2 Wednesday
July 2025
2025 July 2
1447 Mouharrem 6

റമദാന്‍ നമുക്കുള്ളതാണ്‌

സഹല്‍ മുട്ടില്‍


അങ്ങാടിയിലെ ഒരു ഷോപ്പ് കുറേ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഒന്നറിഞ്ഞാല്‍ നമ്മള്‍ അവിടേക്ക് ഓടിയെത്തും. അവിടെയുള്ള ഓഫറുകള്‍ പരമാവധി ഉപയോഗപ്പെടുത്തും. ഓഫര്‍ സമയത്ത് ആളുകള്‍ ഷോപ്പിലേക്ക് വരുന്നത് ഉടമയ്ക്ക് സന്തോഷമാണ്. അവിടെ എത്തിയവര്‍ക്കും സംതൃപ്തിയായിരിക്കും. റമദാന്‍ ഓഫറുകളുടെ മാസമാണ്. ഓഫര്‍ നല്‍കിയിട്ടുള്ളത് അല്ലാഹുവാണ്. ഇത് ഉപയോഗപ്പെടുത്തേണ്ടവര്‍ നമ്മളാണ്. ഓഫറുകള്‍ നേടിയെടുക്കുവാന്‍ നാം ഒരുങ്ങിയിട്ടുണ്ടോ?
ശഅ്ബാനില്‍ റമദാനിനെ സ്വീകരിക്കാന്‍ നാം ഒരുങ്ങാറുണ്ട്. പള്ളിയുടെ പരിസരം വെടിപ്പാക്കും. വീടിന്റെ എല്ലാ മുക്കുമൂലകളും വൃത്തിയാക്കും. നനച്ചുകുളി എന്നൊരു പേരുമുണ്ട് അതിന്. ആലോചിച്ചുനോക്കൂ, എത്ര റമദാനുകള്‍ക്കാണ് നാം ഇതേ രൂപത്തില്‍ ഒരുങ്ങിയിട്ടുള്ളത്. ഏതെങ്കിലും ഒരു റമദാന്‍ നാം വൃത്തിയാക്കിവെച്ച നമ്മുടെ വീട്ടിലെ വല്ല വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടോ? നാം കഴുകി തുടച്ചുവൃത്തിയാക്കിയ വീട്ടിലെ കട്ടിലും മേശയും മറ്റുമെല്ലാം റമദാനാണോ ഉപയോഗിച്ചത്? അതോ നമ്മള്‍ തന്നെയാണോ? ഒരൊറ്റ വര്‍ഷവും റമദാന്‍ ഇവ ഉപയോഗിച്ചത് നമുക്ക് അറിയില്ല അല്ലേ. പിന്നെ എന്തിനാണ് നാമീ പണികള്‍ ചെയ്യുന്നത്. എന്തായിരിക്കും റമദാനിന് വേണ്ടി നാം വൃത്തിയാക്കിവെക്കേണ്ടത്. സംശയമില്ല; നമ്മുടെ മനസിനെയാണ്.
എന്നാല്‍ ഈ മനസിനെ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ വൃത്തിയാക്കി റമദാനിനെ സ്വീകരിക്കാനായി നാം തയ്യാറായിട്ടുണ്ടായിരുന്നോ? ഇല്ല എന്നായിരിക്കും മറുപടി. അപ്പോള്‍, നാം ഏറെ മഹത്വത്തോടുകൂടി ചെയ്തിരുന്ന നമ്മുടെ നനച്ച്കുളിയുടെ അവസ്ഥ എന്താ? നാം പലപ്പോഴും പാരായണം ചെയ്യാറുള്ള സൂറത്ത് കഹ്്ഫിലെ ആയത്തില്ലേ. ”കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായിത്തീരുന്നവരെ കുറിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ. ഐഹിക ജീവിതത്തിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പിഴച്ചുപോയവരാണവര്‍. അവര്‍ കരുതുന്നതാകട്ടെ, ഞങ്ങള്‍ നല്ല കര്‍മങ്ങളാണ് ചെയ്യുന്നത് എന്നാണ്.” (18:103,104) ഈ വചനങ്ങളില്‍ പറഞ്ഞ കൂട്ടത്തിലാണോ നമ്മളും നമ്മുടെ റമദാനിനെ സ്വീകരിക്കലും എല്ലാം പെടുക. നോക്കൂ, ഈ റമദാനിന് വേണ്ടിയും കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെതന്നെയാണോ നാം ഒരുങ്ങിയത്. എങ്കില്‍ നിര്‍ബന്ധമായും അതില്‍ ചില മാറ്റങ്ങള്‍ വരുത്തണം. കാരണം മാറ്റങ്ങള്‍ നമ്മള്‍ സ്വയം വരുത്താതെ അത് നടക്കില്ല. ”ഒരു വിഭാഗത്തെയും അല്ലാഹു മാറ്റുകയില്ല; അവര്‍ സ്വയം മാറിയിട്ടല്ലാതെ.” (13:11)
ഈ റമദാനിനെ സ്വീകരിക്കാന്‍ തയ്യാറാകുന്നതു മുതല്‍ ഈ റമദാന്‍ മുഴുവനും ഒരുപാട് മാറ്റങ്ങള്‍ക്കുള്ളതാകണം. പകലിലെ ഭക്ഷണം, വെള്ളം തുടങ്ങിയ ചില കാര്യങ്ങള്‍ മാറ്റിവെച്ച് നിലവിലെ ദിനചര്യകളില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ വരുത്തുക എന്നതല്ല ഈ മാറ്റങ്ങള്‍കൊണ്ട് ലക്ഷ്യമാക്കുന്നത്. മറിച്ച് നശ്വര- അനശ്വര ജീവിതങ്ങള്‍ വിജയത്തില്‍ കലാശിക്കാന്‍ സഹായകമാകുന്ന രൂപത്തില്‍ ജീവിതത്തില്‍ ആകമാനം മാറ്റങ്ങള്‍ വരുത്തുക എന്നതാണ്. ഈ മാറ്റങ്ങളെല്ലാം നന്മയില്‍ വിളഞ്ഞതാകണം. നന്മകളാകട്ടെ, അത് മനസിലാണ് മുളക്കേണ്ടത്.
നന്മകളുടെ വിത്തിടാന്‍ മനസിനെ ഉഴുതുമറിച്ച് പാകപ്പെടുത്തലാണ് യഥാര്‍ഥത്തില്‍ റമദാനിന്റെ ദൗത്യം. ഈ ദൗത്യനിര്‍വഹണത്തിന് നമ്മുടെ മനസിനെ നാം റമദാനിന് വിട്ടുകൊടുത്തിട്ടുണ്ടോ? ഇവിടെയാണ് മര്‍മം. കര്‍മങ്ങളുടെ ജയപരാജയവും ഇവിടെയാണ്. ”അവയുടെ മാംസമോ രക്തമോ അല്ലാഹുവില്‍ എത്തുന്നതല്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവനില്‍ എത്തുന്നത്” (22:37). ഒരുപാട് ഭൗതിക വസ്തുക്കളുടെ സാന്നിധ്യമുള്ള ബലിയില്‍ പോലും ഇങ്ങനെയാണ് എങ്കില്‍ നോമ്പില്‍ മനസിന്റെ പ്രാധാന്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
റമദാനിന് മനസ്സാണ് വേണ്ടതെങ്കില്‍ റമദാന്‍ എത്തുന്നതിന് മുമ്പുതന്നെ അതിനെ തയ്യാറാക്കി നിര്‍ത്തണം. റമദാന്‍ തുടങ്ങിയിട്ട് ആവാം എന്നാണ് നാം കരുതുന്നതെങ്കില്‍ അത് കഴിഞ്ഞ റമദാനുകള്‍ പോലെ ഇതിനെയും നിഷ്ഫലമാക്കും. പലപ്പോഴും നന്മകളില്‍ നമ്മള്‍ അങ്ങനെയാണ്. പിന്നെയാവാം എന്ന് കരുതി ഓരോന്നും അടുത്ത സമയത്തേക്ക് മാറ്റിവെക്കും. അവസാനം, സമയവും സന്ദര്‍ഭവും നഷ്ടപ്പെട്ട് നമ്മള്‍ ഖേദിക്കുകയും ചെയ്യും.
നമുക്കുണ്ടാവേണ്ട ചിന്ത ഈ റമദാന്‍ നമുക്കുള്ളതാണ് എന്നതാണ്. പരമാവധി മാറ്റങ്ങള്‍ക്കുള്ളത്. നമ്മള്‍ ഒരുറച്ച തീരുമാനമെടുക്കുക. ഈ റമദാന്‍ ഞാന്‍ എനിക്കുള്ളതാക്കി മാറ്റും. ഇനിയുള്ള കുറഞ്ഞ മണിക്കൂറുകള്‍ അതിന് വേണ്ടി ഞാന്‍ സജ്ജമാക്കും. ഈ റമദാനില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അല്ലാഹു ആയുസ് നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ പോലും അത് ഞാന്‍ എന്റേതാക്കും. ഈ വിഷയത്തില്‍ അല്‍പം സ്വാര്‍ഥത നമുക്ക് വേണം. അങ്ങനെ തയ്യാറായ ഒരു മനസുമായി റമദാനിനെ നാം സ്വീകരിച്ചാല്‍ അത് ചിലതിനെയെല്ലാം കരിയിച്ചുകളയും. ആ കരിയിച്ച് കളയല്‍ അവിടെ പകരമായി മുളപൊട്ടുന്ന നന്മകള്‍ക്ക് വളമാകും. അപ്പോള്‍ സ്വാഭാവികമായും നമ്മുടെ ഖുര്‍ആന്‍ പാരായണവും പഠനങ്ങളും സല്‍കര്‍മ്മങ്ങളും ഈ നന്മ മനസിന് വെള്ളവും പോഷണങ്ങളുമായി തീരും.
റമദാന്‍ ഒന്നു മുതല്‍ മാറ്റങ്ങള്‍ തുടരണമെങ്കില്‍ നിലവിലെ നമ്മുടെ അവസ്ഥയെന്ത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ നമുക്കുണ്ടാവണം. എങ്കില്‍ മാത്രമേ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാം ചെയ്യണമെന്നും പ്ലാന്‍ തയ്യാറാക്കാന്‍ കഴിയൂ. നാം ആലോചിക്കുക, ഇപ്പോള്‍ വിശ്വാസവും ഭക്തിയും ജീവിതത്തില്‍ നിലനിര്‍ത്തുന്നതില്‍ ഞാന്‍ എവിടെ നില്‍ക്കുന്നു? അത് പൂര്‍ണമാണോ? അപാകതകള്‍ ഉണ്ടോ? എങ്കില്‍ അത് എങ്ങനെ പരിഹരിക്കും. അതിനായി ഈ റമദാനിനെ എങ്ങനെ ക്രമീകരിക്കും? തഖ്‌വ പുതുക്കാനും നിലനിര്‍ത്താനുമാണ് വിശ്വാസികള്‍ക്ക് ആരാധനകള്‍ നിശ്ചയിച്ചത്. ഇവ കൃത്യമായി നിര്‍വഹിക്കുന്നതില്‍ ഇപ്പോള്‍ എന്റെ അവസ്ഥ എന്ത്? വിശ്വാസം ദൃഢമാക്കുന്നതിന് നിശ്ചയിച്ച മറ്റൊരു മാര്‍ഗമാണല്ലോ പ്രാര്‍ഥനകള്‍. ഉറക്കില്‍ നിന്ന് ഉണരുന്നത് മുതല്‍ വീണ്ടും ഉറങ്ങാന്‍ കിടക്കുന്നത് വരെ ഒരുപാട് പ്രാര്‍ഥനകളുണ്ട്. ഇവ എനിക്ക് അറിയുമോ? ഇവയുടെ ആശയങ്ങള്‍ ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ? വെള്ളിയാഴ്ച ഇമാം മിമ്പറില്‍ കയറുന്നതിന് മുമ്പ് ഞാന്‍ പള്ളിയില്‍ എത്താറുണ്ടോ? ഇല്ലെങ്കില്‍ അതിന് തടസ്സമായിട്ടുള്ള കാരണങ്ങള്‍ അല്ലാഹു അംഗീകരിക്കുന്നതാണോ? ബാങ്ക് വിളിക്കുന്നതിന് മുമ്പ് ജുമുഅക്ക് പള്ളിയിലെത്തല്‍ എന്റെ ശീലമാക്കി മാറ്റണം. അതിന് റമദാനിനെ എങ്ങനെ ഉപയോഗപ്പെടുത്താം?
ഖുര്‍ആന്‍ പാരായണം ചെയ്യല്‍, ആശയം ഉള്‍ക്കൊള്ളല്‍, മനപ്പാഠമാക്കല്‍ ഇവയിലൊക്കെ എന്റെ നിലവിലെ അവസ്ഥയെന്ത്? നോമ്പ് ഒരു പരിചയാണ് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. വിചാരം, വാക്ക്, പ്രവൃത്തി എന്നിവയില്‍ എത്രകണ്ട് ഈ പരിച നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ട്. എന്റെ ആരോഗ്യം അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ്. രോഗ- ആരോഗ്യ അവസ്ഥകളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ എന്തെല്ലാമാണ്. എന്റെ ഭക്ഷണ ശീലങ്ങള്‍ എങ്ങനെയാണ്. ഭൂമിയില്‍ നിലനില്‍പ്പിന്റെ അടിസ്ഥാനമായി നിശ്ചയിക്കപ്പെട്ട സമ്പത്തില്‍ എന്റെ അവസ്ഥ എന്താണ്. അത് പൂര്‍ണമായും ഹറാം മുക്തമാണോ? എന്റെ സമ്പാദ്യത്തെ കുറിച്ച് എനിക്കും കുടുംബത്തിനും വല്ല ധാരണയുമുണ്ടോ? ഖുര്‍ആനിലെ ഏറ്റവും വലിയ ആയത്ത് അല്ലാഹു നിശ്ചയിച്ചത് ഇടപാടുകളിലെ മര്യാദകള്‍ പഠിപ്പിക്കാനാണ്. എന്റെ സാമ്പത്തിക ഇടപാടുകള്‍ ഞാന്‍ എഴുതിവെക്കാറുണ്ടോ? ഞാന്‍ എപ്പോള്‍ മരിച്ചാലും എന്റെ ബാധ്യതകളെ കുറിച്ച് എന്റെ കുടുംബത്തിന് അറിയുമോ? സകാത്ത് ഞാന്‍ ശീലമാക്കിയിട്ടുണ്ടോ? എന്റെ വ്യക്തിത്വവും വ്യക്തിബന്ധങ്ങളും പരലോക വിജയത്തിന് സഹായകമാകുന്നതാണോ? ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ എന്റെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ എന്റെ അവസ്ഥ എന്താണ്?
ഇങ്ങനെ ഞാന്‍/ എന്റേത് എന്ന് പറഞ്ഞ് ചില ചോദ്യങ്ങളും ചിന്തകളും റമദാനിന് മുമ്പുള്ള ഈ സന്ദര്‍ഭത്തില്‍ നാം നടത്തുകയാണെങ്കില്‍ അത് റമദാനിനെ സ്വീകരിക്കാനുള്ള വലിയ തയ്യാറെടുപ്പുകളാകും. റമദാന്‍ നമ്മോട് ആവശ്യപ്പെടുന്ന, താമസിക്കാന്‍ റമദാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നമ്മുടെ മനസ്സിനെ റമദാനിന് വിട്ടുകൊടുക്കാന്‍ കഴിയും. വീടും പരിസരവും വെടിപ്പാക്കുന്നതിനേക്കാള്‍ മനസ്സിനെ വൃത്തിയുള്ളതാക്കാന്‍ കഴിയും. നമ്മോടുള്ള ചില ചോദ്യങ്ങളിലൂടെ നാം നേടിയെടുത്ത നന്മകള്‍ തുടര്‍ ജീവിതത്തില്‍ ശീലങ്ങളാക്കി വളര്‍ത്താന്‍ നമുക്ക് കഴിയണം. അങ്ങനെയാകുമ്പോള്‍ ഇരട്ടിയും എഴുന്നൂറ് ഇരട്ടിയുമായി അല്ലാഹു നല്‍കിയ ഓഫറുകള്‍ നമുക്ക് സ്വന്തമാക്കാം. അപ്പോള്‍ ഈ റമദാന്‍ നമുക്കുള്ളതാണ്. തീര്‍ച്ച.
(ഐ എസ് എം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Back to Top