ക്ലോസ്(ഡ്)
മുബാറക് മുഹമ്മദ്
എത്ര വിചിത്രമായിട്ടാണ്
ഉറക്കങ്ങള്‍ക്കിടയിലെ
സ്വപ്‌നങ്ങളില്‍
ജീവിതമെന്നു കരുതി
നിലത്തുറയ്ക്കാതെ
ഉലയുന്ന മന്തു കാലിനെ
ആയാസപ്പെട്ട്
വലിച്ച്
നിസ്സഹായമായി
കുതറിയോടാന്‍
വായുവില്‍
മല്ലു പിടിക്കാറുള്ളത്
എന്നിട്ടും
എത്ര സ്വാഭാവികമായാണ്
ഉണര്‍ച്ചകള്‍ക്കിടയിലെ
ബോധത്തിരകളില്‍
സ്വപ്‌നങ്ങളിലേക്ക്
ചവിട്ടിച്ചവിട്ടിയുറപ്പിച്ച്
ഉലയാതോടുന്ന
ജീവിതപ്പിടച്ചിലിനെ
‘അവരു’ടെ കരച്ചിലിലേക്ക്
വേലിയേറി
അടിച്ചു കയറ്റാറുള്ളത്
ഉറക്കത്തിലെ
നീയല്ലല്ലോ
ഉണര്‍ച്ചയിലെ
ഞാനെന്നറിഞ്ഞു
പോകുമെന്നതിനാല്‍
ഒരിക്കല്‍ പോലും
നേര്‍ക്കുനേര്‍
വരാതിരിക്കാനാവണം
ഇരുട്ടില്‍ മൗനത്തിന്റെ
നിറം കലര്‍ത്തിയത്
കണ്ണിന്റെ
വാതിലുകളെ
വെളിച്ചപ്പരലുകളിലേക്ക്
പടര്‍ന്നലിയാതിരിക്കാനാവണം
നോട്ടത്തീ കൊണ്ട്
നനവുകളെ
വറ്റിച്ചു കളഞ്ഞത്
തണുപ്പു കേറും
തുളകളെ
അടച്ചു
താഴിട്ടത്!