ബി പോക്കര്‍ സാഹിബ് സമുദായത്തിന്റെ വക്കീല്‍
ഹാറൂന്‍ കക്കാട്
സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധിയായി ആദ്യമായി ലോക്‌സഭയിലെത്തിയ ഇതിഹാസ പുരുഷനാണ് ബി പോക്കര്‍ സാഹിബ്. സ്വാതന്ത്ര്യസമര നായകന്‍, പ്രഗത്ഭ പാര്‍ലമെന്റേറിയന്‍, പ്രശസ്ത നിയമ പണ്ഡിതന്‍, ഉജ്വല പ്രഭാഷകന്‍, പ്രതിഭാശാലിയായ വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം. ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അതികായനായിരുന്ന അദ്ദേഹം മലബാറിലെ അഞ്ചാമത്തെ മുസ്ലിം ബിരുദധാരിയും രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു.
1890-ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ചാലക്കണ്ടി പീടികയില്‍ കുട്ട്യത്ത സാഹിബിന്റെയും ബഡേക്കണ്ടി മറിയുമ്മയുടെയും മകനായാണ് ബി പോക്കര്‍ സാഹിബിന്റെ ജനനം. സ്‌കൂളിലും പള്ളി ദര്‍സിലും വിദ്യാര്‍ഥിയായ അദ്ദേഹം പഠനത്തില്‍ സ്ഥിരോത്സാഹിയായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസം നേടണമെന്ന അടങ്ങാത്ത ആവേശത്തോടെ 1909ല്‍ പത്തൊമ്പതാം വയസ്സില്‍ അദ്ദേഹം മദിരാശിയിലെത്തി. ആദ്യം മദിരാശി ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയായി. 1915ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കി. 1917ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജോലിയില്‍ പ്രവേശിച്ചു. അതിവേഗം മദ്രാസ് ഹൈക്കോടതിയിലെ തിരക്കേറിയ കഴിവുറ്റ അഭിഭാഷകനായി അദ്ദേഹം മാറി.
അടിച്ചമര്‍ത്തപ്പെട്ടവരുടേയും പീഡിതരുടേയും വിഷയങ്ങളിലെല്ലാം വളരെ ഉത്സാഹത്തോടെ ഇടപെട്ടിരുന്ന അദ്ദേഹം മൗലാനാ ഷൗക്കത്ത് അലിയുടെ അധ്യക്ഷതയില്‍ മദിരാശിയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനത്തില്‍ മലബാറിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ആ സമ്മേളനത്തിന്റെ ഭാരവാഹി കൂടി ആയിരുന്ന അദ്ദേഹം സത്താര്‍ സേഠ് സാഹിബിന്റെ കൂടെ മദ്രാസ് സംസ്ഥാനമൊട്ടുക്കും ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കുന്നതില്‍ വ്യാപൃതനായി.
1921ലെ മലബാര്‍ സമരത്തെ തുടര്‍ന്ന് നിരാലംബരായിത്തീര്‍ന്ന മാപ്പിളമാരുടെ സംരക്ഷണത്തിനായി പോക്കര്‍ സാഹിബ് രംഗത്തുവന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മദിരാശിയില്‍ ‘മാപ്പിള അമിലിയറേഷന്‍ കമ്മിറ്റി’ രൂപീകരിച്ചു. ഗവണ്മെന്റിന്റെ വിലക്കുകളും ഭീഷണികളും അവഗണിച്ച് വടക്കേ ഇന്ത്യന്‍ പത്രങ്ങളില്‍ സഹായാഭ്യര്‍ഥനകള്‍ നടത്തി രണ്ടു ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തു. മലബാറിലെങ്ങും കാല്‍നടയായി സഞ്ചരിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1924ല്‍ മലബാറില്‍ പ്രളയദുരന്തം ഉണ്ടായപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
1930 മുതല്‍ 1936 വരെ മദ്രാസ് യുനൈറ്റഡ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ആയിരുന്ന പോക്കര്‍ സാഹിബ് 1930ലും 33ലും മലബാര്‍ മുസ്ലിം നിയോജക മണ്ഢലങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടു. മലബാര്‍ കലാപക്കുറ്റം ചുമത്തി അകാരണമായി തടവിലാക്കപ്പെട്ടിരുന്ന മാപ്പിളമാരുടെ മോചനത്തിനായി അദ്ദേഹം മുന്നിട്ടിറങ്ങി. പ്രഗത്ഭനായ അഭിഭാഷകനായിരുന്ന അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ വിജയം കണ്ടു. ബ്രിട്ടീഷ് കല്‍ത്തുറുങ്കുകളില്‍ ഒടുങ്ങിത്തീരുമായിരുന്ന ധാരാളം നിരപരാധികള്‍ അദ്ദേഹത്തിന്റെ പരിശ്രമത്താല്‍ ജയില്‍മോചിതരായി. 1946 ല്‍ ഇന്ത്യന്‍ ഭരണഘടനാ നിയമ നിര്‍മ്മാണ സഭയിലേക്ക് മദിരാശിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പോക്കര്‍ സാഹിബ് ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിലും സംരക്ഷിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
സര്‍വേന്ത്യാ മുസ്ലിം ലീഗില്‍ ചേര്‍ന്ന പോക്കര്‍ സാഹിബ് 1937ല്‍ കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ബന്ധുവായ ആറ്റക്കോയ തങ്ങളോട് പരാജയപ്പെട്ടു. 1952ല്‍ മലപ്പുറത്ത് നിന്നും 1957ല്‍ മഞ്ചേരിയില്‍ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി അദ്ദേഹം ലോക്‌സഭയില്‍ എത്തി. ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി വി ചാത്തുകുട്ടി നായരെയും രണ്ടാം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പാലാട്ട് കുഞ്ഞിക്കോയയെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
സഭയില്‍ അദ്ദേഹം നടത്തിയ ചില ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ‘നോ, ഐ ഡിസെഗ്രി’ എന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മുഖത്ത് നോക്കി അദ്ദേഹം പ്രഖ്യാപിച്ചത് 1953ല്‍ ലോകസഭയില്‍ അവതരിപ്പിച്ച ‘സ്‌പെഷ്യല്‍ മാര്യേജ് ആക്ടി’ലെ ശരീഅത്ത് വിരുദ്ധ നിര്‍ദേശങ്ങളോട് വിയോജിച്ചു കൊണ്ടായിരുന്നു. സഭയില്‍നിന്ന് പുറത്തിറങ്ങിയ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി അബുല്‍കലാം ആസാദ് വെള്ളത്തൊപ്പിയിട്ട മെലിഞ്ഞ ശരീരപ്രകൃതക്കാരനായ പോക്കര്‍ സാഹിബിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു: ‘മുസ്ലിം ശരീഅത്തിനെ ബാധിക്കുമായിരുന്ന ആ ബില്ലിനെ അനുകൂലിച്ച പാര്‍ട്ടിയിലെ ഹതഭാഗ്യനായ ഒരംഗമായ എനിക്ക് എതിര്‍ത്തു സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല, പോക്കര്‍ സാഹിബ് അങ്ങയിലൂടെ പ്രകടമായ എതിര്‍പ്പിന്റെ ഗൗരവം ഒരു സമുദായത്തിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ നീതിമാനായ പ്രധാനമന്ത്രി അത് പിന്‍വലിച്ചിരിക്കുന്നു. താങ്കളോടെന്നും ഇന്ത്യയിലെ മുസ്ലിം സമൂഹം കടപ്പെട്ടിരിക്കും’.
ഭരണഘടനാ അസംബ്ലിയില്‍ ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ ഭേദഗതിയെ പിന്താങ്ങിക്കൊണ്ട് 1948 നവംബര്‍ 28ന് പോക്കര്‍ സാഹിബ് നടത്തിയ പ്രഭാഷണവും ചരിത്രത്തില്‍ കനകശോഭയാര്‍ന്നതാണ്.
മുസ്ലിം സമുദായത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി വലിയ സേവനം ചെയ്ത വ്യക്തിയായിരുന്നു പോക്കര്‍ സാഹിബ്. തെന്നിന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കായി രൂപീകരിച്ച സൗത്ത് ഇന്ത്യ മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി , കേരള മുസ്ലിം എജുക്കേഷനല്‍ അസോസിയേഷന്‍ എന്നിവയുടെ ബുദ്ധികേന്ദ്രം അദ്ദേഹമായിരുന്നു. മുസ്ലിം ലീഗ് ദേശീയ നിര്‍വാഹകസമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ജീവിതം പൂര്‍ണമായും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച ധന്യമായ ജീവിതമായിരുന്നു പോക്കര്‍ സാഹിബിന്റേത്. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സ്ഥാപനമാണ് മലപ്പുറം ജില്ലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തിരൂരങ്ങാടി പി എസ് എം ഒ കോളേജ്.
അനുപമ വ്യക്തിത്വമായി രാഷ്ട്രീയ വൈജ്ഞാനിക നഭോമണ്ഡലത്തില്‍ ജ്വലിച്ചുനിന്ന ബി പോക്കര്‍ സാഹിബ് 1965 ജൂലൈ 29ന് എഴുപത്തിയഞ്ചാം വയസ്സില്‍ കോഴിക്കോട് ചേവായൂരിലെ വീട്ടില്‍ നിര്യാതനായി. ഭൗതികശരീരം തിക്കോടി അങ്ങാടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.