‘ഇവിടെ ഒന്നും ബാക്കിയില്ല’ റമദാനില്‍ ഭക്ഷ്യ ക്ഷാമം നേരിട്ട് തുനീഷ്യ

ആഴ്ചകളായി തുനീഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ എല്ലാം കാലിയാണ്. ധാന്യം, അരി, പഞ്ചസാര, കോഴിമുട്ട, റവ എന്നിവയൊന്നും കിട്ടാനേയില്ല. തുനീഷ്യന്‍ ഭക്ഷണത്തിലെ പ്രധാന ഇനമായ റൊട്ടി ഉണ്ടാക്കുന്ന മാവിനാണ് ഏറ്റവും വലിയ ക്ഷാമം. സ്‌റ്റോക്ക് എത്തുന്ന മാവ് ലഭിക്കണമെങ്കില്‍ നേരത്തെ പോയി ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. എല്ലാ ദിവസവും ബേക്കറികള്‍ക്ക് പുറത്ത് നീണ്ട ക്യൂ ആണുള്ളത്. അതേസമയം ബേക്കറികള്‍ക്ക് വില്‍ക്കാന്‍ ബ്രെഡ് ഇല്ല. യുക്രെയ്‌നിലെ യുദ്ധവും ഗോതമ്പിന്റെ വിലയിലെ കുതിച്ചുചാട്ടവുമാണ് ഭക്ഷ്യ പ്രതിസന്ധിയുടെ പ്രധാന കാരണം. ഇതിന്റെയെല്ലാം അനന്തരഫലമായി സബ്‌സിഡിയില്ലാത്ത ബേക്കറികളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ബ്രെഡിന്റെ വില 25 ശതമാനമാണ് ഉയര്‍ന്നത്.
ഇറക്കുമതിയിലും ചങ്ങാത്ത മുതലാളിത്തത്തിലും അധിഷ്ഠിതമായ തുനീഷ്യന്‍ ഭക്ഷണ സമ്പ്രദായത്തിന്റെ ഘടനാപരമായ അപകടങ്ങളെക്കുറിച്ച് സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ഈ മേഖലയിലുള്ളവര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ തന്നെയുള്ള തുനീഷ്യയുടെ സാമ്പത്തിക പ്രതിസന്ധിയും യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന്റെ സാമ്പത്തിക ആഘാതവും കൂടിച്ചേര്‍ന്നാല്‍ സ്ഥിതിഗതികള്‍ ‘സ്‌ഫോടനാത്മക’മാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രൂഡ് ഓയില്‍ ബാരലിന് വില ഉയര്‍ന്നതിനാല്‍ എണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. ഇതും നിത്യ ജീവിതത്തെ ബാധിച്ചു. കഴിഞ്ഞ ദിവസം ആഗതമായ റമദാനിനെ ഭക്ഷ്യ പ്രതിസന്ധികള്‍ക്കിടയിലാണ് തുനീഷ്യന്‍ ജനത എതിരേറ്റത്.
