30 Monday
June 2025
2025 June 30
1447 Mouharrem 4

ഹിജാബും നിഖാബും എതിര്‍പ്പുകളും

പി കെ മൊയ്തീന്‍ സുല്ലമി


മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ചതാണ്. സിഖുകാര്‍ക്ക് താടിവെക്കാനും തലപ്പാവ് ധരിക്കാനും കന്യാസ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. അതുപോലെ ശിരോവസ്ത്രം ധരിക്കാനും മാറുമറക്കാനും ഭരണഘടന മുസ്‌ലിം സ്ത്രീകള്‍ക്കും അവകാശം നല്‍കിയിട്ടുണ്ട്. തലമറക്കലും മാറു മറക്കലും മുസ്‌ലിം സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ശിരോവസ്ത്രം മാറിടത്തിലേക്ക് അവര്‍ താഴ്ത്തിയിടട്ടെ. (നൂര്‍ 31).
സ്ത്രീകള്‍ തങ്ങളില്‍ നിന്ന് പ്രകടമായി കാണാവുന്ന തലയും മാറിടവും നിര്‍ബന്ധമായും മറക്കേണ്ടതാണ്. എന്നാല്‍ പ്രകടമായി കാണുന്ന രണ്ട് ഭാഗങ്ങള്‍ അന്യപുരുഷന്മാരില്‍ നിന്ന് അവര്‍ മറക്കല്‍ നിര്‍ബന്ധമില്ല. അത് മുഖവും മുന്‍കൈകളുമാണ്. അല്ലാഹു പറയുന്നു: അവരുടെ അഴകില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. (നൂര്‍ 31). അവര്‍ക്ക് അന്യപുരുഷന്മാരുടെ മുന്നില്‍ വെളിപ്പെടുത്താവുന്ന പ്രത്യക്ഷമായ അഴക് മുഖവും മുന്‍കൈകളുമാണെന്നാണ് പ്രാമാണികരായ മുഫസ്സിറുകളെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്.
ആഇശ, ഇബ്‌നു അബ്ബാസ്, ഇബ്‌നുജരീറുത്ത്വബ്‌രി, ഇബ്‌നുകസീര്‍, ഇമാം ഖുര്‍ത്വുബി, ഇമാം നസഫി, ഇമാം നവവി ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്, ഇമാം അഹ്മദ്, തിര്‍മിദി, ഇബ്‌നുഉമര്‍, ഇബ്‌നുഅബീഹാതിം, ഇബ്‌നുഹജറുല്‍ അസ്ഖലാനി, ഇബ്‌നുതൈമിയ, ജലാലുദ്ദീനുസ്സുയൂഥി(റ) തുടങ്ങിയ നിരവധി പണ്ഡിതന്മാരും സ്വഹാബികളും താബിഉകളും സ്ത്രീകളുടെ മുഖവും മുന്‍കൈകളും അന്യപുരുഷന്മാരെ സംബന്ധിച്ചേടത്തോളം ഔറത്തല്ലായെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സൂക്ഷ്മതയ്ക്കു വേണ്ടിയോ തന്നെ അറിഞ്ഞാല്‍ പിടിക്കപ്പെടുമെന്ന ഭീതി കാരണമോ ഒരു സ്ത്രീ ശരീരം മുഴുവന്‍ മൂടി യാത്ര ചെയ്യുന്ന പക്ഷം അത് അനുവദനീയമാണ്.
മുഖാവരണമാണ് നിഖാബ് കൊണ്ടുദ്ദേശിക്കുന്നത്. ഇങ്ങനെയൊരു തീവ്ര അനുഷ്ഠാനം മുസ്‌ലിം സ്ത്രീകള്‍ക്ക് നിര്‍ബന്ധമോ സുന്നത്താണെന്ന നിലയിലോ ഇസ്‌ലാമിലില്ല. ഇസ്‌ലാമില്‍ ഒരു വ്യക്തിയെ തിരിച്ചറിയല്‍ വളരെ നിര്‍ബന്ധമാണ്. ആണായാലും പെണ്ണായാലും സംശയമുക്തരായിരിക്കണം. ഒരു പുരുഷനോ സ്ത്രീയോ മുഖംമൂടിയുള്ള വസ്ത്രം ധരിക്കുന്ന പക്ഷം, ആ വ്യക്തിയെ പുരുഷനെന്നോ സ്ത്രീയെന്നോ തിരിച്ചറിയാന്‍ പോലും സാധ്യമല്ല. അത്തരം ഒരവസ്ഥയില്‍ ഒരു പുരുഷന് ഏത് സ്ത്രീയെയും കൂടെ കൊണ്ടുനടക്കാനും മറിച്ചും സാധിക്കുന്നതാണ്. അതൊക്കെ കുടുംബബന്ധങ്ങളെയും വൈവാഹിക ബന്ധങ്ങളെയും താറുമാറാക്കുന്നതുമാണ്.
ദുരുദ്ദേശപൂര്‍വം അന്യസ്ത്രീകളെ നോക്കുന്നതും സംസാരിക്കുന്നതുമാണ് മതം വിലക്കുന്നത്. ഒരു വ്യക്തിയെ തിരിച്ചറിയാന്‍ വേണ്ടി ഒരു നോട്ടം ആകാം. ഒരിക്കല്‍ നബി(സ)യും മരുമകന്‍ അലി(റ)യും നടന്നുകൊണ്ടിരിക്കെ ഒരു യുവതി അവര്‍ക്കഭിമുഖമായി വന്നു. അലി(റ) ആ സ്ത്രീയെ നല്ലവണ്ണം ഒന്ന് നോക്കി. നബി(സ) ഒന്നും പറഞ്ഞില്ല. പിന്നീട് അലി(റ) ഒന്ന് കൂടി തിരിഞ്ഞുനോക്കി. അപ്പോള്‍ നബി(സ) പറഞ്ഞു: താങ്കള്‍ക്ക് ആദ്യനോട്ടം അനുവദനീയമാണ്. രണ്ടാമത്തെ നോട്ടം അനുവദനീയമല്ല. (അഹ്മദ്, തിര്‍മിദി)
മുഖംമൂടി ധരിച്ച പെണ്ണിനെ ഏതെങ്കിലും ഒരു പുരുഷന്‍ നോക്കുമോ? അപ്പോള്‍, നോട്ടവും സംസാരവും വൈകാരികമായിക്കൂടായെന്നതാണ് ഇസ്‌ലാമിന്റെ വീക്ഷണം. അതുകൊണ്ടാണ് മനുഷ്യരോട് തഖ്‌വയുള്‍ക്കൊണ്ട് ജീവിക്കാന്‍ ഖുര്‍ആന്‍ ഇടക്കിടെ ആഹ്വാനം നല്‍കുന്നത്. മറ്റൊരു സംഭവം: നബി(സ)യുടെ അടുക്കല്‍ ഖശ്അമ് ഗോത്രക്കാരില്‍ പെട്ട ഒരു സ്ത്രീ വന്നു. അപ്പോള്‍ നബി(സ)യുടെ അരികെയുണ്ടായിരുന്ന ഫള്ല്‍ എന്ന യുവാവ് അവളെ നോക്കാന്‍ തുടങ്ങി. അവള്‍ അവനിലേക്കും നോക്കി. അപ്പോള്‍ നബി(സ) ഫള്‌ലിന്റെ തല മറുഭാഗത്തേക്ക് കൈകൊണ്ട് തിരിക്കുകയുണ്ടായി. (ബുഖാരി, മുസ്‌ലിം) എന്നാല്‍ സ്ത്രീ പുരുഷന്മാര്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നതില്‍ വിരോധമില്ല.
ഈ വിഷയത്തില്‍ നവയാഥാസ്ഥിതികര്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പലതും കുടുംബ കലഹം വരെ സൃഷ്ടിക്കുന്ന വിധമാണ്. ജ്യേഷ്ഠന് അനുജന്റെ ഭാര്യയുമായി സംസാരിക്കല്‍ ഹറാമാണ്, മറിച്ചും ഹറാമാണ്. അനുജന്‍ ജ്യേഷ്ഠന്റെ ഭാര്യയിലേക്ക് നോക്കലും സംസാരിക്കലും ഹറാമാണ്. അങ്ങനെ പോകുന്നു ഹറാം ഫത്‌വകള്‍. ഇസ്‌ലാമില്‍ പര്‍ദയുടെ വിധി ഏറ്റവുമധികം ബാധകമാകുന്നത് നബി(സ)യുടെ ഭാര്യമാര്‍ക്കാണ്. അവരോട് പോലും അന്യപുരുഷന്മാരെ നോക്കുന്നതോ അവരോട് സംസാരിക്കുന്നതോ ഇസ്‌ലാം വിലക്കിയിട്ടില്ല. അവരാരും തന്നെ അന്യപുരുഷന്മാരെ ആവശ്യത്തിന് നോക്കാത്തവരോ സംസാരിക്കാത്തവരോ ആയിരുന്നില്ല.
ആഇശ(റ) പറയുന്നു: ഒരു വിഭാഗം ചെറുപ്പക്കാര്‍ വളരെ പതുക്കെ നടക്കുന്നതായി കണ്ടു. അവര്‍ തന്റെ ആളുകളോട് ചോദിച്ചു: ഇവര്‍ ആരാണ്? അവര്‍ പറഞ്ഞു. ഇവര്‍ ത്യാഗികളാണ്. അവര്‍ (ആഇശ) പറഞ്ഞു: ഉമര്‍(റ) നടക്കുമ്പോള്‍ വളരെ ധൃതിയില്‍ നടക്കുമായിരുന്നു. അദ്ദേഹം സംസാരിച്ചാല്‍ ആളുകള്‍ കേള്‍ക്കുംവിധം സംസാരിക്കുമായിരുന്നു. ശിക്ഷിക്കുമ്പോള്‍ വേദനിപ്പിക്കുമായിരുന്നു. ഭക്ഷണം കൊടുക്കുന്ന പക്ഷം വിശപ്പ് മാറുന്ന രീതിയില്‍ കൊടുക്കുമായിരുന്നു. അദ്ദേഹമായിരുന്നു യഥാര്‍ഥ ത്യാഗി. (ത്വബഖാത്തു ഇബ്‌നുസഅദ് 3:29)
ആഇശ(റ) യുവാക്കളെ കാണുമ്പോള്‍ കണ്ണുംപൂട്ടി അകത്തേക്ക് വലിയുകയല്ല ചെയ്തിരുന്നത്. നാട്ടിലെ സ്ഥിതിയും അവസ്ഥയും ഒക്കെ മനസ്സിലാക്കല്‍ സത്യവിശ്വാസികളായ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ബാധ്യതയാണ്. നബി(സ)യുടെ മരണശേഷം സംശയങ്ങള്‍ തീര്‍ക്കാന്‍ സ്വഹാബത്ത് പ്രധാനമായും സമീപിച്ചിരുന്നത് പ്രവാചക പത്‌നി ആഇശ(റ)യെ ആയിരുന്നു. അതില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ശുറൈഹ്(റ) പറയുന്നു: ഞാന്‍ ഖുഫ്ഫമേല്‍ തടവുന്നതിനെ സംബന്ധിച്ച് ചോദിച്ചു പഠിക്കാന്‍ ആഇശ(റ)യുടെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു: താങ്കള്‍ അലി(റ)യുടെ അടുക്കല്‍ പോയി ചോദിക്കുക. അദ്ദേഹമായിരുന്നു നബി(സ)യോടൊപ്പം യാത്ര പോകാറുണ്ടായിരുന്നത്.(മുസ്‌ലിം 276)
സഅ്ദുബ്‌നു ഹിശാം(റ) നബി(സ)യുടെ വിത്ര്‍ നമസ്‌കാരത്തെ സംബന്ധിച്ച് പഠിക്കാന്‍ ഇബ്‌നു അബ്ബാസിന്റെ(റ) അടുക്കല്‍ ചെന്നു. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഭൂമിയില്‍ നബി(സ)യുടെ വിത്ര്‍ നമസ്‌കാരത്തെ സംബന്ധിച്ച് ഏറ്റവും അറിവുള്ള വ്യക്തിയെ ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ? അദ്ദേഹം ചോദിച്ചു: ആരാണത്? ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ആഇശ(റ)യാണത്. അവരോട് ചെന്ന് ചോദിക്കുക. (മുസ്‌ലിം 746)
സ്ത്രീകള്‍ നിര്‍ബന്ധമായും മറക്കേണ്ടത് തലയും മാറിടവുമാണ്. അത് വിശുദ്ധ ഖുര്‍ആനിന്റെ കല്‍പനയാണ്. മുഖം മറക്കണം എന്നു പറഞ്ഞ ഹദീസ് ദുര്‍ബലവും ശാദ്ദുമാണ്. ആഇശ(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം യാത്ര പോകുമ്പോള്‍ യാത്രാസംഘം കടന്നു വരുമ്പോള്‍ ഞങ്ങള്‍ മുഖത്തേക്ക് വസ്ത്രം തൂക്കിയിടുമായിരുന്നു; ഞങ്ങള്‍ ഇഹ്‌റാമിലായിരിക്കേ. (ഇബ്‌നുഅബീശൈബ). ഈ ഹദീസ് ഇബ്‌നു ഉമറില്‍ നിന്നാണ്. ഈ ഹദീസിനെക്കുറിച്ച് ഇബ്‌നുഹജര്‍(റ) പറയുന്നു: ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാകുന്നു. (ഫത്ഹുല്‍ ബാരി 5:50)
ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്തു കൊണ്ട് ഇബ്‌നുഉമര്‍(റ) വേറെ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ) പറയുന്നു: അദ്ദേഹം ഇഹ്‌റാമിന്റെ സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ മുഖംമൂടിയും കയ്യുറകളും ധരിക്കുന്നത് നബി(സ) വിരോധിക്കുന്നതായി കേട്ടു. (അഹ്മദ്, അബൂദാവൂദ്, ഹാകിം) ഈ ഹദീസ് താഴെ വരുന്ന ബുഖാരിയുടെ ഹദീസിനോട് യോജിച്ചു വരുന്നതുമാണ്. ‘ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീ മുഖം മറക്കാനോ കയ്യുറകള്‍ ധരിക്കാനോ പാടില്ല.’ (ബുഖാരി)
ഏറ്റവുമധികം അന്യപുരുഷന്മാര്‍ സമ്മേളിക്കുന്ന ഹജ്ജിലും ഉംറയിലും സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം തുറന്നിടണമെന്നാണ് അല്ലാഹുവിന്റെ കല്പന. അപ്പോള്‍ മുഖം ഔറത്തല്ല. ഒരുപാട് പണ്ഡിതന്മാര്‍ മുഖവും മുന്‍കൈകളും ഔറത്തല്ല എന്ന ഫത്‌വ നല്‍കിയത് ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ്. സ്ത്രീകള്‍ക്ക് അന്യപുരുഷന്മാരുടെ മുന്നില്‍ മുഖവും മുന്‍കൈകളും മാത്രമേ വെളിപ്പെടുത്താവൂ.
ആഇശ(റ) പറയുന്നു: അബൂബക്കറിന്റെ(റ) മകള്‍ അസ്മാഅ് ഒരു നേര്‍ത്ത വസ്ത്രം ധരിച്ചു കൊണ്ട് നബി(സ)യുടെ അടുക്കല്‍ പ്രവേശിക്കുകയുണ്ടായി. നബി(സ) അവളില്‍ നിന്ന് തിരിഞ്ഞു കളയുകയും ഇപ്രകാരം പറയുകയും ചെയ്തു. പെണ്ണിന് പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ മുഖത്തേക്കും മുന്‍കൈകളിലേക്കും ചൂണ്ടിക്കൊണ്ട് നബി(സ) പറഞ്ഞു: ഈ ഭാഗങ്ങളല്ലാതെ അവള്‍ വെളിപ്പെടുത്താന്‍ പാടില്ല (അബൂദാവൂദ്). ഈ ഹദീസ് അല്‍ബാനി(റ) സ്വഹീഹാക്കിയിട്ടുണ്ട്. (സ്വഹീഹ് അബീദാവൂദ് 2:460)
”സത്യവിശ്വാസികളായ സ്ത്രീകള്‍ അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതച്ചു കൊണ്ട് നബി(സ)യോടൊപ്പം സ്വുബ്ഹ് നമസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌കാരം കഴിഞ്ഞ് അവര്‍ വീടുകളിലേക്ക് മടങ്ങിപ്പോകും. ഇരുട്ട് കാരണത്താല്‍ അവരെ ആരും തിരിച്ചറിയുമായിരുന്നില്ല.” (ബുഖാരി 578). എന്നാല്‍ മുഖം മറക്കുന്ന പക്ഷം വെളിച്ചമുണ്ടെങ്കിലും അവരെ തിരിച്ചറിയാന്‍ സാധ്യമല്ലല്ലോ. ഇബ്‌നുഹജര്‍(റ) പറയുന്നു: അവര്‍ മുഖം മറച്ചിരുന്നുവെങ്കില്‍ വെളിച്ചമുണ്ടായാലും അവരെ തിരിച്ചറിയുമായിരുന്നില്ല.” (ഫത്ഹുല്‍ബാരി 2:478)
ചുരുക്കത്തില്‍ അവര്‍ മുഖംമൂടി ധരിച്ചിരുന്നില്ല എന്നാണ് ഇമാം ബുഖാരി വ്യക്തമാക്കുന്നത്. ഖുര്‍ആനില്‍ ഹിജാബിനെ സംബന്ധിച്ച് ഒന്നും ഇല്ല എന്ന കേരള ഗവര്‍ണറുടെ വാദംശരിയല്ല. സൂറത്ത് അഹ്‌സാബിലെ 53ാം വചനം നോക്കുക. അത് സംഘപരിവാരുകാരുടെ സ്ഥിരം നുണകളില്‍ പെട്ടതാണ്. ശിരോവസ്ത്രം മുസ്ലിം സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ്.

Back to Top