13 Monday
January 2025
2025 January 13
1446 Rajab 13

ബീജം ദാനം ചെയ്യാമോ?

മുഫീദ്‌


വന്ധ്യതാ നിവാരണ കേന്ദ്രങ്ങള്‍ക്ക് പ്രതിഫലേച്ഛയില്ലാതെ ബീജദാനം നടത്തുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്? വാടക ഗര്‍ഭധാരണം ഇസ്ലാം വിരോധിച്ചിട്ടുണ്ടോ?
മുഹമ്മദ് ബഷീര്‍ കണ്ണൂര്‍

മനുഷ്യ പ്രജനന പ്രക്രിയയിലെ മുഖ്യ ദൗത്യം നിര്‍വഹിക്കുന്ന രണ്ട് ഘടകങ്ങളാണ് ബീജവും അണ്ഡവും. ഇവക്ക് കേവലം ജൈവപരമായ ദൗത്യം മാത്രമല്ല മതം കാണുന്നത്. പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ അസ്തിത്വവും വ്യക്തിത്വവും ഇവയില്‍ അടങ്ങിട്ടുണ്ട്. ജൈവികതക്ക് അതീതമായ ധര്‍മാധിഷ്ഠിത വായനയാണ് ഇതില്‍ മതം ആവശ്യപ്പെടുന്നത്. ബീജം പിതൃത്വത്തിന്റെ ചിഹ്നവും തുടക്കവുമാണ്. അതിന്റെ വിവിധ പരിണാമ ഘട്ടങ്ങള്‍ക്ക് ശേഷം പിറക്കുന്ന കുഞ്ഞിന് ബീജ ദാതാവുമായി മുറിച്ചു മാറ്റാന്‍ പറ്റാത്ത ബന്ധമാണുള്ളത്. അണ്ഡ ബീജ സങ്കലനം നടക്കുന്ന സന്ദര്‍ഭത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്. ഭദ്രവും സൗകര്യപ്രദവുമായ സ്ഥാനത്താണ് (ഖറാറിന്‍ മക്കീന്‍) അല്ലാഹു അതിനെ സൂക്ഷിച്ചത്. മാതൃത്വവും പിതൃത്വവും സമ്മേളിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് ജനിതക എന്‍കോഡിംഗും നടക്കുന്നത്. ബീജത്തിന്റേയും അണ്ഡത്തിന്റേയും ഉടമകള്‍ മനുഷ്യന്റെ ജീവിതത്തില്‍ ബാപ്പയും ഉമ്മയുമായി നിലനില്‍ക്കേണ്ടവരാണ്. ജനനം, വിവാഹം, മരണം, അനന്തരാവകാശം തുടങ്ങിയവയെല്ലാം മാതൃ പിതൃ ബന്ധങ്ങള്‍ക്ക് വിധേയമായിട്ടാണ് മതം നിശ്ചയിച്ചിരിക്കുന്നത്. ബീജദാനം, വാടക ഗര്‍ഭധാരണം എന്നീ ആധുനിക പ്രജനന സങ്കല്‍പങ്ങള്‍ ഈ രംഗത്തുള്ള എല്ലാ നൈതികതയും തകര്‍ക്കുന്നു.
വാടക പ്രസവം നടത്തുന്ന സ്ത്രീക്ക് യഥാര്‍ഥ മാതൃത്വം ഇല്ല. കേവലം ഗര്‍ഭം ധരിക്കാനുള്ള ഉപകരണം മാത്രമാണവള്‍. ദാനമായി ലഭിക്കുന്ന ബീജത്തിനും ഈ സന്ദര്‍ഭത്തില്‍ അതിന്റെ ജൈവിക ധര്‍മം മാത്രമെയുളളു. മാതാ പിതാക്കളുടെ കാര്യത്തില്‍ നിഗൂഢതയും അനിശ്ചിതത്വവും മാത്രമാണ് ഇത്തരം സങ്കല്‍പങ്ങള്‍ ബാക്കി വെക്കുന്നത്. മക്കളില്ലാത്ത ദാമ്പത്യത്തെക്കാള്‍ ഗുരുതരമായ കുടുംബ സാമൂഹ്യ പ്രശ്‌നങ്ങളായിരിക്കും ഇതിന്റെ പരിണിത ഫലം. മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു നിശ്ചയിച്ച വിവാഹാധിഷ്ടിത ദാമ്പത്യവും ലൈംഗികതയും മാത്രമാണ് മനുഷ്യന്റെ വംശവര്‍ധനവിനും നിലനില്‍പിന്നും ആധാരമായിട്ടുള്ളത്.

മനുഷ്യര്‍ക്ക് അല്ലാഹുവിനെ കാണാന്‍ കഴിയുമോ?
ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ നേരില്‍ കാണാന്‍ പ്രവാചകന്മാര്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ക്ക് സാധ്യമാണോ? സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ വെച്ചു മാത്രമേ അല്ലാഹുവിനെ കാണാന്‍ കഴിയുകയുള്ളൂവെന്ന് ഒരു ഖുത്ബയില്‍ കേള്‍ക്കാനിടയായി. എന്നാല്‍, മിഅ്‌റാജ് നോമ്പിന്റെ മദ്ഹ് പ്രസംഗിച്ച ഒരു യാഥാസ്ഥിതിക പണ്ഡിതന്‍, മുഹമ്മദ് നബി മിഅ്‌റാജ് യാത്രയ്ക്കിടെ അല്ലാഹുവിനെ കണ്ടുവെന്ന് പറയുന്നത് കേട്ടു. ഇത് ശരിയാണോ? മൂസാ(അ) അല്ലാഹുവിന്റെ ശബ്ദം മാത്രമല്ലേ കേട്ടുള്ളൂ. അല്ലാഹുവിനെ കണ്ടിരുന്നോ?
സുലൈമാന്‍ വണ്ടൂര്‍

‘കണ്ണുകള്‍ക്ക് അവനെ കണ്ടെത്താന്‍ കഴിയില്ല, അവനാകട്ടെ കണ്ണുകളെ കാണുകയും ചെയ്യുന്നു.’ (6:103) ഈ ഖുര്‍ആന്‍ വചനം, പ്രവാചകന്‍മാര്‍ ഉള്‍പ്പെടെ ഒരു മനുഷ്യനും ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുത്തുന്നു. റബ്ബിനെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ച മൂസ നബി ക്കും സമാനമായ മറുപടിയാണ് ലഭിച്ചത്. (7:143) അല്ലാഹുവിന്റെ സാന്നിധ്യം ഉള്‍ക്കൊള്ളാന്‍ മനുഷ്യ പ്രകൃതത്തിന് കഴിയുകയില്ല എന്നാണ് അതിന് ശേഷം വിവരിക്കുന്നത്. പരലോകത്ത് വെച്ച് മാത്രമെ അവനെ നേരില്‍ കാണാന്‍ കഴിയുകയുള്ളു. (ഖിയാമ 23) മിഅറാജ് വേളയില്‍ മുഹമ്മദ് നബി അല്ലാഹുവിനെ കണ്ടുവെന്നു പറയുന്നത് ഭൗമേതര ലോകത്ത് നടന്ന മുഅജിസത്താണ്. അതിനെ സാമാന്യവല്‍ക്കരിക്കാന്‍ പാടില്ല.

പിതാവിന് മകളെ
ആലിംഗനം ചെയ്യാമോ?

പ്രായപൂര്‍ത്തിയായ മകളെ പിതാവിന് ആലിംഗനം ചെയ്യാനും ചുംബിക്കാനും അനുമതിയുണ്ടോ?
ഇര്‍ഷാദ് മാത്തോട്ടത്തില്‍

പിതാവിന്റെയും മകളുടേയും ഇടയിലുള്ള ബന്ധം സാധാരണ ഗതിയില്‍ സ്‌നേഹ വാല്‍സല്യത്തി ല്‍ അധിഷ്ഠിതമായിരിക്കും. അതിന്റെ പ്രകടനമായി മകളെ ആലിംഗനം ചെയ്യുന്നതും മുത്തം നല്‍കുന്നതും തെറ്റല്ല. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെങ്കില്‍ അതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് വേണ്ടത്. സംശയങ്ങള്‍ക്കിട നല്‍കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നകന്ന് നില്‍ക്കുകയെന്നത് നമ്മുടെ ജീവിത സംസ്‌കാരത്തിന്റെ ഭാഗമായിരിക്കണം. ഇനി മകള്‍ക്ക് നേരെ ദുരുദ്ദേശ സമീപനമാണ് പിതാവിന് ഉള്ളതെങ്കില്‍, ആലിംഗനം മാത്രമല്ല നോക്കുന്നത് പോലും ഗൗരവമേറിയ കുറ്റമാണ്.

Back to Top