കാന്‍സര്‍ വാര്‍ഡുകള്‍ നമ്മെ ഉണര്‍ത്തേണ്ടതുണ്ട്
കെ സി ഷമീം കുനിയില്‍
കാന്‍സര്‍ എന്ന വിപത്ത് സമൂഹത്തില്‍ വ്യാപിക്കുകയാണ്. വലുപ്പചെറുപ്പമില്ലാതെ ആരിലും എപ്പോഴും പ്രതീക്ഷിക്കാവുന്ന ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട് കാന്‍സര്‍. ആരോഗ്യരംഗം വളരെയേറെ പുരോഗതി കൈവരിച്ചിട്ടും ഇപ്പോഴും പലരും ചികിത്സയില്ലാതെ അതിന്റെ ദുരന്തഫലം അനുഭവിച്ച് കൊണ്ടിരിക്കുന്നു. വീട്ടില്‍ ഒരു കാന്‍സര്‍ രോഗി ഉണ്ടായാല്‍ ആ കുടുംബം അനുഭവിക്കുന്ന വേദനകളും കഷ്ടപ്പാടുകളും കുറച്ചൊന്നുമല്ല. പലയിടത്തും ചികിത്സ സൗജന്യമാണെങ്കിലും ഭക്ഷണം, റൂം, മരുന്ന് അങ്ങനെ നല്ലൊരു സംഖ്യ ആ വഴിക്ക് വേണം.
കാന്‍സറിന് മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമാണ് തിരുവനന്തപുരത്തെ ആര്‍ സി സി. പലര്‍ക്കും ആ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആധിയാണ്. എന്നാല്‍ മറ്റു ആശുപത്രികളെ അപേക്ഷിച്ച് ആശ്വാസകേന്ദ്രമാണിവിടം. സ്‌നേഹനിധികളും ക്ഷമാശീലരുമായ ഡോക്ടര്‍മാരുടെയും ആശ്വാസവാക്കുകള്‍ കൊണ്ട് സാന്ത്വനിപ്പിക്കുന്ന സിസ്റ്റര്‍മാരുടെയും സേവനം ഇവിടെ അനുഭവിക്കാം. മനസില്‍ വേദനയും ബേജാറുമായി എത്തുന്ന രോഗികള്‍ക്ക് ഇതിലപ്പുറം എന്താണ് വേണ്ടത്? കുറച്ചുകാലം മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഈയുള്ളവനും ആര്‍ സി സിയില്‍ ഉണ്ടായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി പേരുടെ പ്രയാസങ്ങള്‍ അനുഭവിച്ചറിഞ്ഞു. ഒരിക്കല്‍ ഡോക്ടറോട് ഞാന്‍ ചോദിച്ചു: പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഈ അസുഖം വരാന്‍ എന്താണ് കാരണം? ഭക്ഷണ രീതിയോ മറ്റെെന്തങ്കിലുമാണോ? ഡോക്ടമാര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്നവര്‍ തങ്ങള്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ ഒരിക്കലെങ്കിലും ഇത്തരം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന ദയനീയ കാഴ്ച അവിടെ കാണാം. നിരാലംബരായ രോഗികളുടെ കണ്ണീരും കരച്ചിലും സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാതെ നാം വെറും കാഴ്ചക്കാരായി മാറുന്നു. ഒട്ടുമിക്കവരുടെയും ദയനീയ മുഖം കണ്ട് നില്‍ക്കാന്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും സാധിക്കില്ല. അല്ലാഹു നമുക്കേകിയ അനുഗ്രഹത്തിന്റെ വ്യാപ്തി ഏറെയുണ്ട്. ഇത്തരം നിസ്സഹായ ജീവിതങ്ങളെ നേരിട്ടു കാണുമ്പോഴാണ് നമുക്കത് വ്യക്തമായി ബോധ്യമാവുക.