചിരിക്കുന്നു എന്നാണ്. അതോടൊപ്പം നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുക എന്നത് ഒരു വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയുമാണ്. എങ്ങനെയാണ് സ്വലാത്ത് നിര്‍വഹിക്കേണ്ടത് എന്ന ചോദ്യത്തിന് നബി(സ) ഇബ്‌റാഹീമിയ്യ സ്വലാത്ത് പഠിപ്പിക്കുകയായിരുന്നു. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ ആരെങ്കിലും തന്റെ പേരില്‍ 10 സ്വലാത്ത് ചൊല്ലിക്കഴിഞ്ഞാല്‍ അല്ലാഹു അവന് പത്ത് അനുഗ്രഹങ്ങള്‍ ചൊരിയും എന്ന് സൂചിപ്പിച്ചതായി കാണാം. ഇതേ ആശയത്തില്‍ വേറെയും ഹദീസുകള്‍ വന്നിട്ടുണ്ട്. ഇതിനെയൊക്കെ എതിര്‍ക്കുന്നത് പ്രവാചകനെ എതിര്‍ക്കുന്നതിന് തുല്യവുമാണ്.
നബി(സ) പഠിപ്പിക്കാത്ത, പ്രത്യേക എണ്ണം പറഞ്ഞ്, പ്രത്യേക നേതൃത്വത്തിന്റെ കീഴില്‍, താളത്തില്‍ ദിക്‌റും സ്വലാത്തും നിര്‍വഹിക്കുകയും അത് വലിയ പുണ്യകര്‍മമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നത്. ഒരിക്കല്‍ ഇബ്‌നു മസ്ഊദ്(റ) അബൂമൂസല്‍ അശ്അരി(റ)യുടെ കൂടെ ഒരു പള്ളിയില്‍ എത്തി. അവിടെ കുറച്ച് വിശ്വാസികള്‍ ഒരുമിച്ച് കൂടിയിരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാള്‍ നേതൃത്വം നല്‍കി, നിങ്ങള്‍ നൂറ് പ്രാവശ്യം ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. ആ ആവശ്യത്തിന് ഉത്തരമായി അവര്‍ കല്ലുകള്‍ നീക്കിവെച്ച് അങ്ങനെ ചെയ്യുകയുണ്ടായി. ഇത് കണ്ട് ഇബ്‌നുമസ്ഊദ്(റ) പറഞ്ഞു: ”മുഹമ്മദിന്റെ അനുയായികളേ, നിങ്ങള്‍ക്ക് നാശം. നിങ്ങള്‍ക്ക് എത്ര പെട്ടെന്നാണ് നാശം വന്നിട്ടുള്ളത്. നബിയുടെ വസ്ത്രങ്ങള്‍ നുരുമ്പി പോവുകയും പാത്രങ്ങള്‍ പൊട്ടിപ്പോവുകയും ചെയ്തിട്ടില്ല. നിങ്ങള്‍ മുഹമ്മദ് നബിയുടെ പാതയേക്കാള്‍ ഏറ്റവും സന്മാര്‍ഗമായ പാതയിലാണ് എന്നാണോ കരുതുന്നത്. അതല്ല ദുര്‍മാര്‍ഗത്തിന്റെ കവാടം തുറന്നിരിക്കുകയാണോ?”. അവര്‍ പറഞ്ഞു: ”ഞങ്ങള്‍ നന്മ അല്ലാതെ ഉദ്ദേശിച്ചിട്ടില്ല”. ഇബ്‌നുമസ്ഊദ്(റ) മറുപടി പറഞ്ഞു: ”എത്രയോ നന്മ ഉദ്ദേശിക്കുന്ന ആളുകളുണ്ട്. പക്ഷേ അവര്‍ക്കത് കിട്ടുകയില്ല”. ഇന്ന് നടക്കുന്ന മജ്‌ലിസുകള്‍ ദിക്ര്‍ ഹല്‍ഖകള്‍ തുടങ്ങിയവക്ക് ഒന്നും മതത്തില്‍ ഒരു മാതൃകയുമില്ല എന്നത് മുകളില്‍ വിവരിച്ച സംഭവം വ്യക്തമാക്കുന്നുണ്ട്.
ഇത്തരം മജ്‌ലിസുകള്‍ക്ക് കീഴില്‍ നടക്കുന്ന സാമ്പത്തിക ചൂഷണവും വളരെ വലുതാണ്. ആഗ്രഹ സഫലീകരണമെന്ന ലക്ഷ്യം വെച്ച് ഇത്തരം മജ്‌ലിസുകളിലേക്ക് എത്തിച്ചേരുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പണം വാങ്ങുന്നതും നാം കാണുന്നു. യഥാര്‍ഥത്തില്‍ ഇതിന് എന്തെങ്കിലും മാതൃക മതത്തില്‍ നമുക്ക് കാണാന്‍ സാധിക്കുകയില്ല. ഒരു വിശ്വാസിക്കു വേണ്ടി പ്രാര്‍ഥിക്കുക എന്നത് ഏതൊരു വിശ്വാസിയുടെയും ബാധ്യതയാണ്. ഒരു ബാധ്യതാ നിര്‍വഹണത്തിനു വേണ്ടി പണം വാങ്ങുന്നത് എത്ര അപകടകരമാണെന്ന് ചിന്തിച്ചു നോക്കൂ. മനുഷ്യന്റെ ആര്‍ത്തിയെയും ഭയത്തെയും മുതലെടുത്താണ് ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
കച്ചവടം
ഇത്തരം മജ്‌ലിസുകളില്‍ പ്രധാനമായും നടക്കുന്നത് കച്ചവടമാണ്. ബര്‍കത്ത് ലഭിക്കും എന്ന കാരണത്താല്‍ മാത്രം ഒരു വസ്തുവിന് അതിന്റെ മൂല്യത്തേക്കാള്‍ വില നിശ്ചയിക്കുകയും അതിന്റെ ദൗര്‍ലഭ്യം ചൂണ്ടിക്കാണിച്ച് ലേലത്തില്‍ വെക്കുകയും വന്‍തുകക്ക് അതെല്ലാം വിറ്റുപോവുകയും ചെയ്യുന്നത് നമുക്ക് കാണാം. യഥാര്‍ഥത്തില്‍ ഏതെങ്കിലും ഒരു പദാര്‍ഥത്തില്‍ നിന്ന് ബര്‍കത്ത് സ്വീകരിക്കാന്‍ നാം പഠിപ്പിക്കപ്പെട്ടിട്ടില്ല. ഇങ്ങനെയുള്ള സ്വലാത്ത് നഗറില്‍ നിന്ന് ലഭിച്ചു എന്നതു കൊണ്ട് യാതൊരു വസ്തുവും പ്രത്യേക ബര്‍കത്ത് നല്കപ്പെട്ടതാകില്ല എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു വസ്തുവിന് അനാവശ്യമായി വില ഉയര്‍ത്തുക, അതിനില്ലാത്ത ഗുണങ്ങള്‍ പറയുക, വലിയ വില ലഭിക്കുന്നതിനായി പൂഴ്ത്തി വെക്കുക തുടങ്ങിയ കച്ചവടത്തില്‍ നിഷിദ്ധമാക്കിയ മാര്‍ഗങ്ങളും ഇവിടെ അവലംബിക്കുന്നത് നമുക്ക് കാണാം.
സ്വലാത്ത് നഗറുകളും മജ്‌ലിസുകളും സംഘടിപ്പിക്കുന്ന സ്ഥലങ്ങളില്‍ ഒരു സ്ഥാപനം ഉണ്ടാക്കാനോ പള്ളികള്‍ നിര്‍മിക്കാനോ ആണ് സംഘാടകര്‍ ഇത്തരം ചൂഷകരെ സമീപിക്കുന്നത്. അതില്‍നിന്ന് കിട്ടുന്ന സംഖ്യക്ക് ഒരു നിശ്ചിത ശതമാനം ഈ സ്വലാത്തിന് നേതൃത്വം വഹിക്കുന്നവര്‍ക്ക് നല്‍കുന്നുമുണ്ട്. ആ പിരിവുകളും നടക്കുന്നത് മനുഷ്യരുടെ ആഗ്രഹ സഫലീകരണത്തിന്റെ പേരിലാണ്. ഉദാഹരണത്തിന് ഒരു മജ്‌ലിസില്‍ അതിന് നേതൃത്വം നല്കുന്ന വ്യക്തി ചോ ദിക്കുന്നത് രോഗശമനം വേണ്ട ആളുകളില്‍ ഈ സ്ഥാപനത്തിലേക്ക് നിശ്ചിതതുക സംഭാവന ചെയ്യാന്‍ ആരാണ് ഉള്ളതെന്നാണ്?. എന്നാല്‍ പ്രവാചകന്‍ ചോദിച്ചിരുന്നത് അല്ലാഹുവിന് കടം കൊടുക്കുവാന്‍ ആരാണുള്ളത് എന്നാണ്. അതിന്റെ ഗുണം ലഭിക്കുക പരലോകത്ത് വെച്ചാണ് എന്നും ഉണര്‍ത്തിക്കൊണ്ടാണ് പ്രവാചകന്‍ സ്വഹാബികളില്‍ നിന്ന് ധനസമാഹരണം നടത്താറുണ്ടായിരുന്നത്. പ്രവാചക മാതൃകക്ക് എതിരായി ഭയപ്പെടുത്തി പ്രലോഭിപ്പിച്ച് അന്യന്റെ സമ്പാദ്യം നേടിയെടുക്കുന്ന പ്രവണതയും നാം തിരിച്ചറിയേണ്ടതുണ്ട്.
ഈ മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ അധികവും നബി കുടുംബമാണെന്നവകാശപ്പെടുന്നവരാണെന്നു കാണാം. അഹ്ലു ബൈത്തായതിനാല്‍ അവരെ എതിര്‍ക്കാന്‍ പാടില്ലെന്നും അവര്‍ക്ക് ധാരാളം കറാമത്തുകള്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നും പറയുകയും എതിര്‍ത്താല്‍ അത് പ്രവാചകനെ എതിര്‍ക്കുന്നതിന് തുല്യമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
ആരാണ് അഹ്ലു ബൈത്ത്
പരിശുദ്ധ ഖുര്‍ആനിലെ സൂറ അഹ്‌സാബിലെ 33-ാമത്തെ വചനത്തില്‍ ഇങ്ങനെ കാണാം: ”പ്രവാചകന്റെ വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ ഒരു ശുദ്ധീകരണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്”. ഇവിടെ അഹ്‌ലുബൈത്ത് എന്ന വാക്ക് പ്രവാചകന്റെ വീട്ടുകാരെ ഉദ്ദേശിച്ച് ഉപയോഗിച്ചിരിക്കുന്നു. സൂറത്ത് ശൂറായിലെ 23-ാമത്തെ ആയത്തില്‍ ഇങ്ങനെ കാണാം: ”ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ഇതിന്റെ പേരില്‍ ചോദിക്കുന്നില്ല. അടുത്ത ബന്ധത്തില്‍ ഉള്ള താല്‍പര്യം(സ്‌നേഹം) അല്ലാതെ”.
ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ നബിയുടെ കുടുംബത്തെ സ്‌നേഹിക്കേണ്ടതുണ്ട് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. സൂറത്ത് അഹ്‌സാബിലെ 33-ാമത്തെ ആയത്തിന്റെ വിശദീകരണത്തില്‍ ത്വബ്‌രി കൊടുത്തിട്ടുള്ള അബൂ സഈദില്‍ ഖുദ്‌രി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഈ ആയത്ത് 5 പേരില്‍ ആണ് ഇറങ്ങിയത് എന്ന് നബി(സ) പറയുന്നു. 1. നബി(സ), 2. അലി(റ), 3. ഹസന്‍(റ), 4. ഹുസൈന്‍(റ), 5. ഫാത്വിമ(റ). ഇതില്‍ നിന്ന് അഹ്‌ലു ബൈത്ത് ആരാണ് എന്ന് മനസ്സിലാക്കാം. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ”സൈദുബ്‌നു അര്‍ഖമിനോട് ചോദിക്കപ്പെട്ടു: ആരാണ് അഹ്‌ലുബൈത്ത്? അദ്ദേഹം പറഞ്ഞു: അലി കുടുംബം, ജഅഫര്‍ കുടുംബം, അഖീലന്‍ കുടുംബം, അബ്ബാസ് കുടുംബം”. ഇതില്‍ നിന്നെല്ലാം നബിയുടെ പത്‌നിമാരും ഈ പറയപ്പെട്ടവരുടെ കുടുംബവുമാണ് അഹ്‌ലുബൈത്ത് എന്ന് മനസ്സിലാക്കാം.
ഒരാള്‍ അഹ്ലു ബൈത്താണോ എന്നറിയുന്നതിനായി മേല്പറഞ്ഞവരിലേക്കെത്തുന്ന കുടുംബ പരമ്പര പൂര്‍ണമായി വെളിവാകേണ്ടതുണ്ട്. അത് പൂര്‍ത്തിയായാല്‍ തന്നെയും പ്രവാചക ചര്യയില്‍ നിന്ന് വ്യതിചലിക്കുന്ന വല്ലതിലും അവരെ പിന്തുണക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കില്ല താനും. എന്നാല്‍ ആ കുടുംബത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും വേണം. ആ ആദരവ് ആരാധനയിലേക്കോ അമിതമായ സ്‌നേഹത്തിലേക്കോ വഴി മാറാനും പാടില്ല. ഫാത്വിമ(റ)യോട് നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതില്‍ നിന്ന് അഹ്‌ലുബൈത്തിന് ആരെയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കുകയില്ല എന്ന് മനസ്സിലാക്കാം. പ്രവാചക കുടുംബത്തിന് പ്രത്യേകിച്ച്, എന്തെങ്കിലും കറാമത്തുകള്‍ കാണിക്കാന്‍ കഴിയുമെന്നും പ്രമാണങ്ങളില്‍ കാണാന്‍ സാധിക്കില്ല. ഇങ്ങനെയായിരിക്കെ അജ്ഞരായ ജനതയെ നബി കുടുംബത്തിന്റെ പേരുപറഞ്ഞ് ചൂഷണം ചെയ്യുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
വിശ്വാസികള്‍ മതവിഷയങ്ങളില്‍ അറിവ് നേടുക എന്നതാണ് ഇത്തരം ചൂഷണങ്ങളെ എതിര്‍ക്കുവാനുള്ള പ്രധാന മാര്‍ഗം. ആഗ്രഹങ്ങള്‍ക്ക് വശംവദരായി ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ക്ക് പരലോക ചിന്ത നല്‍കുകയും ദുനിയാവ് കേവലം അലങ്കാരമാണ് എന്ന് ബോധ്യപ്പെടുത്തുകയും വേണം. എങ്കിലേ ഈ ചൂഷണങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ സാധിക്കൂ.