എം ടി അബ്ദുറഹ്മാന്‍ മൗലവി പണ്ഡിതന്മാരുടെ ഗുരുനാഥന്‍
ഹാറൂന്‍ കക്കാട്
ലാളിത്യത്തിന്റെ പര്യായമായി ജീവിച്ച എം ടി അബ്ദുറഹ്മാന്‍ മൗലവി ഒരു കാലഘട്ടത്തിന്റെ ഉത്തരമായിരുന്നു. ഒരു പ്രത്യേക ദശാസന്ധിയില്‍ മുസ്ലിം സമുദായം അനുഭവിച്ച ബൗദ്ധികവും സ്വത്വപരവുമായ പ്രശ്നങ്ങള്‍ക്ക് ലഭിച്ച ലളിതമായ ഉത്തരം. മതപണ്ഡിതന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിചക്ഷണന്‍, നവോത്ഥാന നായകന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ സ്വകീയ മുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതയാത്ര ത്യാഗനിര്‍ഭരവും മാതൃകാപരവുമായിരുന്നു.
മതവിജ്ഞാനീയങ്ങളില്‍ നേടിയ ആഴത്തിലുള്ള വ്യുല്‍പത്തി ഇസ്ലാമിനെ കാലിക ഭാഷയില്‍ കൃത്യമായി അവതരിപ്പിക്കാനുള്ള സിദ്ധി എം ടി അബ്ദുറഹ്മാന്‍ മൗലവിക്ക് നല്‍കി. സമകാലിക ലോകവുമായി സംവദിക്കാന്‍ കരുത്തുള്ള നിരവധി പണ്ഡിതന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം മഹത്തായ പങ്കുവഹിച്ചു. പി സെയ്ദ് മൗലവി, കെ പി മുഹമ്മദ് മൗലവി, കെ എന്‍ ഇബ്റാഹീം മൗലവി, എന്‍ കെ അഹ്മദ് മൗലവി, മുഹ്യിദ്ദീന്‍ ആലുവായ്, കെ മൊയ്തു മൗലവി തുടങ്ങിയവര്‍ എം ടിയുടെ ശിഷ്യരാണ്.
മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമത്തില്‍ 1919 ജൂലൈ ഒന്നിന് മുസ്ല്യാരകത്ത് തോട്ടത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെയും ആയിശയുടെയും മകനായാണ് എം ടി അബ്ദുറഹ്മാന്‍ മൗലവിയുടെ ജനനം. കുഞ്ഞഹമ്മദ് ഹാജി പൊന്നാനിയിലെ പ്രസിദ്ധമായ സൈനുദ്ദീന്‍ മഖ്ദൂം സന്താനപരമ്പരയില്‍പ്പെട്ട പണ്ഡിതനും വാഴക്കാട് ഖാദിയുമായിരുന്നു. കരുമക്കാട് മാപ്പിള എല്‍ പി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ എം ടി പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂം ദര്‍സില്‍ വിദ്യാര്‍ഥിയായി. പ്രസിദ്ധ പണ്ഡിതന്മാരായ ഖുത്ബി മുഹമ്മദ് മുസ്ല്യാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ല്യാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാര്‍. ദാറുല്‍ ഉലൂമിലെ പഠനത്തിനു ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. 1944-ല്‍ ഒന്നാം ക്ലാസോടെ എം എഫ് ബി ബിരുദം നേടി. ഇതോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയുടെ അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷയും പട്ടാമ്പി സംസ്‌കൃത പഠന കേന്ദ്രത്തില്‍നിന്ന് അഫ്ദലുല്‍ ഉലമ ഫൈനല്‍ പരീക്ഷയും ഒന്നാം ക്ലാസോടെ ജയിച്ചു. വെല്ലൂരില്‍ നിന്ന് തിരിച്ചെത്തിയ എം ടി അബ്ദുറഹ്മാന്‍ മൗലവി 25-ാം വയസ്സില്‍ വാഴക്കാട് ദാറുല്‍ഉലൂമില്‍ അധ്യാപകനായി. കോളജിന് മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിച്ചത് ഈ കാലത്താണ്. യൂനിവേഴ്‌സിറ്റി അംഗീകാരം ലഭിച്ച ആദ്യത്തെ അറബിക് കോളജാണ് വാഴക്കാട് ദാറുല്‍ ഉലൂം.
മികച്ച പ്രഭാഷകനായിരുന്നു എം ടി. അത്യാകര്‍ഷകവും യുക്തിഭദ്രവുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. ദാറുല്‍ ഉലൂം മാനേജറായിരുന്ന കൊയപ്പത്തൊടി മച്ചിങ്ങല്‍ മമ്മദ്കുട്ടി സാഹിബിന്റെ സഹായത്തോടെ ദാറുല്‍ ഉലൂമില്‍ എം ടി നടത്തിയ പ്രഭാഷണ പരമ്പര നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയമായ മുന്നേറ്റമായിരുന്നു. തുടര്‍ച്ചയായി 20 ദിവസം നീണ്ടുനിന്ന ഈ പ്രഭാഷണ പരമ്പര സാധാരണക്കാരിലേക്ക് ഇസ്ലാഹീ ആദര്‍ശം എത്തിക്കാന്‍ വലിയ തോതില്‍ അവസരമൊരുക്കി. പ്രദേശവാസികളില്‍ എം ടിയുടെ പ്രഭാഷണങ്ങള്‍ വിപ്ലവകരമായ ചലനങ്ങളുണ്ടാക്കി. വാഴക്കാട് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഭൂമികയായി മാറിയത് ഈ പ്രഭാഷണത്തോടു കൂടിയാണ്.
1958 കാലഘട്ടത്തില്‍ എം ടി വാഴക്കാട്ട് നടത്തിയ ഖണ്ഡനപ്രഭാഷണം പ്രസിദ്ധമാണ്. 22 ദിവസം ദീര്‍ഘിച്ച യാഥാസ്ഥിതികരുടെ പ്രഭാഷണ പരമ്പരയിലെ വാദഗതികളെ നാലു ദിവസത്തെ ഖണ്ഡന പ്രഭാഷണത്തിലൂടെയാണ് എം ടി തകര്‍ത്തു തരിപ്പണമാക്കിയത്. പിന്നീട് 1966 മെയ് 23-ന് എം ടി തുടങ്ങിയ ഖണ്ഡനപ്രസംഗം വാദപ്രതിവാദത്തിലാണ് അവസാനിച്ചത്. നിരവധി സത്യാന്വേഷികള്‍ക്ക് ഇസ്ലാഹി ആദര്‍ശത്തിലേക്ക് ഇത് വഴിതുറന്നു.
1966 ജൂണ്‍ 10-ന് മറ്റൊരു വാദപ്രതിവാദവും വാഴക്കാട്ട് നടന്നു. ഇ കെ ഹസന്‍ മുസ്ല്യാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ല്യാര്‍, ഇ കെ അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങി പല പ്രഗത്ഭ സുന്നി പണ്ഡിതന്മാര്‍ അണിനിരന്നെങ്കിലും എം ടി യുടെ കൂര്‍മബുദ്ധിക്കും യുക്തിവൈഭവത്തിനും ഖുര്‍ആന്‍, ഹദീസ്, മദ്ഹബ് കിതാബുകളിലുള്ള അഗാധ പാണ്ഡിത്യത്തിനും മുമ്പില്‍ യാഥാസ്ഥിതികര്‍ പരാജയപ്പെടുകയായിരുന്നു.
ദാറുല്‍ ഉലൂമിലെ നാലു വര്‍ഷത്തെ സേവനത്തിനു ശേഷം എം ടി പ്രവര്‍ത്തനകേന്ദ്രം തെക്കന്‍ കേരളത്തിലേക്ക് മാറ്റി. ചങ്ങനാശ്ശേരിയിലെ നൂറുല്‍ ഹുദ അറബിക് കോളജില്‍ പ്രിന്‍സിപ്പലായി അദ്ദേഹം നിയമിതനായി. മൂന്നര വര്‍ഷത്തോളം അവിടെ സേവനമനുഷ്ഠിച്ചു. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ മുസ്ലിം ഓര്‍ഫനേജ് സ്ഥാപിതമായത്. പിതാവ് കുഞ്ഞഹമ്മദ് ഹാജി മരണപ്പെട്ടതോടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. പിന്നീട് കോഴിക്കോട് ജെ ഡി ടി ഇസ്ലാം ഓര്‍ഫനേജ് സ്‌കൂളില്‍ റിലീജ്യസ് ഇന്‍സ്ട്രക്ടറായി ചുമതലയേറ്റു. ഇക്കാലത്ത് ജെ ഡി ടി യുടെ പരിഷ്‌കരണ സംരംഭങ്ങളില്‍ മതപരമായ നേതൃത്വം അദ്ദേഹം നല്‍കിയിരുന്നു. ഇതേ കാലയളവിലാണ് എം ടി യുടെ ആസൂത്രിതമായ നീക്കത്തിലൂടെ പാലത്ത് പ്രദേശത്ത് ഇസ്‌ലാഹി പ്രസ്ഥാനത്തിന് വിത്തു പാകിയത്.
അഞ്ചു വര്‍ഷത്തെ ജെ ഡി ടി യിലെ സേവനത്തിനു ശേഷം കൊച്ചിയിലെ എടവനക്കാട് ഇര്‍ശാദിയ്യ മദ്റസയില്‍ 10 വര്‍ഷത്തോളം പ്രധാനാധ്യാപകനായി സേവനം ചെയ്തു. ഇവിടെയും പരിസര പ്രദേശങ്ങളിലും ശക്തമായ നവോത്ഥാന ചലനങ്ങളുണ്ടാക്കാന്‍ എം ടിക്ക് സാധിച്ചു. കൊച്ചി, ആലുവ ഭാഗങ്ങളില്‍ നടന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ നിരവധി പേര്‍ ഇസ്ലാഹി ആദര്‍ശങ്ങളുടെ ശാദ്വലതീരത്തണഞ്ഞു. അക്കാലത്ത് ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെയും മറ്റും വേദികളില്‍ സ്ഥിരം പ്രഭാഷകനായിരുന്നു അദ്ദേഹം. ഒരിക്കല്‍ പ്രസിദ്ധമായ ആലുവാ മണപ്പുറത്ത് മൂന്നു ദിവസത്തെ പ്രഭാഷണ പരിപാടിക്ക് ക്ഷണിക്കപ്പെട്ട അദ്ദേഹത്തിന് ശ്രോതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ആഴ്ചകളോളം പ്രഭാഷണ പരിപാടി തുടരേണ്ടിവന്നു. ഒൗദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത് കുറഞ്ഞ കാലം കാസര്‍കോഡ് പെരവനടുക്ക അറബിക് കോളജില്‍ പ്രിന്‍സിപ്പലായി അദ്ദേഹം ജോലി ചെയ്തിരുന്നു.
വാഴക്കാട്ടെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ-സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും ലക്ഷ്യം വെച്ച് 1983-ല്‍ എം ടി യുടെ നേതൃത്വത്തില്‍ രൂപീകൃതമായ ദാറുസ്സലാം ഇസ്ലാമിക് എസ്റ്റാബ്ലിഷ്‌മെന്റ് ട്രസ്റ്റ് (ഡി ഐ ഇ ടി) കേരളത്തിലെ മുസ്ലിം നവോത്ഥാന മുന്നേറ്റത്തില്‍ ഇതിഹാസങ്ങള്‍ സൃഷ്ടിച്ച സംരംഭമാണ്. രണ്ടു പള്ളികള്‍, രണ്ടു മദ്‌റസകള്‍, കാരുണ്യ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, ബേസ് ഇംഗ്ലീഷ് സ്‌കൂള്‍, കാര്യണ്യ ഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അല്‍ഫിത്‌റ പ്രീസ്‌കൂള്‍, ദാറുല്‍ ഖുര്‍ആന്‍ തുടങ്ങിയവ ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു എം ടി. കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍ഫാറൂഖ്’ മാസികയില്‍ നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിരുന്നു. ‘സ്പുട്‌നിക് യുഗത്തിലും ബഹുഭാര്യാത്വമോ?’, ‘ഇജ്തിഹാദിന്റെ പ്രസക്തി’ തുടങ്ങിയ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ യുക്തിവാദികളുടെയും മതയാഥാസ്ഥിതികരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു. 1976-ല്‍ പ്രസിദ്ധീകരിച്ച ‘ജുമുഅഃ ഖുത്ബ മദ്ഹബുകളില്‍’ വളരെ പഠനാര്‍ഹമായ കൃതിയാണ്. ‘സ്ത്രീകളും ജമാഅത്ത് നമസ്‌കാരങ്ങളും’ എന്ന അപ്രകാശിത ഗ്രന്ഥവും മികച്ച രചനയാണ്.
കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചീഫ് അഡൈ്വസറായും ഫത്‌വാ ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിച്ച എം ടി ഇസ്ലാമിക ദര്‍ശനങ്ങളില്‍ ആഴത്തില്‍ അസ്തിവാരമിട്ട ഒരു പരിഷ്‌കര്‍ത്താവിന്റെ ഭാഗധേയം ഭംഗിയായി നിര്‍വഹിച്ചു ജീവിതം അര്‍ഥപൂര്‍ണമാക്കിയ കര്‍മയോഗിയാണ്. സമാധാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും ആള്‍രൂപമായിരുന്ന എം ടി അബ്ദുറഹ്മാന്‍ മൗലവി 2009 ഏപ്രില്‍ 25-ന് തൊണ്ണൂറാം വയസ്സില്‍ നിര്യാതനായി. എം ടി പടുത്തുയര്‍ത്തിയ ദാറുസ്സലാം സ്ഥാപനങ്ങളുടെ ഓരം ചേര്‍ന്ന് വാഴക്കാട് ഖബര്‍സ്ഥാനിലാണ് ഭൗതിക ശരീരം സംസ്‌കരിച്ചത്.