9 Saturday
August 2025
2025 August 9
1447 Safar 14

ഉദ്യോഗസ്ഥര്‍ക്ക് വേറെ നിയമമോ?

ഹാസിബ് ആനങ്ങാടി

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാണ്. വാഹനം നിയന്ത്രണം വിടാനും അപകടത്തില്‍ പെടാനും ഡ്രൈവറുടെ ലഹരി ഉപയോഗം ഇടയാക്കും. എന്നാല്‍ മിക്കപ്പോഴും നിയമം സാധാരണക്കാര്‍ക്കു മാത്രം ബാധകവും ഉന്നത ശ്രേണിയിലുള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് പാലക്കാട് നടത്തിയ പരിശോധനയില്‍ 12 കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍മാരില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയുണ്ടായി. സാധാരണ ജനങ്ങളെല്ലാം വൈകുന്നേരങ്ങളിലാണ് മദ്യസേവ. എന്നാല്‍ ഇവര്‍ രാവിലെ തന്നെ മദ്യലഹരിയിലാണ്. ഈയടുത്ത് തൃശൂര്‍ നഗരത്തില്‍ ട്രാഫിക് പോലീസ് പരിശോധന നടത്തിയപ്പോള്‍ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവര്‍മാരെയും രണ്ട് കണ്ടക്ടര്‍മാരെയും പിടികൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നത് ധൈര്യം കിട്ടാനാണെന്നാണ് ഇവരുടെ വാദം. അമിതവേഗതയില്‍ ബസ് ഓടിക്കുന്നത് ലഹരിയുടെ ബലത്തിലാണ്. ലഹരി ഉപയോഗം ഉറക്കത്തെ അകറ്റുമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് ലഹരി ഉപയോഗിച്ചാല്‍ ഉറക്കം അധികമാവുമെന്നാണ്. സര്‍ക്കാരിന്റെ മിക്ക വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ഉണ്ടാകാറില്ലെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നതാണ്. മാസങ്ങള്‍ക്കു മുമ്പ് അനധികൃതമായി രൂപമാറ്റം വരുത്തിയ ഇ-ബുള്‍ജറ്റ് വാഹനം അധികൃതര്‍ പിടികൂടിയിരുന്നു. ഇതേ രീതിയിലുള്ള പരിശോധനയും അന്വേഷണവും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു നേരെയുണ്ടാവുന്നില്ല. മതിയായ സുരക്ഷയില്ലാത്ത വാഹനങ്ങള്‍ക്കു നേരെയും നിയമലംഘനം നടത്തുന്ന ജീവനക്കാര്‍ക്കു നേരെയും കര്‍ശനമായ പരിശോധന അനിവാര്യമാണ്.

Back to Top