സകാത്ത് വികസനോന്മുഖ സാമ്പത്തിക ശാസ്ത്രം
ശംസുദ്ദീന്‍ പാലക്കോട്
സമ്പത്ത് ഏറ്റവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അതിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് പലതരം കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരാണ് മനുഷ്യര്‍. പ്രധാനമായും മൂന്നു തരം സമീപനങ്ങളാണ് സമ്പത്തിനോട് നമ്മുടെ സമൂഹത്തിനുള്ളത്: എന്റെ സമ്പത്ത്, ഞാനുണ്ടാക്കിയത്, എനിക്ക് കിട്ടിയത്, എന്റെ സുഖജീവിതത്തിനു മാത്രം ഉപയോഗിക്കാനുള്ളത്, എനിക്ക് തോന്നിയപോലെ ഉപയോഗിക്കാനുള്ളത്- ഇതാണ് സാമ്പത്തികരംഗത്ത് നിലനില്‍ക്കുന്ന ഒരു സമീപനം. ഇതാണ് ഒറ്റ വാക്കില്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ എന്നറിയപ്പെടുന്നത്.
രണ്ടാമത്തെ വീക്ഷണത്തില്‍ സമ്പത്ത് സ്റ്റേറ്റിന്റേതാണ്. ജനങ്ങളും സ്റ്റേറ്റിന്റേതാണ്. ജനങ്ങള്‍ സ്റ്റേറ്റിനു വേണ്ടി പണിയെടുക്കുക. സമ്പാദ്യമെല്ലം സ്റ്റേറ്റിന്. ഓരോരുത്തര്‍ക്കും ആവശ്യമായ അപ്പത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനുമുള്ള വക സ്റ്റേറ്റ് തുല്യമായി വീതിച്ചുനല്‍കും. അങ്ങനെ ഉള്ളവനും ഇല്ലാത്തവനുമെന്ന അവസ്ഥ ഇല്ലാതാക്കി എല്ലാവരെയും ഒരുപോലെയാക്കുന്ന സ്ഥിതിസമത്വ സാമ്പത്തിക വീക്ഷണം! കമ്മ്യൂണിസ്റ്റ് ചിന്താധാരയുടെ പ്രത്യുല്‍പന്നമായാണ് ഈ സാമ്പത്തിക സമീപനം ചിലയിടങ്ങളില്‍ വികസിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷേ വമ്പന്‍ പരാജയമായിരുന്നു ഫലം.
മൂന്നാമത്തേത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയാണ്. നാലു നിബന്ധനകളോടെ വ്യക്തികള്‍ക്ക് എത്രയും സമ്പാദിക്കാം. ഒന്ന്, ചൂഷണരഹിതമായിരിക്കണം. രണ്ട്, സമ്പത്ത് ഒരു നിശ്ചിത അളവിലെത്തിയാല്‍ ഒരു നിശ്ചിത തോത് സകാത്തായി മാറ്റിവെക്കണം. മൂന്ന്, സകാത്ത് കൊടുത്ത് ശുദ്ധീകരിച്ച ധനമാണെങ്കിലും കുടുംബത്തിലെ പാവങ്ങള്‍, അനാഥര്‍ എന്നിവര്‍ക്ക് കഴിയാവുന്ന സാമ്പത്തിക സഹായം നല്‍കണം. നാല്, പരസ്പര വിശ്വാസത്തിന്റെയും എഴുതി രേഖപ്പെടുത്തിയ പ്രമാണത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തി വ്യക്തികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ കടം കൊടുത്ത് സഹായിക്കണം. തികച്ചും പലിശരഹിത കടമിടപാടാകണം എന്ന നിബന്ധനയും പാലിക്കണം.
ആരാണ് ധനികന്‍?
സാമ്പത്തിക മേഖലയില്‍ മറ്റൊരാളുടെ ഔദാര്യത്തിനും സഹായത്തിനും ആശ്രയിക്കാതെ സ്വയംപര്യാപ്തത നേടുകയോ സകാത്ത് കൊടുക്കാന്‍ മാത്രം സാമ്പത്തിക തോത് (നിസ്വാബ്) വളരുകയോ ചെയ്ത വ്യക്തിയെ സാമാന്യമായി നമുക്ക് ധനികന്‍ എന്നു വിലയിരുത്താം. സകാത്ത് നിര്‍ബന്ധമായിത്തുടങ്ങുന്ന തോതിലേക്ക് സമ്പത്ത് വളരുക എന്ന നിസ്വാബ് എത്തിയവരാണ് സകാത്ത് നല്‍കേണ്ടത്. പ്രവാചകന്റെ കാലത്തുള്ള ഏതാനും ധനസ്ഥിതിയെ വിശകലനം ചെയ്തുകൊണ്ട് പ്രവാചകന്‍ തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഈ നിലപാടിന് ആധാരം. അദ്ദേഹം പറഞ്ഞതിന്റെ ആശയം ഇപ്രകാരം:
ഒട്ടകത്തിന്റെ നിസ്വാബ്: 5 ഒട്ടകം
ആടിന്റെ നിസ്വാബ്: 40 ആട്
വെള്ളിയുടെ നിസ്വാബ്: 590 ഗ്രാം
ധാന്യത്തിന്റെ നിസ്വാബ്: 6 ക്വിന്റല്‍
മേല്‍പ്പറഞ്ഞ ഏതെങ്കിലുമൊന്ന് സ്വന്തം ഉടമസ്ഥതയിലുള്ളവര്‍ സകാത്ത് നല്‍കാന്‍ ബാധ്യതയുള്ള ധനസ്ഥിതി കൈവരിച്ചവരാണ്. സ്വര്‍ണത്തിന്റെ നിസ്വാബ് 84 ഗ്രാം എന്ന് സൂചിപ്പിക്കുന്ന നബിവചനങ്ങളുടെ സ്വീകാര്യതയില്‍ ചില പണ്ഡിതന്മാര്‍ സംശയം പ്രകടിപ്പിച്ചതിനാലും പ്രവാചകന്റെ കാലത്ത് സ്വര്‍ണത്തിനും വെള്ളിക്കും ഒരേ മൂല്യമായതിനാലും സ്വര്‍ണം ധനമായുള്ളവരും വെള്ളിയുടെ നിസ്വാബ് മാനദണ്ഡമാക്കിക്കൊണ്ട് സകാത്ത് നിര്‍വഹിക്കുന്നതാണ് സൂക്ഷ്മത എന്ന നിലപാടുള്ള പണ്ഡിതന്മാരുണ്ട്. എന്നാല്‍ സ്വര്‍ണത്തിന്റെ നിസ്വാബ് ഒന്നിലധികം രൂപത്തില്‍ ഹദീസുകളില്‍ വന്നതിനാല്‍ സ്വര്‍ണത്തിന് സ്വര്‍ണത്തിന്റെ നിസ്വാബ് തന്നെ (84 ഗ്രാം) പരിഗണിക്കാമെന്ന വീക്ഷണവും നിലവിലുണ്ട്.
സകാത്തിന്റെ അവകാശികള്‍
സകാത്തിന് എട്ട് അവകാശികളുണ്ട് എന്നല്ല വിശുദ്ധ ഖുര്‍ആന്റെ പ്രയോഗം. എട്ട് അവകാശികള്‍ മാത്രമേയുള്ളൂ എന്നാണ്. ”ദാനധര്‍മങ്ങള്‍ (നിര്‍ബന്ധ ദാനമായ സകാത്താണ് ഉദ്ദേശ്യം) ദരിദ്രര്‍ക്കും അഗതികള്‍ക്കും സകാത്തിന്റെ ജോലിക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ദൈവിക മതത്തിലേക്ക് മനസ്സ് ഇണക്കപ്പെട്ടവര്‍ക്കും അടിമമോചനത്തിനും കടം കൊണ്ട് വലഞ്ഞവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കനും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്നു നിശ്ചയിക്കപ്പെട്ടതത്രേ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു” (വി.ഖു 9:60).
എങ്ങനെ കൊടുക്കണം?
സാധാരണ ദാനധര്‍മം പോലെ വ്യക്തി വ്യക്തിക്ക് നേരിട്ട് കൊടുക്കുന്ന ധനസഹായമല്ല സകാത്ത്. അതിന്റെ സംഭരണവും വിതരണവും സംഘടിതമായാണ് നിര്‍വഹിക്കേണ്ടത്. സകാത്തിന് ഈ സാമൂഹിക പ്രതിബദ്ധതയും സംഘടിത സ്വഭാവവുമുള്ളതുകൊണ്ടാണ് സകാത്തിന്റെ എട്ട് അവകാശികളില്‍ മൂന്നാമത്തെ വിഭാഗമായി സകാത്തിന്റെ ജോലിക്കാര്‍ എന്ന വിഭാഗത്തെ എണ്ണിപ്പറഞ്ഞത്.
”അവരുടെ സമ്പത്തില്‍ നിന്ന് നീ സകാത്ത് ശേഖരിക്കുക, അത് മുഖേന അവര്‍ക്ക് വിശുദ്ധിയും വികാസവും കൈവരിക്കാനാകും” എന്ന് ഖുര്‍ആന്‍ 9:103-ല്‍ പറഞ്ഞതും, ”അവരിലെ ധനികരില്‍ നിന്ന് ശേഖരിച്ച് അവരില്‍ തന്നെയുള്ള ദരിദ്രരിലേക്ക് വിതരണം ചെയ്യപ്പെടേണ്ടതാണ് സകാത്ത്” എന്ന പ്രസിദ്ധമായ നബിവചനവും സകാത്ത് സംഭരണ-വിതരണത്തിലെ സംഘടിത സ്വഭാവത്തെ അടിവരയിടുന്നു.
വിശുദ്ധിയും വികാസവും
സകാത്ത് വ്യവസ്ഥാപിതമായി നിര്‍വഹിക്കപ്പെടുന്ന സമൂഹത്തില്‍ രണ്ടു ഗുണഫലങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ കാണാന്‍ കഴിയും. വ്യക്തിയുടെ സമ്പത്തും മാനസികാവസ്ഥയും ശുദ്ധീകരിക്കപ്പെടുന്നു എന്നതാണ് അതിലൊന്ന്. സകാത്ത് യഥാവിധി നിര്‍വഹിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക വികാസവും ഒരേസമയം നടക്കുന്നു എന്നതാണ് രണ്ടാമത്തെ ഗുണഫലം. സകാത്തിലൂടെ ഇസ്ലാം പ്രധാനമായും ലക്ഷ്യമിടുന്നത് ധനത്തിന്റെ വികേന്ദ്രീകരണമാണ്. സകാത്ത് എങ്ങനെയാണ് സാമ്പത്തിക വികേന്ദ്രീകരണവും സാമ്പത്തിക വികാസവും ദാരിദ്ര്യ നിര്‍മാര്‍ജനവും സാധ്യമാക്കുന്നത് എന്നത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം:
ഒരു പ്രദേശത്ത് 30 പവന്‍ വീതം സ്വര്‍ണാഭരണമുള്ള 30 സ്ത്രീകളുണ്ടെന്ന് കരുതുക. ഇവരെല്ലാം യഥാര്‍ഥ വിശ്വാസികളും പരലോക വിചാരണയെ ഭയപ്പെടുന്നവരുമാണ്. ഇവര്‍ വര്‍ഷാവര്‍ഷം രണ്ടര ശതമാനം സകാത്ത് നല്‍കുന്നവരാണ്. ഈ സംഖ്യ സകാത്തിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് വ്യവസ്ഥാപിതമായി വീതിച്ചുകൊടുത്താല്‍ ഒരു പരിധി വരെ ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക അഭിവൃദ്ധിയും സമൂഹത്തില്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തം. മാത്രമല്ല, സൂക്ഷിച്ചുവെച്ച സ്വര്‍ണത്തിന് വര്‍ഷാവര്‍ഷം രണ്ടര ശതമാനം വീതം സകാത്ത് കൊടുക്കണമെന്ന അവസ്ഥ വന്നാല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ സ്വര്‍ണാഭരണം അഭിവൃദ്ധിദായകമായ ഏതെങ്കിലും കാര്യത്തില്‍ മുതലിറക്കി പണത്തെ ജീവസ്സുറ്റതാക്കും. ഇത് സമൂഹത്തെ കൂടുതലായും വേഗത്തിലും സാമ്പത്തിക വികാസത്തിലേക്ക് നയിക്കും.
അനാഥര്‍ക്ക് അനന്തര സ്വത്തായി ലഭിച്ച സമ്പത്ത് നിസ്വാബ് തികഞ്ഞിട്ടുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യുന്ന രക്ഷിതാവ് ആ കുട്ടിയുടെ ധനം കൊണ്ട് കച്ചവടം തുടങ്ങി അതിനെ നിലനിര്‍ത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യണമെന്ന് നബി(സ) സൂചിപ്പിച്ച കാര്യവും ഇവിടെ ഓര്‍ക്കാം. കുട്ടിയുടെ സ്വത്ത് രക്ഷിതാവ് ഈ വിധം കൈകാര്യം ചെയ്തിട്ടില്ലെങ്കില്‍ അത് സകാത്ത് തിന്നുതീര്‍ക്കും എന്നാണ് നബി(സ) കാരണമായി പറഞ്ഞിട്ടുള്ളത്.
സകാത്ത് സെല്‍
പ്രവാചകചര്യയനുസരിച്ച് സംഘടിതമായാണ് സകാത്ത് സംഭരണവും വിതരണവും നിര്‍വഹിക്കേണ്ടത്. ഇതിനായി പ്രാദേശിക തലത്തില്‍ സകാത്ത് സെല്‍ സംവിധാനം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. സകാത്ത് സെല്ലിലേക്ക് കുറച്ചു പേര്‍ സകാത്ത് നല്‍കുന്നു. പ്രദേശത്തെ കുറച്ച് പേര്‍ക്ക് അതിന്റെ വിഹിതം കിട്ടുന്നു എന്ന അവസ്ഥയില്‍ നിന്ന് സകാത്ത് സംവിധാനത്തിന്റെ ശരിയായ ഉദ്ദേശ്യലക്ഷ്യത്തിലേക്ക് ഉയര്‍ന്ന് ഒരു പ്രദേശത്തിന്റെ സാമ്പത്തിക വികാസത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സഹായകമാവുന്ന വിധത്തില്‍ ഉയര്‍ന്നു ചിന്തിക്കാന്‍ ഇത്തരം സകാത്ത് സെല്‍ സംവിധാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. സകാത്ത് സെല്ലില്‍ നിന്ന് സ്ഥിരമായി ധനസഹായം സ്വീകരിക്കുന്നവര്‍ തങ്ങള്‍ സകാത്ത് കൊടുക്കാന്‍ അര്‍ഹരായിട്ടുണ്ടോ എന്ന ചിന്തയിലേക്കും ഉയരേണ്ടതുണ്ട്. കൊടുക്കുന്നവര്‍ എപ്പോഴും കൊടുക്കുന്നവര്‍, വാങ്ങുന്നവര്‍ എപ്പോഴും വാങ്ങുന്നവര്‍ എന്ന അവസ്ഥ ശരിയായ സകാത്ത് സംഭരണ-വിതരണ രീതിയല്ല.
കുടുംബക്കാര്‍
സകാത്തിന്റെ അവകാശികളില്‍ കുടുംബക്കാര്‍ എന്ന ഒരു വിഭാഗമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കുടുംബബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടത് ധനസ്ഥിതിയുള്ള ഓരോ വിശ്വാസിയുടെയും കടമയാണ് എന്ന് ഖുര്‍ആനില്‍ പലയിടത്തും സൂചനയുണ്ട്. അതു പക്ഷേ സകാത്തിന്റെ വിഹിതത്തില്‍ നിന്നല്ല. വസ്തുത ഇതായിരിക്കെ സകാത്ത് നല്‍കുന്നവരില്‍ ഒരു വിഭാഗം തങ്ങളുടെ സകാത്തിന്റെ വിഹിതം കുടുംബത്തിലും പരിചിതവൃത്തത്തിലുമുള്ളവര്‍ക്ക് ചെറിയ തുകയായി നല്‍കുന്നു. സ്വദഖയും സകാത്തും തമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കാത്തതുകൊണ്ടോ സകാത്തും സ്വദഖയും കൂട്ടിക്കലര്‍ത്തുന്നതുകൊണ്ടോ ആണ് ഇങ്ങനെ സംഭവിക്കുന്നത്.
സകാത്ത് ഫൗണ്ടേഷന്‍
സംഘടിത സകാത്ത് സംഭരണ-വിതരണരീതി കൂടുതല്‍ വ്യവസ്ഥാപിതമായും കാര്യക്ഷമമായും വിപുലമായും നിര്‍വഹിക്കുന്നതിന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാനതലത്തില്‍ ആരംഭിച്ച സംവിധാനമാണ് സകാത്ത് ഫൗണ്ടേഷന്‍. പ്രാദേശിക തലത്തില്‍ നടന്നുവരുന്ന സകാത്ത് സെല്‍ കാര്യക്ഷമമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, പ്രാദേശികതലത്തില്‍ സകാത്ത് നല്‍കുന്നവര്‍ അതിന്റെ ഒരു നിശ്ചിത വിഹിതവും സകാത്ത് സെല്‍ പ്രവര്‍ത്തിക്കാത്ത പ്രദേശങ്ങളിലെ സകാത്ത് ദാതാക്കള്‍ അവരുടെ സകാത്ത് വിഹിതവും സകാത്ത് ഫൗണ്ടേഷന്‍ വഴി നല്‍കി, കൂടുതല്‍ അര്‍ഹവും വിപുലവുമായ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് (സകാത്തിന്റെ യഥാര്‍ഥ അവകാശികള്‍ക്കായി) വിനിയോഗിക്കാന്‍ സകാത്ത് ഫൗണ്ടേഷന്‍ അവസരമൊരുക്കുന്നു.
പ്രാദേശിക തലത്തില്‍ സകാത്ത് സെല്ലുകളും സംസ്ഥാനതലത്തില്‍ സകാത്ത് ഫൗണ്ടേഷനും കാര്യക്ഷമമാക്കി സകാത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ വ്യവസ്ഥാപിതമായ ശ്രമങ്ങളുണ്ടാവണം. കാരണം സകാത്ത് സമുദായത്തിന്റെ സമഗ്രമായ വികസനത്തിന് സഹായകമാകേണ്ടതും സാമ്പത്തിക വിശുദ്ധിയുള്ള ജീവിതം നയിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നതുമായ മഹത്തായ ഒരാരാധനയാകുന്നു.