8 Tuesday
July 2025
2025 July 8
1447 Mouharrem 12

ബദ്ര്‍: ഈമാനിന്റെ ഉള്‍ക്കരുത്ത് നല്‍കിയ വിജയം

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


ഏറ്റുമുട്ടിയ രണ്ട് വിഭാഗങ്ങളില്‍ നിശ്ചയമായും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു, മറു വിഭാഗമാകട്ടെ സത്യനിഷേധികളും, അവരുടെ ദൃഷ്ടിയില്‍ വിശ്വാസികള്‍ ഇരട്ടിയുണ്ടെന്നാണ് അവര്‍ക്ക് തോന്നിയത്. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം നല്‍കി പിന്‍ബലം നല്‍കുന്നു. അകക്കണ്ണുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്. (ആലുഇംറാന്‍ 13)

ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധമാണ് ഈ വചനത്തിന്റെ പശ്ചാത്തലം. റമദാനിലായിരുന്നു അത്. വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ട ത്യാഗ മനോഭാവത്തിന്റെ പാരമ്യതയാണ് ബദര്‍. യഥാവിധി നോമ്പെടുക്കുക എന്നതു തന്നെ ത്യാഗമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ട സമരം മറ്റൊരു ത്യാഗം. പ്രതിസന്ധികളെ അതിജീവിക്കാന്‍ ആവശ്യമായ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് ത്യാഗത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിക്കുന്നു. സ്വര്‍ഗം നേടാന്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളില്‍ പ്രധാനം ത്യാഗ ബോധം തന്നെയാണ്.
”ജിഹാദ് ചെയ്യുന്നവരേയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?” (3:142 ) എന്ന വചനം സ്വര്‍ഗ പ്രവേശത്തിന്റെ മിനിമം യോഗ്യതയാണ് വ്യക്തമാക്കുന്നത്.
ഈമാനിന് തിളക്കം നല്‍കുന്ന, ജീവിതത്തിന് ശക്തി പകരുന്ന പാരസ്പര്യമാണ് റമദാന്‍ ബദര്‍ അര്‍ഥ തലങ്ങള്‍ക്കുള്ളത്. വെടിയുവാനുള്ള ആഹ്വാനമാണ് റമദാന്‍. പതിനൊന്ന് മാസ ഇടവേളയില്‍ അത് ആവര്‍ത്തിക്കുന്നു. അനുഭവിക്കാനും ആസ്വദിക്കാനും സ്വാതന്ത്ര്യവും അനുവാദവുമുള്ള കുറച്ചു കാര്യങ്ങള്‍ മുപ്പത് ദിവസം മാറ്റി വെക്കാന്‍ ഇഛാശക്തിയോടെയുള്ള ത്യാഗബോധം ആവശ്യമാണ്.
അല്ലാഹുവിന്റെ കല്‍പനകള്‍ എത്ര കയ്‌പേറിയതാണെങ്കിലും അതനുസരിച്ച് മാത്രമേ ജീവിക്കുകയുള്ളൂ എന്ന സ്വയം ബോധ്യമാണ് റമദാനിലെ വെടിയല്‍ ചിന്തകളെ ത്യാഗമാക്കുന്നത്. മാതൃരാജ്യമായ മക്കയില്‍ താമസിക്കാന്‍ അനുവദിക്കാത്ത സന്ദര്‍ഭത്തിലായിരുന്നു നബി(സ)യും അനുയായികളും മദീനയിലേക്ക് ഹിജ്‌റ പോയത്. അവിടെയും അവര്‍ക്ക് സ്വസ്ഥത കൊടുക്കരുത് എന്ന ശാഠ്യമായിരുന്നു ശത്രുക്കള്‍ക്ക്. അവരുടെ വിദ്വേഷ വിളംബരത്തിന്റെ തുടക്കമായിരുന്നു ബദ്ര്‍.
മദീനയിലെ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടിട്ടില്ലാത്ത മുസ്ലിംകള്‍ക്ക് ഈ സന്ദര്‍ഭം വലിയൊരു പരീക്ഷണമായിരുന്നു. ആള്‍ബലവും ആയുധബലവും നന്നേ കുറവുള്ള ന്യൂനപക്ഷം മൂന്നിരട്ടി വരുന്ന ശത്രുക്കളെ എങ്ങനെ അതിജയിക്കും എന്ന സ്വാഭാവിക ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ നിശ്ചയം മറ്റൊന്നായിരുന്നു. സത്യത്തെ സത്യമായി നിലനിര്‍ത്താനും അസത്യത്തെ അസാധുവാക്കാനുമായിരുന്നു അവന്‍ ഉദ്ദേശിച്ചത് (വി.ഖു 8:8). ആദര്‍ശം ഉന്നതമാണെങ്കില്‍, നിലപാട് സുതാര്യമാണെങ്കില്‍, സ്വന്തം താല്‍പര്യങ്ങള്‍ മാറ്റിവെക്കാന്‍ തയ്യാറുണ്ടെങ്കില്‍ അല്ലാഹു സഹായിക്കും എന്നതിന്റെ നേര്‍സാക്ഷ്യമായിട്ടാണ് ബദ്‌റിനെ അനുസ്മരിക്കേണ്ടത്.
മൂന്നിലൊന്ന് മാത്രമുള്ള എതിര്‍പക്ഷത്തെ തങ്ങളുടെ ഇരട്ടിയുണ്ടെന്ന് തോന്നിപ്പിച്ചതിന് പിന്നിലെ വാര്‍ സ്ട്രാറ്റജി ഇന്നും അജ്ഞാതമാണ്. ഈമാനിക ധൈര്യം, സത്യത്തോടുള്ള പ്രതിബദ്ധത, നീതിബോധം തുടങ്ങിയവയാണ് മറ്റുള്ളവര്‍ക്ക് മുമ്പില്‍ നമ്മുടെ ശക്തിയും വലുപ്പവും ഇരട്ടിപ്പിക്കുന്നത്. സ്വന്തം ആദര്‍ശമനുസരിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള പ്രതിരോധ മുറ മാത്രമായിരുന്നു ബദര്‍. ജീവിതം നല്ല നിലയില്‍ തുടരുന്നവരും അധര്‍മങ്ങളാല്‍ അത് നശിപ്പിക്കുന്നവരും അല്ലാഹു നല്‍കിയ തെളിവുകള്‍ കണ്ടുകൊണ്ടായിരിക്കണം തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത്(8:42) എന്നതും ബദ്‌റിലൂടെ മാത്രം ബാക്കി നില്‍ക്കുന്ന പാഠമാണ്. ചാവേര്‍ പടയോ അധിനിവേശമോ ആയിരുന്നില്ല അത്. വഴിവിട്ട ജിഹാദീ വീര്യ പോരാട്ടങ്ങള്‍ക്ക് അത് ഒരിക്കലും തെളിവാകുന്നുമില്ല.

Back to Top