8 Friday
August 2025
2025 August 8
1447 Safar 13

ധ്രുവീകരണത്തിന് വളം നല്കുന്ന ഫേസ്ബുക്ക് അല്‍ഗരിതം

അബ്ദുല്‍ജബ്ബാര്‍

ണ്‍ലൈന്‍ വഴിയുള്ള ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ്. അതിനു സഹായകരമെന്നോണം ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളും സൗകര്യങ്ങള്‍ ഒരുക്കി നല്കുന്നു. റിലയന്‍സ് ഫണ്ട് ചെയ്യുന്ന കമ്പനികളും ഫേസ്ബുക്കും ബി ജെ പിയുടെ വര്‍ഗീയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ദി റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ് ഒരു അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി സൗകര്യങ്ങളാണ് ബി ജെ പിക്കു വേണ്ടി ഈ സംവിധാനങ്ങള്‍ നല്കിയത്. നിരക്ക് കുറച്ചും വിസിബിലിറ്റി കൂട്ടിയുമെല്ലാം ഫേസ്ബുക്ക് അവരെ സഹായിച്ചിട്ടുണ്ട്.
2020 ഒക്ടോബറില്‍, ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, ഒരു രാഷ്ട്രീയക്കാരന്‍ കൊല്ലപ്പെടുന്നതിന് രാഷ്ട്രീയ ജനതാ ദളിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് കാരണക്കാരനായെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു പരസ്യം ബി ജെ പി ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു. പരസ്യത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: ആര്‍ ജെ ഡി പ്രവര്‍ത്തകനായ ശക്തി മാലിക്കിനെ തേജസ്വി യാദവ് ഭീഷണിപ്പെടുത്തി പറഞ്ഞു: ഞാന്‍ ലാലു പ്രസാദ് യാദവിന്റെ മകനും ഉപ മുഖ്യമന്ത്രിയുമാണ്. നിങ്ങള്‍ ശബ്ദമുയര്‍ത്തിയാല്‍ ഞാന്‍ നിങ്ങളെ കൊല്ലും. ആ ഭീഷണി ശരിയായിരുന്നു. ശക്തി മാലിക് കൊല്ലപ്പെട്ടു. മാലിക്കിനെ കൊലപ്പെടുത്തിയത് ബിസിനസ് എതിരാളികളായിരുന്നുവെന്ന് ബിഹാര്‍ പൊലീസ് പിന്നീട് കണ്ടെത്തി. എന്നാല്‍, ഒറ്റദിവസംകൊണ്ട് ഏതാണ്ട് 1,50,000 -1,75,000 തവണ ഫേസ്ബുക്ക് ആ പരസ്യം കാണിച്ചു, പ്രധാനമായും ബിഹാറിലെ പുരുഷ വോട്ടര്‍മാരെ. അതിനുവേണ്ടി ബിജെപി ഫേസ്ബുക്കിന് നല്‍കിയതാകട്ടെ വെറും 4250 രൂപ (56 ഡോളര്‍), അതായത് ഓരോ കാഴ്ചയ്ക്കും മൂന്ന് പൈസയേക്കാള്‍ താഴെ മാത്രം. ഇതെല്ലാം ആ വാര്‍ത്തയെ വൈറലാകാന്‍ സഹായിച്ചു.
ഫേസ്ബുക്ക് മാനേജ്മെന്റിനുള്ളിലെ ആളുകള്‍ ഇന്ത്യയിലെ ഭരണകക്ഷിയെ അനുകൂലിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ പരസ്യങ്ങള്‍ നല്‍കുമ്പോള്‍, ബി ജെ പിക്ക് പ്രത്യേക പരിഗണന കിട്ടിയിരുന്നത് കമ്പനിയിലെ ഏതെങ്കിലും വ്യക്തികളെ ആശ്രയിച്ചാകണമെന്നില്ല. ഉപയോക്താക്കളെ തങ്ങളുടെ ന്യൂസ് ഫീഡിലേക്ക് ആകര്‍ഷിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഫേസ്ബുക്കിന്റെ അല്‍ഗോരിതം മൂലമാകാം ബിജെപി പരസ്യങ്ങള്‍ക്ക് നേട്ടം ലഭിച്ചിരുന്നതെന്നാണ്, മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത തെളിവുകളില്‍നിന്ന് വ്യക്തമാകുന്നത്.
കമ്പനിയുടെ പ്രൈസിംഗ് അല്‍ഗോരിതം വലിയ തോതിലുള്ള ധ്രുവീകരണം അല്ലെങ്കില്‍ ഭിന്നിപ്പ് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അനുകൂലിക്കുന്നതാണെന്നാണ് ഫേസ്ബുക്കിന്റെ അഡ്വര്‍ടൈസിംഗ് നയങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസിലാക്കാനാകുന്നത്. ഫേസ്ബുക്കിന്റെ അഭിപ്രായത്തില്‍, രണ്ട് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഫേസ്ബുക്ക് അല്‍ഗോരിതം ഒരു പരസ്യത്തിന്റെ വില നിശ്ചയിക്കുന്നത്: 1. ടാര്‍ഗറ്റ് പ്രേക്ഷകരുടെ കാഴ്ചകള്‍ എത്രത്തോളം മൂല്യമുള്ളതാണ്, 2. ടാര്‍ഗറ്റ് പ്രേക്ഷകര്‍ക്ക് പരസ്യ ഉള്ളടക്കം എത്രത്തോളം പ്രധാനപ്പെട്ടതാണ്.
ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ആദ്യം എത്തിയവര്‍ ബിജെപി ആണ്. അതുകൊണ്ടുതന്നെ എതിര്‍കക്ഷികളേക്കാള്‍ കൂടുതല്‍ പണം അവര്‍ അതിലേക്കൊഴുക്കി. അനുഭാവികള്‍, അനുബന്ധ സംഘടനകള്‍ തുടങ്ങി പകരക്കാര്‍ വരെയുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്കിന്റെ ഉയര്‍ന്ന എക്സിക്യൂട്ടീവുകള്‍ ബിജെപിയുടെ 2014-ലെ ദേശീയ തെരഞ്ഞെടുപ്പ് കാമ്പയിനുമായി അടുത്ത് പ്രവര്‍ത്തിക്കുകയും, കാമ്പയിന്‍ വേഗത്തിലാക്കാന്‍ വേണ്ടി ഫേസ്ബുക്ക് ഉപയോഗിക്കുവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മ കാരണം, ഏറ്റവും കുറഞ്ഞ പണച്ചെലവില്‍ കൂടുതല്‍ ആളുകളെ പരസ്യങ്ങള്‍ കാണിക്കുവാനുള്ള സാധ്യത ഫേസ്ബുക്കിന്റെ പരസ്യ അല്‍ഗോരിതം തങ്ങള്‍ക്ക് ലഭ്യമാക്കുന്നു എന്നതാണ് കാവിപ്പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഇത് അവരെ പ്രചാരണ രംഗങ്ങളില്‍ വളരെ മുന്നിലെത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Back to Top