ഗവര്‍ണര്‍ മുഫ്തിയാണോ?
സുഫ്‌യാന്‍
മുസ്ലിം സ്ത്രീക്ക് ഹിജാബ് നിര്‍ബന്ധമാണെന്ന് ഖുര്‍ആനില്‍ പറയുന്നില്ലെന്നും അതിനാല്‍ ഹിജാബ് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണാ രീതിയാണെന്ന വാദം ശരിയല്ലെന്നും കേരള ഗവര്‍ണര്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ‘ഇസ്ലാമിക പണ്ഡിതനായ’ ഗവര്‍ണറുടെ മതാഭിപ്രായം എന്ന നിലയില്‍ ചില മാധ്യമങ്ങള്‍ ഇതിനെ ചര്‍ച്ചക്കെടുക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍, മതപരമായ വിഷയത്തില്‍ ഒരു തീര്‍പ്പ് പറയാനും ഫത്‌വ നല്‍കാനും സാധിക്കുന്ന ആളാണോ ഗവര്‍ണര്‍? മതവിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിതന്മാരാണ്. അങ്ങനെ വരുമ്പോള്‍ ഇസ്ലാമിലെ അതോറിറ്റി എന്ന ആശയത്തെ നാം മനസ്സിലാക്കേണ്ടതുണ്ട്.
അതോറിറ്റി
തത്വശാസ്ത്രപരമായി, അതോറിറ്റി അഥവാ അധികാരം എന്നത് വൈദഗ്ധ്യം, ഭരിക്കാനുള്ള അവകാശം എന്നീ രണ്ട് മേഖലകളുമായി ബന്ധപ്പെട്ടതാണ്. വിശ്വാസപരമായ കാര്യങ്ങളിലെ അധികാരം എന്ന് പറയുന്നത് സൈദ്ധാന്തികമായ അധികാരമാണ്. പ്രായോഗിക അധികാരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അധികാരം അഥവാ പൊളിറ്റിക്കല്‍ പവര്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്.
ഇസ്ലാമിക കാര്യങ്ങളില്‍ അതോറിറ്റിയുടെ ചര്‍ച്ച കേന്ദ്രീകരിക്കുന്നത് വൈദഗ്ധ്യം എന്ന മേഖലയിലാണ്. ഇസ്ലാമിക വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ക്കാണ് അതിനെക്കുറിച്ച് പറയാനുള്ള അധികാരമുള്ളത്. മതവിഷയങ്ങളില്‍ പണ്ഡിതന്മാരാണ് അഭിപ്രായം പറയേണ്ടത് എന്ന് നാം പറയുന്നതിന്റെ അടിസ്ഥാനം ഇതാണ്. അല്ലാഹു ഒരാള്‍ക്ക് നന്മ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് മതവിഷയങ്ങളില്‍ അവഗാഹം നല്‍കുമെന്ന് ഹദീസില്‍ പറയുന്നുണ്ട്. ഈ ഹദീസില്‍ ഉപയോഗിക്കുന്ന ഫിഖ്ഹ് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഇസ്ലാമിക ശരീഅത്തില്‍ ജ്ഞാനം നേടുക എന്നതാണ്. മതത്തിലെ ഫിഖ്ഹ് എന്നാല്‍ കല്‍പനകളും നിരോധനങ്ങളും മനസിലാക്കിയതിന് ശേഷം, ജനങ്ങള്‍ക്ക് മതത്തില്‍ ഉള്‍ക്കാഴ്ച നല്‍കുന്നതിനെയാണ് ഉദ്ദേശിക്കുന്നതെന്ന് ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ പറയുന്നു. അപ്പോള്‍, ഇസ്ലാമിക അതോറിറ്റി എന്നാല്‍ മതവിഷയങ്ങളില്‍ അവഗാഹം നേടിയവരാണ്.
ഇനി മതപണ്ഡിതനാണെന്ന് അവകാശപ്പെടുന്ന ഒരാള്‍ക്ക് തോന്നിയ പോലെ മതം വ്യാഖ്യാനിക്കാന്‍ സാധിക്കുമോ?. അവിടെയാണ് ഇസ്ലാമിന്റെ മൗലികമായ പ്രാമാണിക അധികാരം കടന്നു വരുന്നത്. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് പ്രധാനമായി ഇസ്ലാമിക ശരീഅത്തിന്റെ സ്രോതസ്സ്. ഇതില്‍ ഹദീസിന്റെ ആധികാരികത ഉറപ്പാക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഇസ്ലാമിക ലോകം സ്വീകരിച്ചിട്ടുണ്ട്. വിവിധ ഹദീസുകളുടെ അതോറിറ്റി ഉറപ്പാക്കുന്നതിനായാണ് ഇസ്‌നാദ് രീതിശാസ്ത്രം അവലംബിച്ചിട്ടുള്ളത്. ഒരു ഹദീസിന്റെ ആധികാരികത അനുസരിച്ച് അതിനെ ഗ്രേഡ് ചെയ്യുന്നതും സ്വീകാര്യയോഗ്യമാണോ എന്ന് വിധി പറയുന്നതും ഈ അതോറിറ്റിയുടെ ഭാഗമാണ്. മുസ്ലിം സമുദായത്തിലും അതിന് പുറത്തും ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ പ്രധാന ഉത്ഭവകേന്ദ്രം അതോറിറ്റി എന്ന ആശയത്തെക്കുറിച്ചുള്ള അജ്ഞതയാണ്.