പെണ്‍കുട്ടികളുടെ പഠനം മുടക്കരുത്; താലിബാനോട് ഖത്തര്‍

അഫ്ഗാനിസ്താനില്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കുള്ള പെണ്‍കുട്ടികളുടെ പ്രവേശനം തടസ്സപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഖത്തര്‍. സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന താലിബാന്റെ തീരുമാനം നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഖത്തര്‍ പ്രതികരിച്ചു. ‘വിദ്യാഭ്യാസമുള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുന്ന മുസ്‌ലിം രാജ്യമെന്ന നിലയില്‍ അഫ്ഗാനിസ്താന്റെ നിയുക്ത സര്‍ക്കാര്‍ ഇസ്‌ലാമിലെ സ്ത്രീകളുടെ അവകാശങ്ങള്‍ മനസ്സിലാക്കി തീരുമാനം പുനപരിശോധിക്കണം’ -ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അഫ്ഗാന്‍ വിഷയത്തില്‍ സ്വാധീന ശക്തിയുള്ള ഖത്തര്‍ നേരത്തെയും താലിബാന്റെ സ്ത്രീകള്‍ക്കെതിരായ നടപടികള്‍ പുനപരിശോധിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ജിസിസിയിലെ ആറ് അംഗരാജ്യങ്ങള്‍ സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്നത് സംബന്ധിച്ച് ദോഹയിലുള്ള താലിബാന്റെ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
