മുസ്‌ലിം വേഷത്തില്‍ അല്‍അഖ്‌സയിലേക്ക് ഒളിച്ചുകടന്ന് ഇസ്‌റാഈലി ജൂതര്‍

മസ്ജിദുല്‍ അഖ്‌സയിലേക്ക് ഫലസ്തീന്‍ മുസ്‌ലിംകളുടെ വേഷം ധരിച്ച് ഒളിച്ചുകടന്ന് ഇസ്‌റാഈലി ജൂതര്‍. അമുസ്‌ലിംകള്‍ മസ്ജിദുല്‍ അഖ്‌സ പരിസരത്ത് പ്രാര്‍ഥിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയുണ്ടാക്കിയ നിരോധനം മറികടക്കാനാണ് മുസ്‌ലിം വേഷത്തില്‍ ജൂതര്‍ അഖ്‌സയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്‌റാഈലി തീവ്ര ജൂത ആക്റ്റിവിസ്റ്റായ റാഫേല്‍ മോറിസ് ആണ് ഇത്തരത്തില്‍ ഒളിച്ചു കടന്നത്. ഇതിനായി പരമ്പരാഗതമായി ഫലസ്തീന്‍ മുസ്‌ലിം പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രധാരണ രീതിയാണ് അദ്ദേഹം ഉപയോഗിച്ചത്. തലയില്‍ വെളുത്ത നിറത്തിലുള്ള തൊപ്പിയും ധരിച്ചു. മുസ്‌ലിം വേഷം ധരിച്ച് മുസ്‌ലിം സമുദായ പ്രാര്‍ഥനയ്ക്കിടെ ആരാധകരുടെ നിരയില്‍ ചേരുകയാണ് ചെയ്യുന്നത്. തിരിച്ചറിയാതിരിക്കാനായി അറബിയില്‍ ഉച്ചരിക്കുകയും ചെയ്യുന്നു. അല്‍അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ അമുസ്‌ലിംകള്‍ നമസ്‌കരിക്കുന്നതിനുള്ള വിലക്ക് മറികടക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ ഇസ്‌റാഈല്‍ ജൂതന്മാരുടെ ചെറിയ ഗ്രൂപ്പില്‍ ഒരാളാണ് മോറിസ്.
