30 Friday
January 2026
2026 January 30
1447 Chabân 11

ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിച്ച് യു എസ്


ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി യു എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തര്‍-യു എസ് ബന്ധത്തില്‍ പുരോഗതിയും ഗള്‍ഫ് രാഷ്ട്രത്തിന് പ്രത്യേക സാമ്പത്തികസൈനിക നേട്ടങ്ങളും കൊണ്ടുവരുന്നതാണ് പുതിയ നീക്കം. കഴിഞ്ഞ ജനുവരി അവസാനം വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചക്കിടെ ജോ ബൈഡന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് നല്‍കിയ വാഗ്ദാനത്തിന് ആഴ്ചകള്‍ക്ക് ശേഷമാണിത്. ”ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിക്കുന്നതിലൂടെ യു എസ് ലക്ഷ്യംവെക്കുന്നത് നമ്മുടെ ബന്ധത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കാനാണ്. ഇത് ഒരുപാട് വൈകിയതായി ഞാന്‍ കരുതുന്നു” എന്നാണ് ബൈഡന്‍ ആ സമയത്ത് വ്യക്തമാക്കിയത്. കുവൈത്തിനും ബഹ്‌റൈനിനും ശേഷം ഗള്‍ഫ് മേഖലയിലെ യു എസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. വര്‍ഷങ്ങളായി ഖത്തറും യു എസും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. കഴിഞ്ഞ ആഗസ്റ്റില്‍ അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അഫ്ഗാന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാഷ്ട്രങ്ങളും സഹകരിച്ചിട്ടുണ്ട്.

Back to Top