വസ്ത്രത്തിന്റെ അളവ് കുറയുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അളവ് കൂടുമോ?
സഫൂറ നാസര്‍
വര്‍ത്തമാന വായനകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നിയോലിബറലിസം നാടൊട്ടാകെ നട്ട് പിടിപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് നവലിബറലിസ്സുകള്‍. ലിബറലിസം എന്നാല്‍ സ്വാതന്ത്ര്യമാണെന്നും പുരോഗതിയാണെന്നും വാചാലമാകുന്ന ഇക്കൂട്ടര്‍ സമൂഹത്തിലെ ചില ഒറ്റയായ വിഷയങ്ങളില്‍ തലയിട്ട് ജനശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ചു വരുന്നു. സ്ത്രീകളുടെ വസ്ത്രധാരണം, സാമൂഹിക ചുറ്റുപാടുകളില്‍ യഥേഷ്ടം ഇടപെടാനുള്ള അവകാശം, വിദ്യാഭ്യാസം മുതലായ രംഗങ്ങളില്‍ ഇസ്ലാം മതം മുസ്ലിം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നത് നവ ഉദാത്തവാദ ചിന്തകര്‍ മുന്നോട്ട് വെക്കുന്ന ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
എന്നാല്‍ ഈ വാദങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഇസ്ലാമിനെക്കുറിച്ച് പഠിച്ച ഒരാള്‍ക്ക് പറയാന്‍ സാധിക്കും. ഇസ്ലാമിക ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ സമൂഹത്തില്‍ ചരിത്രപരമായ ഒരുപാട് സംഭവങ്ങള്‍ക്ക് ഭാഗവാക്കായ സ്ത്രീ നാമങ്ങള്‍ കാണാം. വിദ്യാഭ്യാസ രംഗത്തേക്കൊന്ന് കണ്ണോടിച്ചാല്‍ ലോകത്തെ ആദ്യ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് ‘ഫാത്തിമ അല്‍ ഫിഹ്‌രി’ എന്ന ഒരു മുസ്ലിം വനിതയാണെന്ന് കാണാം. ഈ ആധുനികതയിലും ഒരുപാട് മുസ്ലിം സ്ത്രീ നാമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇങ്ങനെയൊക്കെയായിരിക്കെയും നവ ഉദാത്തവാദികള്‍ മുസ്ലിം സ്ത്രീകള്‍ സ്വതന്ത്രരല്ല എന്നലമുറയിടുകയാണ്.
ധാര്‍മികതയുടെ ചെറുതുരുത്തുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ നവയുഗം ഉദാരവാദത്തിന് വളര്‍ന്നു പന്തലിക്കാന്‍ പര്യാപ്തമായ പരിസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ധാര്‍മിക ചിന്തക്കും മതബോധത്തിനും മീതെ ആധിപത്യം സ്ഥാപിക്കാന്‍ നവ ലിബറലിസ്റ്റുകള്‍ വാരിവിതറുന്ന വിഷ മുള്ളുകള്‍ നശിപ്പിക്കണം എന്ന ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട് നാം.
ലിബറലിസത്തിന്റെയും, നിയോ ലിബറലിസത്തിന്റെയും രാഷ്ട്രീയ തലത്തിനപ്പുറം ഓരോ വ്യക്തിയുടെ താല്പര്യം, വ്യക്തിസ്വാതന്ത്ര്യം, മത -ധാര്‍മിക നിയന്ത്രണങ്ങളോടുള്ള കലാപം എന്നീ അടിസ്ഥാന സ്വഭാവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതായിട്ടാണ് ലിബറലിസത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യകുലം സഹസ്രാബ്ദങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയ കുടുബവും സംസ്‌കാരവുമെല്ലാം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിലയിലാണ് നാം ജീവിക്കുന്നത്.
വസ്ത്രത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ അളവ് കൂടുമെന്നും ഹിജാബും പര്‍ദയും ധരിക്കുമ്പോള്‍ മൂഢവിശ്വാസത്തിന്റെയും പരമ്പരാഗത പ്രസ്ഥാനത്തിന്റെയും പഴഞ്ചന്‍ പാലങ്ങള്‍ ആവുകയും ചെയ്യുമെന്നും പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? മനുഷ്യന്റെ വസ്ത്രം രൂപപ്പെട്ടു വന്നത് ചരിത്ര പരമായാണ്. അതിന് ധരിക്കുന്ന വിഭാഗത്തിന്റെ ശരീര ഘടന, സൗകര്യം, ലഭ്യത തുടങ്ങിയ അനേകം മാനങ്ങള്‍ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ശീലമാണ് സൗകര്യത്തെ നിര്‍ണയിക്കുന്നത്. കാലുറയും ഷര്‍ട്ടും എന്ന ഒരു വസ്ത്ര മാതൃക ലോകവ്യാപകമായുണ്ട്. നിശ്ചയമായും അതൊരു ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമല്ല, ആണ്‍ എന്ന ജെന്‍ഡര്‍ കയ്യാളി പോരുന്ന അധീശത്വം ആണിന് സൗകര്യപ്രദമായതിനെ പൊതുവാക്കാന്‍ കൂടി ശ്രമിച്ചിട്ടുണ്ട്.
പുരോഗമനത്തിന്റെ ഈ ഒരു ഘട്ടം കഴിയുമ്പോള്‍ സ്ത്രീ സമത്വക്കാര്‍ തന്നെ അപ്രസക്തമായേക്കുമെന്ന കൗതുകകരമായ സാധ്യതയും അവര്‍ക്കു തന്നെ ഇത്തരം മൂവ്‌മെന്റുകള്‍ പ്രത്യക്ഷത്തിലെങ്കിലും കണ്‍ഫ്യൂഷനായി കിടക്കുന്ന സാഹചര്യവുമാണ് കാണുന്നത്. സ്ത്രീ സുരക്ഷിതത്വത്തിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മതമാണ് ഇസ്ലാം. ഹിജാബും ശിരോവസ്ത്രവും ധരിക്കണമെന്നും വീടിന്റെ അകത്തളങ്ങളാണ് സംരക്ഷണമെന്നും ഇസ്‌ലാം കല്‍പിച്ചത് സ്ത്രീ അമൂല്യമായ നിധിയായത് കൊണ്ടാണ്. ആര്‍ക്കും കാമാതുരമായ നോട്ടങ്ങള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ കൊത്തിവലിക്കാനുള്ളതല്ലെന്ന വിവേകപരമായ നിലപാടിനെ അടിസ്ഥാനമാക്കിയാണത്.