യമന്‍: സഹായ ഫണ്ടും ഭക്ഷണവുമില്ല, പ്രതിസന്ധി രൂക്ഷം

യുക്രൈനില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യമാണ് യമന്‍. രാജ്യത്തേക്ക് യു എന്‍ അടക്കമുള്ള സഹായസന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞതോടെ രാജ്യം കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്. സഹായ ഫണ്ടുകളെല്ലാം യുക്രൈനിലേക്ക് നീക്കിവെച്ചതാണ് പ്രതിസന്ധി രൂക്ഷമായതിന്റെ പ്രധാന കാരണം.
ഫെബ്രുവരിയിലെ റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആഗോള ഗോതമ്പിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരാന്‍ കാരണമായി, പണമില്ലാത്ത ഐക്യരാഷ്ട്ര ഏജന്‍സികള്‍ എട്ട് ദശലക്ഷം യമനികള്‍ക്കുള്ള ഭക്ഷ്യസഹായം വെട്ടിക്കുറച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം യമനികള്‍ക്ക് മാനുഷിക സഹായമായി അഭ്യര്‍ഥിച്ച 4.2 ബില്യണ്‍ ഡോളറില്‍ 1.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് ദാതാക്കളായ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍തന്നെ കൂടുതല്‍ വെട്ടിക്കുറവുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.2 ദശലക്ഷം കുട്ടികള്‍ ഈ വര്‍ഷം രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 2022-ല്‍ നാലില്‍ മൂന്ന് യമനികളും ഭക്ഷ്യസഹായം ആശ്രയിക്കേണ്ടിവരുമെന്നാണ് യു എന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. യുദ്ധ കെടുതിയനുഭവിക്കുന്ന രാജ്യത്തിന്റെ ധനസമാഹരണം ലക്ഷ്യംവെച്ച് ഉന്നതതല പ്രഖ്യാപന കോണ്‍ഫറന്‍സ് നടക്കുകയാണ്. ഈ വര്‍ഷം യമനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും 19 മില്യണ്‍ ആളുകളെ പട്ടിണിയില്‍ നിന്ന് തടയുന്നതിനും 4.3 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് യു എന്‍ വ്യക്തമാക്കി.
